ദിവ്യകാരുണ്യനാഥനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ടു ഈ പ്രാര്‍ത്ഥന ചൊല്ലി ദിവസം ആരംഭിക്കാം

ഒരു ദിവസം നന്നായി ആരംഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം പ്രാര്‍ത്ഥനയോടെ തുടങ്ങുക എന്നതാണ്. ദൈവത്തോട് നമ്മുടെ സ്‌നേഹം അറിയിക്കാനും അന്നേ ദിവസം ഏറ്റവും ഭംഗിയോടെയും ആത്മാര്‍ത്ഥതയോടെയും ദൈവേഷ്ട പ്രകാരം നിര്‍വഹിക്കുവാനും നമുക്കുളള വഴികൂടിയാണ് അത്. പ്രഭാത പ്രാര്‍ത്ഥന വിശുദ്ധ കുര്‍ബാനയിലുള്ള ഈശോയോടുള്ള സ്‌നേഹവും ബഹുമാനവും ആദരവും പ്രകടിപ്പിക്കാനുളളതായിരിക്കണമെന്നാണ് വിശുദ്ധരുടെ ഓര്‍മ്മപ്പെടുത്തല്‍. കാരണം ഓരോ ദിവസവും നമ്മുടെവരവ് കാത്തിരിക്കുന്നവനാണ് ദിവ്യകാരുണ്യഈശോ. ആ ഈശോയോട് നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിച്ചുകൊണ്ട് ഈ ദിവസവും ഇനിയുള്ള ദിവസങ്ങളും ആരംഭിക്കാം:

ഓ മാധുര്യവാനായ ഈശോയേ, രാത്രി മുഴുവന്‍ എനിക്ക് വേണ്ടി ക്ഷമയോടെ കാത്തിരുന്നവനേ, ഞാന്‍ വീണ്ടും അങ്ങേ സന്നിധിയിലെത്തുമെന്ന് കാത്തിരുന്നവനേ, ഓ എന്റെ പ്രിയപ്പെട്ട ഈശോയേ ഈ ലോകത്തില്‍ മറ്റാരെക്കാളും എന്നെ സ്‌നേഹിക്കുന്നവനേ നന്ദി നിറഞ്ഞതും സ്‌നേഹം നിറഞ്ഞതുമായ ഹൃദയത്തോടെ ഞാനിതാ നിന്റെ മുമ്പില്‍ വന്നിരിക്കുന്നു. എന്റെ കഴിഞ്ഞുപോയ ദിവസങ്ങളെയും ജീവിതത്തെയും അതിന്റെ എല്ലാ സുഖദു:ഖസമ്മിശ്രമായ അനുഭവങ്ങളെുയും പ്രതി ഞാനിതാ അങ്ങേയ്ക്ക് നന്ദിപറയുന്നു. കഴിഞ്ഞ രാത്രി മുഴുവന്‍ എനിക്കായി സംരക്ഷണം തീര്‍ത്തവനേ ഇതാ ഇന്ന് അങ്ങയെ മഹത്വപ്പെടുത്താനും ആദരിക്കാനുമായി പുതിയൊരു ദിനം കൂടി എനിക്ക് ലഭിച്ചിരിക്കുന്നു. അങ്ങേയ്ക്ക നന്ദി..

എന്റെ ആത്മാവിന്റെ രക്ഷ കരുതുന്നവനേ ഞാന്‍ എന്നെ പൂര്‍ണ്ണമായും അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എന്റെ ഹൃദയം അങ്ങേ ഹൃദയം പോലെയാക്കണമേ.. ശാന്തതയും വിനയവും നല്കണമേ. മറ്റുള്ളവരോട് കരുണ കാണിക്കാന്‍ എനിക്ക് ശക്തിന ല്കണമേ. നിന്റെ ഹിതം പോലെ എന്റെ ജീവിതത്തില്‍ എല്ലാം സംഭവിക്കട്ടെ, എന്റെ ജീവിതത്തിന്റെയും പ്രവൃത്തികളുടെയും അടിസ്ഥാനത്തില്‍ അങ്ങ് വാഗ്ദാനം ചെയ്തിരിക്കുന്ന പ്രതിഫലം സ്വീകരിക്കാന്‍ കഴിയത്തക്ക വിധത്തില്‍ അങ്ങയോടുളള സ്‌നേഹം കൊണ്ടും വിശ്വസ്തത കൊണ്ടും ഭൂമിയിലെ എന്റെ ജീവിതം അനുഗ്രഹപ്രദമാകട്ടെ. ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.