മന്ത്രവാദിയുടെ നിര്‍ദ്ദേശത്താല്‍ ദിവ്യകാരുണ്യം മോഷ്ടിച്ചുകൊണ്ടുപോയപ്പോള്‍ സംഭവിച്ചത്…

വര്‍ഷം 1247 പോര്‍ച്ചുഗല്‍.

പരസ്പരമുള്ള സ്‌നേഹത്താല്‍ ബന്ധിതരാകാതിരുന്ന ഒരു ഭാര്യയും ഭര്‍ത്താവും. ഭര്‍ത്താവിനെ എങ്ങനെയും നേരേവണ്ണം ആക്കാന്‍ ശ്രമിച്ച ഭാര്യ പ്രശ്‌നപരിഹാരത്തിനായി ഒരു മന്ത്രവാദിയെ സമീപിച്ചു. മന്ത്രവാദി ആവശ്യപ്പെട്ടത് കത്തോലിക്കാ ദേവാലയത്തില്‍ നിന്ന് കൂദാശ ചെയ്യപ്പെട്ട ദിവ്യകാരുണ്യം മോഷ്ടിച്ചുകൊണ്ടുവരാനായിരുന്നു.

അതിന്‍പ്രകാരം ആ സ്ത്രീ ദേവാലയത്തില്‍ നിന്ന് കൂദാശ ചെയ്യപ്പെട്ട ദിവ്യകാരുണ്യം മോഷ്ടിച്ചു ഒരു ലിനന്‍ തുണിയില്‍ പൊതിഞ്ഞ് വീട്ടിലേക്ക് ഓടിപ്പോയി.പക്ഷേ പോയവഴിക്ക് അവര്‍ക്ക് ഒരു കാര്യം മനസ്സിലായി. ദിവ്യകാരുണ്യത്തില്‍ നിന്ന് രക്തം ഒഴുകുന്നു. ഭയചകിതയായ ആ സ്ത്രീ വീട്ടിലെത്തി കിടപ്പുമുറിയിലെ അലമാരയില്‍ ആ ലിനന്‍ തുണി ഭദ്രമായി വച്ചു. ആ രാത്രി മുറിക്കുള്ളില്‍ അസാധാരണമായ പ്രകാശ രശ്മികള്‍ കണ്ടാണ് സ്ത്രീ ഞെട്ടിയുണര്‍ന്നത്. പ്രകാശ കിരണങ്ങള്‍ അലമാരയ്ക്കുള്ളില്‍ നിന്നാണ് പുറപ്പെടുന്നതെന്ന് അവര്‍ക്ക് മനസ്സിലായി.

ഒടുവില്‍ ഭര്‍ത്താവിനോട് എല്ലാ കാര്യങ്ങളും തുറന്നുപറയാന്‍ അവര്‍ നിര്‍ബന്ധിതയായി. അടുത്ത ദിവസം പ്രഭാതത്തില്‍ തന്നെ അവര്‍ ഇടവകവൈദികനോട് കാര്യം മുഴുവന്‍ തുറന്നുപറയുകയും ദിവ്യകാരുണ്യം തിരികെയേല്പിക്കുകയും ചെയ്തു. ഇന്നും പോര്‍ച്ചുഗലില്ലെ സാന്‍ടാറെമില്‍ ഈ ദിവ്യകാരുണ്യം സൂക്ഷിക്കപ്പെടുന്നു.കാനോനികമായ ഗവേഷണങ്ങള്‍ ഇതേക്കുറിച്ച് രണ്ടുതവണ നടക്കുകയും ചെയ്തു.

രണ്ടുപഠനങ്ങളും ആധികാരികമായിരുന്നു. ജീവനുള്ള ശരീരത്തില്‍ നിന്നെന്നതുപോലെ രക്തം കിനിഞ്ഞിറങ്ങുന്ന വിധത്തിലുള്ള അപ്പമാണ് അത് എന്ന് തെളിയിക്കപ്പെട്ടു.

ഈശോയുടെ ശരീരരക്തങ്ങളാണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കുവയ്ക്കപ്പെടുന്നതെന്ന വിശ്വാസം പ്രബലപ്പെടാന്‍ ഇത്തരത്തിലുള്ള അനേകം ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.