ക്ഷമിക്കാന്‍ കഴിയാറുണ്ടോ, ഈ ഭൂതോച്ചാടകന്‍ പറയുന്നത് കേള്‍ക്കൂ

ക്ഷമിക്കണമെന്ന് പറയാന്‍ എളുപ്പമാണ്, പക്ഷേ ക്ഷമിക്കാനാണ് ബുദ്ധിമുട്ട്. ജീവിതത്തില്‍ നാം പലപ്പോഴും ക്ഷമിക്കാന്‍ ക്ലേശം അനുഭവിച്ചവരാണ്. ഒരുപക്ഷേ ഏറ്റവും അടുത്തുനില്ക്കുന്നവരോടോ ഏറ്റവും അധികം സ്‌നേഹിച്ചവരോടോ ആയിരിക്കും ക്ഷമിക്കാന്‍ ഏറ്റവും അധികം ബുദ്ധിമുട്ട് നാം അനുഭവിക്കുന്നത്. ക്ഷമിക്കാന്‍ ദൈവകൃപ കൂടിയേ തീരു. സ്‌നേഹിക്കാനുള്ള കഴിവും ശക്തിയും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ക്ഷമിക്കാനുള്ള കഴിവും ശക്തിയും.

ഇക്കാര്യത്തില്‍ നാം മാനുഷികമായി ദുര്‍ബലരായിരിക്കും. എന്നാല്‍ സകലതിനെയും അതിശയിക്കുന്ന ദൈവകൃപ നമ്മില്‍ നിറഞ്ഞുകഴിയുമ്പോള്‍ നമുക്ക് ക്ഷമിക്കാന്‍ കഴിയും. ഇത്തരമൊരു ക്ഷമയുടെ അനുഭവത്തിലേക്ക് കടക്കാനായി ഭൂതോച്ചാടകനായ ഫാ. ജിം ബ്ലോന്റ് പറയുന്ന കാര്യങ്ങള്‍ ഇവയാണ്.

ക്ഷമിക്കും എന്ന് തീരുമാനമെടുക്കുക

വൈകാരികതയെയോ തോന്നലുകളെയോ ആശ്രയിച്ചായിരിക്കരുത് ക്ഷമിക്കേണ്ടത്. ക്ഷമിക്കുക എന്നത് ഒരു തീരുമാനമായിരിക്കണം. നമുക്ക് പലതോന്നലുകളുമുണ്ടാവാം. എന്നാല്‍ നമ്മുടെ തീരുമാനമാണ് ക്ഷമ നടപ്പിലാക്കുന്നത്. ക്ഷമിക്കാന്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ നാം ആ വ്യക്തിയുടെ പേര് പറഞ്ഞ് ഇങ്ങനെ പ്രാര്‍ത്ഥിക്കുക. ഞാന്‍ നിന്നോട് യേശുക്രിസ്തുവിന്റെ നാമത്തില്‍ ക്ഷമിക്കുന്നു. ഇപ്പോഴും എപ്പോഴും ക്ഷമിക്കുന്നു.

അനുഗ്രഹിച്ചുപ്രാര്‍ത്ഥിക്കുക

ക്ഷമിച്ചുകഴിഞ്ഞതിന് ശേഷം നാം അവരെ അനുഗ്രഹിക്കുക. ക്രൈസ്തവര്‍ ഒരിക്കലും മറ്റുള്ളവരെ ശപിക്കരുത്. ശാപം കൊടുത്താല്‍ നമുക്ക് ശാപം തിരികെ വരും. അനുഗ്രഹം കൊടുത്താല്‍ അനുഗ്രഹവും. അതുകൊണ്ട നാം ആരെയും ശപിക്കരുത്. ശാപവാക്കുകള്‍ക്ക് വലിയ ശക്തിയുണ്ട്. എന്ന കാര്യം മറക്കാതിരിക്കുക.

എപ്പോഴും നന്ദി പറയുക

എപ്പോഴും നന്ദി പറയുക അപമാനിക്കപ്പെട്ടതിനെയോര്‍ത്ത്, പരുഷമായ വാക്കുകള്‍കേള്‍ക്കേണ്ടിവന്നതിനെയോര്‍ത്ത്..ഇപ്രകാരം നന്ദി പറഞ്ഞുകഴിയുമ്പോള്‍ നാം എളിമ പഠിക്കും. എളിമയുണ്ടാകുമ്പോള്‍ നാം ക്ഷമിക്കാനും പഠിക്കും.

ദൈവത്തെ സ്തുതിക്കുക

ക്ഷമയുടെ നാലാമത്തെ പടി ദൈവത്തെ സ്തുതിക്കുക എന്നതാണ്. ദൈവമാണ് ഏറ്റവും വലിയ ഭിഷഗ്വരന്‍. അവിടുത്തേക്ക് നമ്മുടെ മുറിവുകള്‍ ഉണക്കാന്‍ കഴിയും. ആ ദൈവത്തെ സ്തുതിക്കുക. നമ്മുടെ പലതരത്തിലുള്ള മുറിവുകളെയും ദൈവം ഉണക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.