ഫ്രാൻസീസ്: ദ സെലബ്രിറ്റി സെയിന്റ്

പൊതുവായ നമ്മുടെ വേദികളിലും സംസാരത്തിലുമെല്ലാം ഇന്ന് അധികമായി ഉപയോഗിക്കുന്ന ഒരു പദമാണ് സെലബ്രിറ്റി എന്നത്. സെലബ്രിറ്റികൾ ഇല്ലാത്ത പൊതുവേദികൾ വളരെ മോശമായ കാര്യമായി മാറിയിട്ടുമുണ്ട്. അതിനാൽ എന്തിനും ഏതിനും ഇന്ന് സെലബ്രിറ്റികൾ വേണമെന്നത് ഒരു നിർബന്ധമായി തീർന്നിട്ടുണ്ട്.

ഉപയോഗിച്ച് ഉപയോഗിച്ച് സെലബ്രിറ്റി എന്ന ആംഗലേയപദം നമ്മുടെ മാതൃഭാഷയായ മലയാളത്തിലെ ഒരു പദംപോലെ തീർന്നിട്ടുമുണ്ട്. മലയാളികളായ നമ്മൾ അനേകം വ്യക്തികളെ സെലബ്രിറ്റികൾ എന്ന പേരിൽ വിശേഷിപ്പിക്കാറുണ്ട്. വിദേശത്തായാലും സ്വദേശത്തായാലും നമ്മുടെയൊക്കെ ആഘോഷങ്ങളിൽ ഏതെങ്കിലും ഒരു സെലബ്രിറ്റിയുടെ സാന്നിധ്യം വേണമെന്നത് നിർബന്ധമാണ്.

സെലബ്രിറ്റിയായ ഒരാൾ ഇല്ലെങ്കിൽ നമ്മുടെ ആഘോഷങ്ങളും ഒത്തുചേരലുകളും നിലവാരമില്ലാത്തവയായി കണക്കാക്കപ്പെടും.
ആരാണ് ശരിക്കും സെലബ്രിറ്റി എന്നതിന്, അറിയപ്പെടുന്ന വ്യക്തി, പ്രസിദ്ധനായ വ്യക്തി എന്നൊക്കെയാണ് ഈ ഇംഗ്ളീഷ് വാക്കിന് കൊടുത്തിരിക്കുന്ന അർത്ഥങ്ങൾ. എന്റെ മനസിൽ സെലബ്രിറ്റി എന്ന വാക്കിനും ആശയത്തിനും ഞാൻ കൊടുക്കുന്ന വ്യക്തത മറ്റൊരു രീതിയിലാണ്. പ്രസിദ്ധനായ, അറിയപ്പെടുന്ന എന്നീ വിശദീകരണങ്ങൾക്കപ്പുറമാണത്. ഇംഗ്ളീഷിൽ പറഞ്ഞാൽ “one who celebrates life” അതായത് ജീവിതം ശരിക്കും ആഘോഷിക്കുന്ന ആൾ എന്നർത്ഥം.

അസ്സീസിയിലെ ഫ്രാൻസീസിനെ ധ്യാനിക്കുമ്പൊഴെല്ലാം ഈ വിശുദ്ധൻ ശരിക്കും സെലബ്രിറ്റിയാണെന്നും ജീവിതം ആഘോഷിച്ചവനാണെന്നും ഉള്ള സത്യം കൂടൂതൽ മനസിലാകുകയാണ്. മത ജാതി വർഗ വർണ വ്യത്യാസങ്ങളിലാതെ ലോകം ചേർത്തുപിടിച്ചിട്ടുള്ള ഈ വിശുദ്ധനെ ദ സെലബ്രിറ്റി സെയിന്റ് എന്ന് വിശേഷിപ്പിക്കാൻ എനിക്ക് യാതൊരു മടിയുമില്ല. ഫ്രാൻസീസിലുള്ള ഏറ്റവും വലിയ പ്രത്യേകത അവൻ തന്റെ മാനസാന്തരത്തിന് ശേഷമുള്ള ജീവിതം ആഘോഷിക്കുന്നത് ക്രിസ്തുവിനോടൊപ്പമാണ്. അതാണ് അവനെ വ്യത്യസ്തനാക്കുന്നത്. അങ്ങനെ എവിടെയും എന്തിലും ക്രിസ്തുവിനെ തിരിച്ചറിഞ്ഞ് ജീവിതം ആഘോഷമാക്കിയ ഒരു കൊച്ചുമനുഷ്യൻ.

ആരാണിന്ന് ശരിയായ രീതിയിൽ ജീവിതം ആഘോഷിക്കുന്നത്? ഈ ചോദ്യം ഞാനുയർത്തുമ്പോൾത്തന്നെ മറുചോദ്യം ഞാൻ പ്രതീക്ഷിക്കുന്നുണ്ട്, ആരാണ് ഇന്ന് ജീവിതം ആഘോഷിക്കാത്തത് എന്ന്. എല്ലാവരും ജീവിതം ആഘോഷിക്കുന്നതിന്റെ വർണനകൾ പങ്കുവയ്ക്കുന്നത് അറിയുന്നുണ്ട്. എങ്കിലും അതൊന്നും യഥാർത്ഥത്തിൽ ആഘോഷമാണോ എന്നന്വേഷിച്ചാൽ ഉറപ്പില്ലാത്ത മറുപടികളാകും ലഭിക്കുക.

എന്റെ മുന്നിൽ എന്നും സെലബ്രിറ്റി എന്നതിനുള്ള വ്യക്തവും കൃത്യവുമായ ഉത്തരമാണ് അസ്സീസിയിലെ ഫ്രാൻസീസ്. ഫ്രാൻസീസ്കൻ എന്ന വിശേഷണം ജീവിതത്തോട് ചേർത്തുവച്ചിട്ടുള്ള ഞാനും എന്നേപ്പോലുള്ള അനേകരും ഫ്രാൻസീസിനെപ്പോലെ സെലബ്രിറ്റിയാകാനുള്ള ക്ഷണം കിട്ടിയവരാണ്. എന്നാൽ അവനെപ്പോലെ ക്രിസ്തുവിനെ കൂട്ടുപിടിച്ച് ഞാൻ ശരിക്കും ജീവിതം ആഘോഷിക്കുന്നുണ്ടോ അതോ മറ്റേതെങ്കിലും രീതിയിലാണോ ജീവിതം ആഘോഷിക്കുന്നത് എന്ന് ചോദിച്ചാൽ മൗനമാകാം പലപ്പോഴുമുള്ള ഉത്തരം.

ഏശയ്യാ പ്രവാചകന്റെ പുസ്തകം 53:2-4 വാക്യങ്ങളിൽ നാമിപ്രകാരം വായിക്കുന്നുണ്ട് “ശ്രദ്ധാർഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകർഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല. അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവൻ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവർ മുഖം തിരിച്ചുകളഞ്ഞു. അവൻ നിന്ദിക്കപ്പെട്ടു; നാം അവരെ ബഹുമാനിച്ചതുമില്ല.” ഇത് ഈശോയെക്കുറിച്ചുള്ള പ്രവചനമായിട്ടാണ് പൊതുവെ മനസിലാക്കുന്നത്.

എന്നാൽ ഈ വചനം ഫ്രാൻസീസിന്റെ ജീവിതവുമായി ഇഴചേർത്ത് വായിക്കുമ്പോൾ അവനിലും ഇത് സത്യമാണെന്ന് കാണാനാകും. ഒരു സെലബ്രിറ്റിക്ക് വേണ്ടത് എന്ന് നമ്മൾ പറയുന്നതൊന്നും ഇല്ലാത്തവനായിരുന്നവൻ. അപ്പോഴും ഫ്രാൻസീസ് ഈശോയെപ്പോലെ ജീവിതം ആഘോഷിച്ചു എന്നത് നല്ല കാര്യമാണ്.

കർത്താവിനൊപ്പം ജീവിതം ആഘോഷിക്കാൻ വേണ്ടത് ബാഹ്യസൗന്ദര്യമോ ആകർഷകമായ കാര്യങ്ങളോ പദവികളോ ഒന്നുമല്ല. പകരം ക്രിസ്തുവിനെ എവിടേയും തിരിച്ചറിയുക ഒപ്പം കൂട്ടാനാവുക അത്രയും മതി.
 തത്വശാസ്ത്ര പഠനം കഴിഞ്ഞുള്ള ഒരു വർഷം കേരളത്തിലങ്ങോളമിങ്ങോളം വിവിധങ്ങളായ കാര്യങ്ങളിൽ ഏർപ്പെട്ടും, പലതരത്തിലുള്ള ആളുകളോടും ഇടങ്ങളോടൊപ്പവും ചേർന്ന ഒരു ജീവിതമായിരുന്നു. അത്തരം നാളുകളിൽ സ്വന്തമാക്കിയത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത കുറേ നല്ല ബോധ്യങ്ങളായിരുന്നു. അവരിൽ നിന്നും ഞാൻ മനസിലാക്കിയ ഏറ്റവും നല്ല കാര്യം അവരിൽ കുറേയധികം ആളുകൾ ശരിക്കും അസ്സീസിയിലെ ഫ്രാൻസീസിനെപ്പോലെ കർത്താവിനെ നെഞ്ചോട് ചേർത്ത് ജീവിതം ആഘോഷിക്കുന്നവരായിരുന്നു എന്നതാണ്.

ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു മേഖലയിലുള്ള കഴിവിനേക്കാളും  പ്രാഗൽഭ്യത്തേക്കാളുമധികം ആളൊരു സെലബ്രിറ്റിയാണോ, പേരും പ്രശസ്തിയും ഉണ്ടോ എന്നൊക്കെയാണ് ഇന്ന് സമൂഹം അന്വേഷിക്കുന്നത്. അത്തരം ആളുകൾക്കാണ് ഇന്ന് മാർക്കറ്റുള്ളത് അതുപോലെ ഏതെങ്കിലും പദവികളിലുള്ളവർ അറിയപ്പെടുകയും, അത്തരത്തിലുള്ളവർ മാത്രം ആദരിക്കപ്പെടുകയും പൊതുഇടങ്ങളിൽ ക്ഷണിക്കപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടം കൂടിയാണിത്.

എന്നാൽ ഫ്രാൻസീസ് ഇത്തരം കാര്യങ്ങളിൽ തളയ്ക്കപ്പെടാതെ, തന്റെ സ്വത്വം നിലനിർത്തിയവനാണ്. അവൻ കർത്താവിനൊപ്പം ജീവിതം ആഘോഷിക്കാൻ തീരുമാനിച്ചത് സമൂഹത്തിൽ നിന്നും എന്തെങ്കിലും സ്ഥാനമോ പദവിയൊ ആഗ്രഹിച്ചായിരുന്നില്ല. എന്നിട്ടും ഇതാ അവനിന്ന് ഒരു വലിയ സെലബ്രിറ്റി സെയിന്റായി തീർന്നിരിക്കുന്നു ലോകം അവന്റെ ആശയങ്ങൾക്കൊപ്പം നിൽക്കാൻ ഇഷ്ടപ്പെടുന്നു.

ആത്മീയതയിൽ ഗൗരവമേറിയതും കാമ്പുള്ളതുമായ കാര്യങ്ങളിൽ നിന്നും അകന്ന് വെറും ഉപരിപ്ളവമായ കാര്യങ്ങളിൽ അഭിരമിക്കുവാൻ എല്ലാതലങ്ങളിലുമുള്ള വിശ്വാസികൾ ഇഷ്ടപ്പെടുമ്പോൾ, അതിൽനിന്നും അവരെ തിരികെ കൊണ്ടുവരാൻ ഉത്തരവാദിത്വപ്പെട്ടവർപോലും വെറും സെലബ്രിറ്റികളാകാൻ ശ്രമിക്കുന്നതും ജനത്തിന് വേണ്ടത് ഇതൊക്കെയാണ് എന്ന രീതിയിൽ പ്രവർത്തിക്കുന്നതും ഇന്നത്തെ രീതിയായിക്കഴിഞ്ഞിരിക്കുന്നു. അവിടെയാണ് ഫ്രാൻസീസ് എന്ന സെലബ്രിറ്റി സെയിന്റ് നമ്മെ വെല്ലുവിളിക്കുന്നത്.

ക്രിസ്തുവില്ലാത്തതും, അവനെ അകറ്റി നിറുത്തിയതുമായ ഇടങ്ങൾ പെരുകുമ്പോൾ, ആഘോഷങ്ങളെല്ലാം വെറും കാട്ടിക്കൂട്ടലുകളായി പരിണമിക്കും എന്ന ഓർമ്മപ്പെടുത്തൽ നടത്തുന്നതും.
വലിയ വലിയ കാര്യങ്ങൾ ചെയ്യുന്നവതും സെലബ്രിറ്റികളായവരേയുമാണ് ജനത്തിനിഷ്ടമെന്ന് പറഞ്ഞ്, അങ്ങനെയാകാനായി കഷ്ടപ്പെടുന്നവരെ നമ്മൾ കാണാറുണ്ട്.

ഇത്തരം മനുഷ്യരുടെ ജീവിതം മിക്കപ്പോഴും സന്തോഷമില്ലാത്തതും ഏറെ ആകുലത നിറഞ്ഞതുമായിരിക്കും. ഇങ്ങനെയുള്ള മനുഷ്യർ പെരുകുന്നിടത്ത് ഫ്രാൻസീസ് എന്ന യഥാർത്ഥ സെലബ്രിറ്റിയായ വിശുദ്ധൻ ചില ചോദ്യങ്ങളുമായി ഇന്നും നമ്മുടെയൊക്കെ ജീവിതപരിസരങ്ങളിൽ ആശയങ്ങളായും സാന്നിധ്യമായും കടന്നുവരുന്നു എന്നത് പ്രത്യാശ നൽകുന്ന കാര്യമാണ്.

ക്രിസ്തുവിനെ കൃത്യമായി അറിഞ്ഞ് അവനോട് ചേർന്ന് യഥാർത്ഥ സെലബ്രിറ്റി ആയിത്തീർന്ന ഫ്രാൻസീസിനെപ്പോലെ സെലബ്രിറ്റികളാകാൻ നല്ല തമ്പുരാനേ ഞങ്ങളെ സഹായിക്കണമേ.

പോൾ കൊട്ടാരം കപ്പൂച്ചിൻ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.