ദൈവം സ്‌നേഹമാണെങ്കില്‍ അവിടുന്ന് എന്തിന് സഹനങ്ങള്‍ അനുവദിക്കുന്നു?

ജീവിതത്തില്‍ പലവിധ സഹനങ്ങളും ദുരിതങ്ങളും കടന്നുവരുമ്പോള്‍ ഓരോരുത്തരുടെയും ഉള്ളിലുള്ള ചോദ്യമാണ് ഇത്. ദൈവം സ്‌നേഹമാണെങ്കില്‍ അവിടുന്ന് എന്തിന് സഹനം നല്കുന്നു? കോവിഡ് 19 ന്റെ സാഹചര്യത്തിലും പലരുടെയും ചോദ്യം ഇതുതന്നെയാണ്. ദൈവം ശക്തനാണെങ്കില്‍ ഈ വൈറസിനെ എന്തുകൊണ്ട് നിര്‍വീര്യമാക്കുന്നില്ല? ദുഷ്്ക്കരമായ ചോദ്യങ്ങളാണ് ഇവയെല്ലാം. ഇതിനുള്ള മറുപടി എല്ലാവരെയും ശാന്തരാക്കണം എന്നില്ല. എങ്കിലും ഒരു മറുപടി ഇതാണ്. അവിടുന്ന് സ്‌നേഹമില്ലാത്തവനായതുകൊണ്ടോ ശക്തിയില്ലാത്തവനായതുകൊണ്ടോ അല്ല നമുക്ക് ദുരിതങ്ങള്‍ സമ്മാനിക്കുന്നത്. അവിടുന്ന് നമ്മുടെ ഓരോ സഹനങ്ങളിലും നമ്മോടുകൂടെയുണ്ട്. നമ്മെ സൃഷ്ടിച്ച ദൈവത്തിന് അറിയാം നാം ആരാണെന്ന്. ദൈവം സഹനങ്ങള്‍ നല്കുന്നതിനെക്കുറിച്ച് വേവലാതിപെടുന്നവരോടായി ചിലകാര്യങ്ങള്‍പറയട്ടെ.

ദൈവം എല്ലാം മനസ്സിലാക്കുന്നു

ഈശോയ്ക്ക് നമ്മെ മനസ്സിലാവും. നാം കടന്നുപോകുന്ന സാഹചര്യങ്ങളും നമ്മുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ദുരിതങ്ങളും എല്ലാം. ഭൂമിയിലെ 33 വര്‍ഷത്തെ ജീവിതം കൊണ്ട് അവിടുന്ന് ഈ ലോകം വച്ചുനീട്ടുന്ന എല്ലാ ദുരിതങ്ങളെയും കൃത്യമായി മനസ്സിലാക്കിയിരുനനു. അതുകൊണ്ട് നാം ഇപ്പോള്‍ അനുഭവിക്കുന്ന ഏതുതരം ബുദ്ധിമുട്ടും ക്രിസ്തുവിന് നന്നായി മനസ്സിലാവും.

ദൈവം നമ്മെ കരുതുന്നു

പക്ഷികളെക്കാള്‍ വിലയുള്ളവരാണ് നമ്മള്‍. ലില്ലികളെ പരിപാലിക്കുന്ന ദൈവം നമ്മെയും പരിപാലിക്കാതിരിക്കുമോ? നമ്മുടെ ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കുന്നുണ്ടോ അവയെല്ലാം ദൈവം അറിഞ്ഞുതന്നെയാണ് സംഭവിക്കുന്നത്. തലമുടി നാരുപോലും എണ്ണപ്പെട്ടിരിക്കുകയും അതിലൊന്ന് പൊഴിഞ്ഞാല്‍ അറിയുകയും ചെയ്യുന്നവനാണ് നമ്മുടെ ദൈവം. അതുകൊണ്ട് ദൈവം ഇതൊന്നും കാണുന്നില്ലല്ലോ എന്ന് പരിഭവം അരുത്.

ദൈവം രക്ഷിക്കുന്നവനാണ്.

രക്ഷിക്കുന്നവനാണ് നമ്മുടെ ദൈവം.രക്ഷാകരചരിത്രത്തിന്റെ സംഭവങ്ങളാണ് ബൈബിള്‍ രേഖപ്പെടുത്തുന്നത്. അതുകൊണ്ട് ദൈവം നമ്മെ രക്ഷിക്കുമോയെന്ന് പേടിക്കണ്ട., അവിടുന്ന് തീര്‍ച്ചയായും നമ്മെ രക്ഷിക്കും.

സ്വര്‍ഗ്ഗത്തിലേക്ക് കടന്നുപോയ ശ്രേഷ്ഠനായ ഒരു പ്രധാനപുരോഹിതന് ദൈവപുത്രനായ യേശു നമുക്കുളളതുകൊണ്ട് നമ്മുടെ വിശ്വാസത്തെ നമുക്ക് മുറുകെപിടിക്കാം. നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്ത ് സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ ഒരിക്കലും പാപം ചെ.യ്തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍. അതിനാല്‍ വേണ്ട സമയത്ത് കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം എന്ന (ഹെബ്ര 4: 14-16) തിരുവചനം നമുക്കോര്‍മ്മിക്കാം. അത് നിരാശതകളില്‍ നിന്ന് നമ്മെ രക്ഷിക്കുക തന്നെ ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.