എത്ര വലിയ പാപം ചെയ്താലും ദൈവത്തിന് നമ്മോട് പൊറുക്കാനാകുമോ?

ചില പാപഭാരങ്ങള്‍,കുറ്റബോധം നമ്മുടെ ഉള്ളിലുണ്ട്. അത് വര്‍ഷമെത്ര കഴിഞ്ഞാലും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. നമുക്കൊരിക്കലും അതില്‍ നിന്ന് മോചനം ലഭിക്കുകയുമില്ല. കാരണം ദൈവം നമ്മോട്‌പൊറുക്കില്ലെന്നാണ് നാം കരുതുന്നത്.

എന്നാല്‍ എത്ര വലിയപാപം ചെയ്താലും ദൈവത്തിന് നമ്മോട് പൊറുക്കാനാകും എന്നാണ് ഈശോപറയുന്നത്. യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തിലാണ് ഈ സത്യം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

അത്യന്തം മലിനനായ ഒരു വ്യക്തിയുമായി ഈശോ കണ്ടുമുട്ടുന്നു. അവന്റെ ഭൂതകാലവും അവന്റെ ആത്മസംഘര്‍ഷങ്ങളും ഈശോ തുറന്നുപറയുമ്പോള്‍ അയാള്‍ അതിശയിക്കുന്നു. തന്നോട് ദൈവം പൊറുക്കുമോയെന്നാണ് അയാളുടെ സംശയം. അതിന് മറുപടിയായി ഈശോ പറയുന്ന വാക്കുകള്‍ ഇപ്രകാരമാണ്:

ദൈവത്തിന് നിന്നോട് പൊറുക്കുവാനാകും. എന്തെന്നാല്‍ അവിടുത്തെ കാരുണ്യം നിസ്സീമമാണ്. സ്‌നേഹത്തോടെ,പരമാര്‍ത്ഥമായി അപേക്ഷിച്ചാല്‍ ദൈവം ഏത ു പാപവും ക്ഷമിക്കും.പശ്ചാത്തപിച്ച് പാപമോചനം സ്വീകരിക്കുവാനും അങ്ങനെ സ്വയം മാറുവാനും ഇപ്പോള്‍ നിനക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ഇപ്പോള്‍ മുതല്‍ സ്വന്തം ജീവിതത്തില്‍ എന്തു സംഭവിക്കണമെന്ന് നിനക്ക് തീരുമാനമെടുക്കാം. നീ ദൈവത്തോട് ക്ഷമ ചോദിക്കുകയും സ്വയം വിചിന്തനം ചെയ്യുകയും ചെയ്യുന്നു. നീ യഥാര്‍ത്ഥമായും നിന്റെ പാപങ്ങളെ പ്രതി ദു:ഖി്ക്കുന്നു.

മറ്റുളളവരെ നീ എങ്ങനെ വേദനിപ്പിച്ചെന്ന് സ്വയം മനസ്സിലാക്കുകയും അതോര്‍ത്തു നീയിപ്പോള്‍ വ്യസനിക്കുകയും ചെയ്യുന്നുണ്ട്. അതെ.ഇതുതന്നെയാണ് തുടക്കം.ഇനി നിന്റെ ജീവിതമാണ് മാറ്റേണ്ടത്. ഓരോ ദിനവും ദൈവത്തിന് സ്‌നേഹോപഹാരമായി സമര്‍പ്പിക്കണം. അതുതന്നെയാണ് നിന്റെ പ്രായശ്ചിത്തവും. മേലില്‍ മദ്യപിക്കരുത്. മേലില്‍പാപം ചെയ്യരുത്. ദൈവകല്പനകള്‍ക്കൊത്ത ജീവിതശൈലിയും ഉണ്ടാകണം. നീ വേദനിപ്പിച്ചവരുടെ പക്കല്‍ ചെന്ന് ക്ഷമ ചോദിക്കണം.

ഇനി മേല്‍ അവരെ വേദനിപ്പിക്കുകയില്ലെന്നും കഴിഞ്ഞുപോയതിനെയോര്‍ത്ത് ദു:ഖമുണ്ടെന്നും അവരോട് പറയണം. ദിനവും പരിചിന്തനം നടത്തണം. നിന്റെ ബലഹീനതകളും പാപങ്ങളും പരിശോധിക്കണം. എന്നിട്ട് സ്‌നേഹം തന്നെയായ ദൈവത്തോട് അതിനെ മറികടക്കാനുള്ള ശക്തിക്കായിയാചിക്കണം.

ഈ വാക്കുകള്‍ നമ്മള്‍ ഓരോരുത്തര്‍ക്കും ബാധകമാണ്. നമുക്ക് നമ്മുടെ പാപങ്ങളെയോര്‍ത്ത് പശ്ചാത്തപിക്കാം. ദൈവത്തോട് മാപ്പ് ചോദിക്കാം.ദൈവം നമ്മോട് ക്ഷമിക്കുക തന്നെ ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.