ദൈവഹിതത്തിന് കീഴടങ്ങാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ, എങ്കില്‍ ഇതാ ഈ പ്രാര്‍ത്ഥന ചൊല്ലൂ

നമുക്കെല്ലാവര്‍ക്കും നമ്മുടെ ഹിതമാണ് വലുത്. നാം ആഗ്രഹിക്കുന്നതുപോലെ സംഭവിക്കണം. നാം വിചാരിക്കുന്നതുപോലെ നടക്കണം. നാം പ്രാര്‍ത്ഥിക്കുന്നതുപോലെ കിട്ടണം. ഇതിനെല്ലാം അപ്പുറമായി ദൈവം എന്താണ് ആഗ്രഹിക്കുന്നതെന്നോ ദൈവത്തിന്റെ ഹിതം എന്താണ് എന്നോ നാം അറിയാറില്ല. അത് അറിയാന്‍ ശ്രമിക്കാറുമില്ല. പലപ്പോഴും ദൈവഹിതത്തിന് കീഴടങ്ങാന്‍ നാം ബുദ്ധിമുട്ടാറുമുണ്ട്.

പക്ഷേ നാം എന്തുമാത്രം പ്രയത്‌നിച്ചാലും പ്രാര്‍ത്ഥിച്ചാലും ദൈവത്തിന് ഒരു തീരുമാനമുണ്ട്. അവിടുത്തേക്ക് നമ്മുടെ മേല്‍ ഒരു പദ്ധതിയുണ്ട്. അതു മാത്രമേ സംഭവിക്കുകയുള്ളൂ. നമ്മുടെ ക്ഷേമത്തിനുള്ള പദ്ധതി മാത്രമേ ദൈവം നടപ്പിലാക്കുകയുള്ളൂ. മാനുഷികമായി നോക്കുമ്പോള്‍ നമുക്കതിനെ ചിലപ്പോള്‍ അംഗീകരിക്കാന്‍ കഴിഞ്ഞേക്കില്ല. ചില രോഗങ്ങള്‍ക്ക് മുമ്പില്‍..ചില തകര്‍ച്ചകള്‍ക്ക് മുമ്പില്‍ അതുകൊണ്ടാണ് നാം അതുമായി ഏറ്റുമുട്ടുന്നത്. ഇങ്ങനെ ദൈവഹിതത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാനും ഇടപെടാനും തോന്നുമ്പോള്‍ നാം പ്രാര്‍ത്ഥിക്കേണ്ടത് ദൈവഹിതമനുസരിച്ച് കീഴടങ്ങാനാണ്.

ദൈവഹിതത്തിന് കീഴടങ്ങാന്‍ ദൈവകൃപ വേണം. ദൈവകൃപ യാചിച്ച് ദൈവഹിതത്തിന് കീഴടങ്ങാനായി നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം:

കര്‍ത്താവേ അങ്ങേയ്ക്ക് ഇഷ്ടമുള്ളത് എന്നോടു ചെയ്തുകൊള്ളുക. എന്റെ ജീവിതത്തില്‍ അവിടുത്തേയ്ക്ക് ഇഷ്ടമുള്ളത് മാത്രം സംഭവിച്ചുകൊള്ളട്ടെ. അങ്ങയുടെ പദ്ധതികള്‍ ഒരിക്കലും തെറ്റിപ്പോകുകയില്ലല്ലോ. ഞാന്‍ അവിടുത്തെ ഹിതം മാത്രം അന്വേഷിക്കുന്നു. അങ്ങയുടെ ഹിതത്തിന് അനുസരിച്ച് എല്ലാം സഹിക്കാന്‍ ഞാന്‍ ആഗ്രഹി്ക്കുന്നു. അവിടുത്തേ തിരുഹിതം ഞാന്‍ മരിക്കുക എന്നതാണെങ്കില്‍ അതിനും ഞാന്‍ സന്നദ്ധനാണ്. അവിടുത്തെ ഹിതം ഞാന്‍ ഇനിയും സഹിക്കുകയും ദുരിതം അനുഭവിക്കുകയും ചെയ്യുക എന്നതാണെങ്കില്‍ അതിനും ഞാന്‍ തയ്യാറാണ്. എന്റെ ജീവിതത്തില്‍ അങ്ങേ തിരുഹിതം എപ്പോഴും എന്നും എവിടെയും നിറവേറപ്പെടട്ടെ. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.