ആത്മീയമായി എങ്ങനെ നല്ല മാതാപിതാക്കളാകാം?

മാതാപിതാക്കളാകുക എന്നത് ജീവിതത്തിലെ പുതിയൊരു തുടക്കമാണ്. ഇന്നലെ വരെ ജീവിച്ചതുപോലെയുള്ള ജീവിതത്തില്‍ നിന്ന് അമ്പേയൊരു മാറ്റം. ആദ്യമായി ഒരു കുഞ്ഞ് ജനിക്കുന്നതോടെ പലരും ഭൗതികമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതായിട്ടാണ് കണ്ടുവരുന്നത്.

സാമ്പത്തികസുരക്ഷിതത്വം ഉറപ്പുവരുത്താനും മക്കളുടെ പേരില്‍ ചെറിയ ചെറിയ സമ്പാദ്യശീലങ്ങള്‍ ആരംഭിക്കാനുമെല്ലാം പലരും തുടങ്ങുന്നതായി കണ്ടുവരാറുണ്ട്. പക്ഷേ ഇതിനെക്കാള്‍ വളരെ പ്രധാനപ്പെട്ടതാണ് ആത്മീയമായി തയ്യാറെടുപ്പുകള്‍ നടത്തുക എന്നത്. നല്ല മാതാപിതാക്കളാകുന്നതിന് ആത്മീയമായുള്ള തയ്യാറെടുപ്പുകള്‍ മറ്റെന്തിനെക്കാളും അത്യാവശ്യമാണ്. മനസ്സ്, ശരീരം, ആത്മാവ് എന്നീ മൂന്നുതലങ്ങളില്‍ നാം ഇതിനായി ഒരുങ്ങേണ്ടതുണ്ട്

പ്രാര്‍ത്ഥനാജീവിതം മെച്ചപ്പെടുത്തുകയും കൗദാശികമായ ജീവിതം ശക്തപ്പെടുത്തുകയും ചെയ്യുക

പേരന്റ്ഹുഡിലേക്കുള്ള യാത്രയില്‍ ദൈവകൃപ വളരെയേറെ അത്യാവശ്യമാണ്.കാരണം കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരുന്നു. മക്കളെ നല്ല രീതിയില്‍ വളര്‍ത്തേണ്ടിവരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നമ്മെ നല്ലതുപോലെ വഴിനടത്താന്‍ ദൈവത്തിന് മാത്രമേ കഴിയൂ. പ്രാര്‍ത്ഥനയില്‍ നിന്ന് അകന്ന ജീവിതമാണ് നാം നയിക്കുന്നതെങ്കില്‍ പേരന്റ്ഹുഡിലെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ നാം അശക്തരാകും. മക്കളെ ദൈവേഷ്ടപ്രകാരം വളര്‍ത്താനും നമുക്ക് കഴിയാതെയാകും. അതുകൊണ്ട് മാതാപിതാക്കള്‍ ദൈവത്തില്‍ മുമ്പെത്തെക്കാളും ശരണം വയ്ക്കുക.

നിയന്ത്രണം ഇല്ലാതാകുന്ന അവസരങ്ങളില്‍ ദൈവഹിതത്തിന് കീഴ്‌പ്പെടുക

നമുക്ക് എല്ലാ കാര്യങ്ങളും നിയന്ത്രിക്കാന്‍ കഴിയണമെന്നില്ല. നിയന്ത്രണാതീതമായ കാര്യങ്ങള്‍ പേരന്റ് ഹുഡില്‍ സംഭവിക്കുമ്പോള്‍ ദൈവഹിതത്തിന് സ്വയം കീഴ്‌പ്പെടുക.

ജീവിതപങ്കാളിയോടു കൂടുതലായി ചേര്‍ന്നുനില്ക്കുക

അച്ഛനമ്മമാര്‍ തമ്മില്‍ സ്‌നേഹത്തില്‍ കഴിഞ്ഞുകൂടുന്നതാണ് മ്ക്കള്‍ കണ്ടുവളരേണ്ടത്. അതവരില്‍ കൂടുതല്‍ സുരക്ഷിതത്വബോധമുളവാക്കും. മക്കളെ തന്റെ വരുതിയില്‍ നിര്‍ത്തി ജീവിതപങ്കാളിയോട് പോരടിക്കുന്ന മാതാപിതാക്കളുണ്ട്. അത് മക്കള്‍ക്ക് ദുര്‍മാതൃകയാണ് നല്കുന്നത്. മക്കള്‍ മാതാപിതാക്കളെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെങ്കില്‍ അവരെ ഉപദേശിക്കുന്ന കാര്യങ്ങളിലെങ്കിലും മാതൃകാപരമായ ജീവിതം നയിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.