നല്ല കള്ളന്‍ വിശുദ്ധനായോ?

ഈശോയുടെ കുരിശുമരണത്തിന്റെ വേളയില്‍ മാത്രം കടന്നുവരുന്ന ഒരു കഥാപാത്രമാണ് നല്ലകളളന്‍. നിന്റെ രാജ്യത്തിലെത്തുമ്പോള്‍ എന്നെയും ഓര്‍മ്മിക്കണമേ എന്ന നല്ല കള്ളന്റെ വാക്കുകളാണ് അദ്ദേഹത്തിന് പറുദീസ നേടിക്കൊടുത്തതെന്ന് നമുക്കറിയാം.

വിശുദ്ധലുക്കായുടെ സുവിശേഷം 23: 39: 43 ഭാഗങ്ങള്‍ ഇതാണ് നമുക്ക് വ്യക്തമാക്കിത്തരുന്നത്. ഇന്ന് നീ എന്നോടുകൂടി പറുദീസായിലായിരിക്കും എന്ന ക്രിസ്തുവിന്റെ വാക്കനുസരിച്ച് നല്ല കള്ളനെ വിശുദ്ധനായി വിശ്വസിച്ചുപോരുന്ന പാരമ്പര്യം ആദിമ ക്രൈസ്തവരുടെയിടയിലുണ്ടായിരുന്നു. തന്റെ പാപങ്ങളെയോര്‍ത്ത് പശ്ചാത്തപിച്ച നല്ല കള്ളന്‍ സ്വഭാവികമായും സ്വര്‍ഗ്ഗത്തിലെത്തിയെന്ന് നമുക്കും അറിയാമല്ലോ.

നല്ല കള്ളനെക്കുറിച്ച് ചില വിവരങ്ങള്‍ കൂടി.

ഡിസ്മാസ് എന്നായിരുന്നുവത്രെ ഇദ്ദേഹത്തിന്റെ പേര്, സൂര്യാസ്തമയം, മരണം എന്നൊക്കെയാണ് ഈ വാക്കിന്റെ അര്‍ത്ഥം. രണ്ടുതരം ആളുകളെയാണ് അക്കാലങ്ങളില്‍ കുരിശുമരണത്തിന് വിധിച്ചിരുന്നത് എന്നാണ് ബൈബിള്‍ പണ്ഡിതര്‍ പറയുന്നത്. ഒന്ന് സ്റ്റേറ്റിന്റെ ശത്രുക്കള്‍. രണ്ട് യജമാനനെ കബളിപ്പിച്ച് രക്ഷപ്പെടുന്ന അടിമ.

ഡിസ്മാസിന്റെ പ്രവൃത്തി എന്തായിരുന്നുവെന്ന് നമുക്കറിയില്ല. എങ്കിലും ഇതിലേതെങ്കിലുമായിരിക്കാം അയാള്‍ ചെയ്ത തെറ്റെന്ന് ഊഹിക്കാം.

മാര്‍ച്ച് 25 നാണ് വിശുദ്ധ ഡിസ്മാസിന്റെ തിരുനാളായി ആചരിക്കുന്നത്. തടവുകാരുടെ മാധ്യസ്ഥനായി ഇദ്ദേഹത്തെ വണങ്ങുന്നുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.