കോവിഡ് കാലത്ത് ഗ്വാഡലൂപ്പെ മാതാവിനോട് പ്രാര്‍ത്ഥിക്കൂ, അമ്മ സഹായിക്കും

പരിശുദ്ധ അമ്മ നിസ്സഹായരുടെ അമ്മയാണ്. ബലഹീനരുടെയും ദു:ഖിതരുടെയും അമ്മയാണ്. ദരിദ്രരുടെയും ആലംബഹീനരുടെയും അമ്മയാണ്. തന്നെ വിളിച്ച് അപേക്ഷിക്കുന്ന ആരെയും ഒരിക്കലും ഉപേക്ഷിക്കാത്തവളാണ് പരിശുദ്ധ കന്യാമറിയം. കോവിഡ് 19 ഉണര്‍ത്തുന്ന നിസ്സഹായതകളുടെയും പരിഭ്രാന്തികളുടെയും ഇക്കാലത്ത് പരിശുദ്ധ അമ്മയുടെ സഹായം തേടി പ്രാര്‍ത്ഥിക്കാന്‍ നാം മറന്നുപോകരുത്. ഇതാ ഗാഡ്വെലൂപ്പെ മാതാവിനോടുള്ള ശക്തിമത്തായ ഒരു പ്രാര്‍ത്ഥന:

പിതാവായ ദൈവമേ യേശുക്രിസ്തുവിലൂടെ അങ്ങ് സാധിച്ച രക്ഷ എല്ലാവരും സ്വന്തമാക്കേണ്ടതിനായി പരിശുദ്ധ അമ്മയെ ഞങ്ങളുടെ നാഥയും സംരക്ഷകയുമായി നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു.

പ്രിയ മാതാവേ അങ്ങേ സ്‌നേഹസുതനായ ഈശോയില്‍ സമാധാനം കണ്ടെത്തുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. ഞങ്ങളുടെ ഹൃദയം അങ്ങേ പ്രിയപുത്രന്റെ ആരാധനാലയങ്ങളായി മാറട്ടെ. അങ്ങനെ ഞങ്ങള്‍ യേശുക്രിസ്തുവിനെ ഏകരക്ഷകനും ഏകനാഥനും ഏക ദൈവവുമായി സ്വീകരിക്കുന്നതിനും അതുവഴി ദൈവമക്കളായി തീരുന്നതിനും ഇടയാകട്ടെ.

പരിശുദ്ധ അമ്മേ ഞങ്ങളുടെ ഭവനങ്ങളില്‍ അങ്ങയെ അമ്മയായി സ്വീകരിക്കുകയും അമ്മയുടെ വിമലഹൃദയത്തിന് ഞങ്ങളെ സമര്‍പ്പിക്കുകയും ചെയ്യുന്നു. സ്‌നേഹം നിറഞ്ഞ അമ്മേ അങ്ങ് ജുവാന്‍ ഡിയാഗോയുടെ മേലങ്കിയില്‍ അത്ഭുതകരവും പവിത്രവുമായ ഛായാപടം പതിപ്പിച്ചുകൊണ്ട് ഞങ്ങളോട് കൂടെ ആിരിക്കാന്‍ തിരുമനസായല്ലോ. ഞങ്ങളുടെ ആവശ്യസമയങ്ങളില്‍ ഞങ്ങളെ സഹായിക്കുമെന്നുള്ള അങ്ങയുടെ വാഗ്ദാനത്തെപ്രതി ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദിപറയുന്നു.

കോവിഡിന്റെ ഈ അനര്‍ത്ഥകാലത്ത് ഞങ്ങളുടെ ജീവിതത്തിന്റെ വിവിധ ആവശ്യങ്ങളിലേക്ക് സ്വര്‍ഗ്ഗത്തില്‍ നിന്ന് അനുഗ്രഹം വാങ്ങിച്ചുതരണമേ. തൊഴില്‍രഹിതരും സാമ്പത്തികബാധ്യതയുള്ളവരും രോഗികളും ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വത്തിലായവരുമായിരിക്കുന്ന ഞങ്ങളെ ഓരോരുത്തരെയും അമ്മ സഹായിക്കണമേ.

ഞങ്ങളുടെ മാതാവും ചൈതന്യവും സൗഖ്യദായികയുമായ അങ്ങ് ഞങ്ങളുടെ പ്രാര്‍ത്ഥന ശ്രവിച്ച് ഞങ്ങള്‍ക്ക് ഉത്തരം തരണമേ ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.