മാലാഖമാരെക്കുറിച്ച് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം എന്താണ് പഠിപ്പിക്കുന്നത്?

ഒക്ടോബര്‍ രണ്ടിനാണ് കാവല്‍മാലാഖമാരുടെ തിരുനാള്‍ ആചരിക്കുന്നത്. ഇതിനുവേണ്ടിയുള്ള ആത്മീയ ഒരുക്കങ്ങള്‍ ഓരോരുത്തരും നടത്തേണ്ട ദിവസങ്ങളിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. ഈ അവസരത്തില്‍ ഒരു കത്തോലിക്കാവിശ്വാസി ബൈബിളും മറ്റ് കൂദാശകളും കഴിഞ്ഞാല്‍ ഏറ്റവും പ്രധാനമായി കരുതേണ്ട കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം മാലാഖമാരെക്കുറിച്ച് എന്താണ് പറയുന്നതെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
മാലാഖമാര്‍ സഭാജീവിതത്തില്‍ എന്ന സിസിസി 334 ല്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്:

ഇക്കാലമെല്ലാം മാലാഖമാരുടെ രഹസ്യാത്മകവും സുശക്തവുമായ സഹായം സഭാജീവിതത്തിന് മുഴുവന്‍ പ്രയോജകീഭവിക്കുന്നു. സഭ അവളുടെ ആരാധനക്രമത്തില്‍ ത്രൈശുദ്ധ ദൈവത്തെ ആരാധിക്കുന്ന മാലാഖമാരോടു ചേരുകാണ്. സഭ മാലാഖമാരുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു.( മൃതസംസ്‌കാരശുശ്രൂഷയില്‍ മാലാഖമാര്‍ നിന്നെ പറുദീസയിലേക്ക് ആനയിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലും ബൈസന്റയിന്‍ ആരാധനക്രമത്തിലെ കെറുബീഗീതത്തിലും ഇപ്രകാരമുണ്ട്) ചില മാലാഖമാരുടെ ( മിഖായേല്‍, ഗബ്രിയേല്‍, റഫായേല്‍, കാവല്‍മാലാഖമാര്‍) സ്മരണ സഭ പ്രത്യേകമാം വിധം കൊണ്ടാടുന്നു.
ശൈശവം മുതല്‍ മരണംവരെ മനുഷ്യര്‍ക്ക് മാലാഖമാരുടെ ജാഗ്രതാപൂര്‍വ്വമായ പരിരക്ഷണവും മാധ്യസ്ഥവും ലഭിക്കുന്നു. ഓരോ വിശ്വാസിയുടെയും സമീപത്ത് അവന്റെ ജീവിതത്തിന് വഴികാട്ടിയും ഇടയനുമെന്നപോലെ സംരക്ഷകനായി ഒരു മാലാഖ ഉണ്ട് എന്നത് ആരും നിഷേധിക്കാതിരിക്കട്ടെ. ദൈവത്തോട് ഐക്യപ്പെട്ടിരിക്കുന്ന മാലാഖമാരുടെയും മനുഷ്യരുടെയും സൗഭാഗ്യസഖിത്വത്തില്‍ ഇവിടെ ഭൂമിയില്‍ വച്ചുതന്നെ വിശ്വാസം വഴി ക്രിസ്തീയജീവിതം പങ്കുചേരുന്നു.

മാലാഖമാരെപറ്റി പഴയ നിയമത്തിലും പുതിയ നിയമത്തിലും പലയിടത്തും പ്രതിപാദിക്കുന്നുണ്ട്. കാവല്‍മാലാഖമാരുടെ തിരുനാളിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിച്ചൊരുങ്ങാം. കാവല്‍മാലാഖമാരേ എന്റെ ജീവിതത്തിന് നേരെ കണ്ണടയ്ക്കരുതേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.