ലോകം മുഴുവനുംവേണ്ടി മാധ്യസ്ഥപ്രാര്‍ത്ഥന നടത്തണമെന്നുണ്ടോ, നന്മ നിറഞ്ഞ മറിയമേ ചൊല്ലിയാല്‍ മതി നന്മ നിറഞ്ഞ മറിയത്തിന്റെ ശക്തിയെക്കുറിച്ച് ഡാനിയേലച്ചന്‍


നന്മ നിറഞ്ഞ മറിയമേ പരിശുദ്ധ സഭ നമുക്ക് നല്കിയ പ്രാര്‍ത്ഥനകളില്‍ ഏറ്റവും ശക്തമായ പ്രാര്‍ത്ഥനയാണ്. നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി കര്‍ത്താവ് നിന്നോടു കൂടെ എന്നതാണ് ഈ പ്രാര്‍ത്ഥനയുടെ തുടക്കം.

ഇത് ആര് ആരോടാണ് പറഞ്ഞത് എന്ന് നോക്കാം. നമുക്കറിയാവുന്നതുപോലെ ഗബ്രിയേല്‍ മാലാഖ പരിശുദ്ധ മറിയത്തോട് പറഞ്ഞതാണ് ഇത്. അതുപോലെ സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു അങ്ങയുടെ ഉദരത്തിന്‍ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു എന്നതാണ് ഇതിന്റെ രണ്ടാമത്തെ പോര്‍ഷന്‍. ഇത് എലിബസബത്ത് മാതാവിനോട് പറഞ്ഞതാണ്. രണ്ടുപേര്‍ രണ്ടുരീതിയില്‍ മാതാവിനോട് പറഞ്ഞതാണ് ഇക്കാര്യങ്ങള്‍.

അതായത് ഗബ്രിയേല്‍ മാലാഖയും എലിസബത്തും. ഇവര്‍ രണ്ടുപേരും പറഞ്ഞവയാണ് നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന. ഇതില്‍ ഗബ്രിയേല്‍ മാലാഖയെ നമുക്ക് ഒരു പോസ്റ്റ്മാനോട് വിശേഷിപ്പിക്കാം. കത്തു കൊണ്ടുവന്നു കൊടുക്കുക എന്നതാണ് അയാളുടെ ഡ്യൂട്ടി. കത്തെഴുതുന്നത് അയാളല്ല. ആരോ എഴുതിയ പോസ്റ്റ് ചെയ്ത കത്ത് മേല്‍വിലാസക്കാരന് കൊടുക്കുക എന്നതുമാത്രമാണ് അയാളുടെ ഡ്യൂട്ടി. കത്തിലെ ആശയം അയാളുടേതല്ല. ഗബ്രിയേല്‍ മാലാഖയെ കത്തുമായി മാതാവിന്റെ പക്കലേക്ക് അയച്ചത് ദൈവമാണ് ദൂതന് ദൂതന്റേതായ അഭിപ്രായമില്ല. അയാള്‍ വെറും സന്ദേശവാഹകനാണ്.

സന്ദേശം കൊടുത്തുവിട്ട ആളുടെ സന്ദേശം കൈമാറുക മാത്രമാണ് അയാള്‍ ചെയ്യുന്നത്. ഗബ്രിയേല്‍ മാലാഖ മറിയത്തിനോട് പറഞ്ഞ വാക്കുകളുടെ ഉത്തരവാദിത്തം ദൈവത്തിന്റേതാണ്. ദൈവം പറഞ്ഞുവിട്ടതാണ് ആ വാക്കുകള്‍. മാനവരാശിയില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട മകളോട് പറയാന്‍ ദൈവം ഗബ്രിയേല്‍ മാലാഖയോട് പറഞ്ഞുകൊടുത്തതാണ് ആ വാക്കുകള്‍. അപ്പോള്‍ നന്മ നിറഞ്ഞ മറിയമേ എന്നത് പിതാവായ ദൈവത്തിന്റെ വാക്കുകളാണ്. ഗബ്രിയേല്‍ മാലാഖയുടെയല്ല. ഇനി രണ്ടാമത്തെ ഭാഗം നോക്കാം.

അതായത് എലിബസബത്തിന്റെ വാക്കുകള്‍. നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ് നിന്റെ ഉദരഫലമായ ഈശോ അനുഗ്രഹീതന്‍. ഇതാണല്ലോ എലിസബത്ത് പറഞ്ഞത്. എലിസബത്ത് അതു പറഞ്ഞത് സുബോധമില്ലാതെയോ ഉറക്കപ്പിച്ചോടെയോ ദേഷ്യത്തോടെയോ അസൂയയോടെയോഅല്ല . മറിച്ച് പരിശുദ്ധാത്മാവിനാല്‍ പ്രേരിതയായിട്ടാണ എലിബസത്ത് അത് പറഞ്ഞത്. മദ്യപനായ ഒരാള്‍ മദ്യലഹരിയില്‍ വേറൊരാളെ ചീത്ത പറയുമ്പോള്‍ അയാളുടെ ബോധത്തെ നിയന്ത്രിക്കുന്നത് അയാളല്ല അയാളിലെ മദ്യമാണ്. ആ വാക്കുകളുടെ ഉത്തരവാദിത്തം മദ്യത്തിനാണ്.

അതുകൊണ്ടാണ് മദ്യത്തിന്റെ കെട്ട് ഇറങ്ങിക്കഴിയുമ്പോള്‍ അവര്‍ മാപ്പുചോദിക്കുന്നത്. പരിശുദ്ധാത്മാവ് നിറഞ്ഞ് ഒരാള്‍ സംസാരിക്കുമ്പോള്‍ അത് ആ വ്യക്തിയുടെ വാക്കല്ല പരിശുദ്ധാത്മാവിന്റെ വാക്കുകളാണ്. അപ്പോള്‍ എലിസബത്ത് പറഞ്ഞ വാക്കുകളുടെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം എലിസബത്തിനല്ല പരിശുദ്ധാത്മാവിനാണ്. അപ്പോള്‍ പിതാവും പരിശുദ്ധാത്മാവും പറഞ്ഞ വാക്കുകളാണ് നന്മ നിറഞ്ഞ മറിയമേ. അതായത് ത്രീത്വത്തിന്റെ വാക്കുകളാണ് സത്യത്രീയൈക ദൈവത്തിന്റെ രക്ഷയുടെ ആരംഭവാക്കുകളാണ് ഇത്. രക്ഷ നിത്യതയിലേ ആരംഭിച്ചുവെങ്കിലും യേശുക്രിസ്തുവിന്റെ ജനനത്തോടെ പുതിയൊരു രക്ഷയുടെ അധ്യായം ഇതള്‍ വിരിക്കുമ്പോള്‍ ആ അധ്യായത്തിലെ ആദ്യവാക്കുകളാണ് ഇത്. നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി.. അപ്പോള്‍ ഇത് ദൈവത്തിന്റൈ വാക്കുകളാണ്. രക്ഷ ആരംഭിക്കാന്‍ ദൈവം ഉപയോഗിച്ച വാക്കുകളാണ് നന്മ നിറഞ്ഞ മറിയമേ. അതുകൊണ്ടാണ് സാത്താന്‍ ഈ പ്രാര്‍ത്ഥനയെ ഏറെ ഭയക്കുന്നത്. ഭൂതോച്ചാടന വേളകളില്‍ സാത്താന്‍ ഈ പ്രാര്‍ത്ഥനയെ എന്തുമാത്രം ഭയക്കുന്നുഎന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ആണിനെറ്റിയില്‍ അടിച്ചിറിക്കുന്നതുപോലെയുള്ള ഒരു അനുഭവമാണ് അത് സാത്താന്‍ ബാധിതന് നല്കുന്നത്. ഗബ്രിയേല്‍ അമോര്‍ത്ത് എന്ന സഭയുടെ ഔദ്യോഗികഭൂതോച്ചാടകന്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പ്രാര്‍ത്ഥന കേള്‍ക്കുമ്പോള്‍ അതൊന്ന് അവസാനിപ്പിക്കാന്‍ സാത്താന്‍ ബാധിതര്‍ അഭ്യര്‍ത്ഥിക്കുന്നത് അത് ദൈവത്തിന്റെ വാക്കുകളായതുകൊണ്ടാണ്.

പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ.. തമ്പുരാന്റെ അമ്മ എന്നതും എലിസബത്ത് പരിശുദ്ധാത്മാവിനാല്‍ പ്രേരിതയായിട്ടാണ് പറഞ്ഞത്. പാപികളായ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ആ പ്രാര്‍ത്ഥനയുടെ സാരാംശം ഇതാണ്. ലോകത്തിലുള്ള എല്ലാവര്‍ക്കും വേണ്ടി തമ്പുരാനോട് മാധ്യസ്ഥം യാചിക്കണേ.

ലോകത്ത് 800 കോടി മനുഷ്യരാണ് ഉള്ളതെങ്കില്‍ 800 കോടി മനുഷ്യര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് അത്. കാരണം നാം എല്ലാവരും പാപികളാണ്. അപ്പോള്‍ ലോകത്തിലെ എല്ലാവര്‍ക്കും വേണ്ടിയുള്ളപ്രാര്‍ത്ഥനയായി നന്മ നിറഞ്ഞ മറിയമേയുടെ രണ്ടാം ഭാഗം മാറുന്നു.ലോകം മുഴുവനും വേണ്ടിയുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയായി നന്മ നിറഞ്ഞ മറിയമേയുടെ രണ്ടാം ഭാഗം മാറുന്നത് ഇങ്ങനെയാണ്.ലോക്തതിന് മുഴുവനും വേണ്ടി നിങ്ങള്‍ മാധ്യസഥ പ്രാര്‍ത്ഥന നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നന്മ നിറഞ്ഞ മറിയമേ ചൊല്ലിയാല്‍ മതി. അതില്‍ ലോകം മുഴുവനും പെടുന്നു.

പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഒരു കോണിലിരുന്ന് ഒരു പാവം അമ്മച്ചിേയോ അപ്പച്ചനോ നന്മ നിറഞ്ഞ മറിയമേ ചൊല്ലുമ്പോള്‍ ദൈവം ഒരുപാട് സന്തോഷിക്കുന്നുണ്ട്. സ്വര്ഗ്ഗത്തിന് അതുകേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്.കാരണം ലോകത്തിലേക്ക് തന്റെ പുത്രനെ അയ്ക്കുന്നതിന് മറിയത്തെ തിരഞ്ഞെടുത്തുകൊണ്ട് ് ദൈവം പറഞ്ഞ വാക്കുകളാണ് അത്. സര്‍വ്വശക്തനായ ദൈവത്തിന്റെ വാക്കുകളാണ് അത്.നമ്മള്‍ പറഞ്ഞ ഒരു വാക്ക് മറ്റൊരാള്‍ ഉദ്ധരി്ക്കുന്നത് കേള്‍ക്കുമ്പോള്‍ നാം എന്തുമാത്രം സന്തോഷിക്കുമോ അതുപോലെ തന്നെയാണ് ദൈവം പറഞ്ഞ വാക്കുകള്‍ നാം പ്രാര്‍ത്ഥനയിലൂടെ ഉച്ചരിക്കുമ്പോള്‍ അത് കേള്‍ക്കുന്ന ദൈവം സന്തോഷിക്കുന്നു. ആരെങ്കിലും പറഞ്ഞതുകേട്ട് നന്മ നിറഞ്ഞ മറിയമേ ചൊല്ലാതിരിക്കരുത്. പിതാവിന്റെ വാക്കുകള്‍ പുത്രന്‍െ വാക്കുകള്‍.പരിശുദ്ധാത്മാവിന്റെ വാക്കുകള്‍.

ലോകം മുഴുവനുംവേണ്ടിയുള്ള മാധ്യസ്ഥ പ്രാര്‍ത്ഥന. അതാണ് നന്മ നിറഞ്ഞ മറിയമേ.. എത്രത്തോളം നന്മ നിറഞ്ഞ മറിയമേ ചൊല്ലുന്നുവോ അത്രത്തോളം ദൈവത്തിന്റെ സ്‌നേഹവും വാത്സല്യലും സാമീപ്യവും ആശീര്‍വാദവും നമുക്ക് ലഭിക്കും.

അതുകൊണ്ട് ഈ പ്രാര്‍ത്ഥന നമ്മള്‍ എപ്പോഴും ചൊല്ലണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.