നരകം എന്താണെന്നറിയാമോ?

നരകം, നരകം എന്ന് നാം കേട്ടിട്ടുണ്ട്. ബീഭത്സമായ വര്‍ണ്ണനകളാണ് നരകത്തെക്കുറിച്ചുള്ളത്. എന്നാല്‍ എന്താണ് യഥാര്‍ത്ഥ നരകം. കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം നരകത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത് ഇപ്രകാരമാണ്.

മനസ്തപിച്ചു ദൈവത്തിന്റെ കരുണാര്‍ദ്ര സ്‌നേഹം സ്വീകരിക്കാതെ മാരകപാപത്തില്‍ മരിക്കുക എന്നതിന്റെ അര്‍ത്ഥം നമ്മുടെ സ്വതന്ത്രമായ തീരുമാനപ്രകാരം എന്നേക്കുമായി ദൈവത്തില്‍ നിന്നു വേര്‍പെട്ടുനില്ക്കുക എന്നതാണ്. ദൈവത്തോടും വാഴ്ത്തപ്പെട്ടവരോടും ഉള്ള സംസര്‍ഗ്ഗത്തില്‍ നിന്ന് സുനിശ്ചിതമായി നമ്മെ തന്നെ വേര്‍പെടുത്തിനിര്‍ത്തുന്ന അവസ്ഥയെ നരകം എന്ന് വിളിക്കുന്നു.

നരകത്തിന്റെ അസ്തിത്വത്തെയും അതിന്റെ നിത്യതയെയും സഭയുടെ പ്രബോധനം സഥിരീകരിക്കുന്നു. മാരകപാപത്തിന്റെ അവസ്ഥയില്‍ മരിക്കുന്നവരുടെ ആത്മാക്കള്‍ മരിച്ചാല്‍ ഉടനെ നരകത്തിലേക്ക് പതിക്കുന്നു.അവിടെ അവര്‍ നിത്യാഗ്നിയായ നരകപീഡനങ്ങള്‍ അനുഭവിക്കും. നരകത്തിലെ പ്രധാന ശിക്ഷ ദൈവത്തില്‍ നിന്നുള്ള എന്നേക്കുമായ വേര്‍പാടാണ്. ദൈവത്തില്‍ മാത്രമാണല്ലോ മനുഷ്യനു ജീവനും സന്തോഷവും ഉണ്ടാകുന്നത്. അതിന് വേണ്ടിയാണ് അവന്‍ സൃഷ്ടിക്കപ്പെട്ടത്. അതാണ് അവന്‍ ആഗ്രഹിക്കുന്നതും.

തന്റെ നിത്യമായ ഭാഗധേയം മുന്നില്‍ കണ്ടുകൊണ്ട് സ്വാതന്ത്ര്യം ഉപയോഗിക്കാന്‍ മനുഷ്യനിലുള്ള ഉത്തരവാദിത്തത്തിലേക്കുള്ള ആഹ്വാനമാണ് നരകത്തെ സംബന്ധിക്കുന്ന വിശുദ്ധ ഗ്രന്ഥ പ്രസ്താവനകളും സഭാപ്രബോധനങ്ങളും, അവ അതേസമയം മാനസാന്തരത്തിലേക്കുള്ള അടിയന്തിര സ്വഭാവമുള്ള ഒരു വിളികൂടിയാണ്.. നരകത്തില്‍ പോവാന്‍ ആരെയും ദൈവം മുന്‍കൂട്ടി നിശ്ചയിക്കുന്നില്ല എന്നുകൂടി നാം അറിയണം.

ദൈവത്തില്‍ നിന്നു മനപ്പൂര്‍വ്വമുള്ള ഒരു പിന്തിരിയലും അവസാനംവരെ അതില്‍ ഉറച്ചുനില്ക്കലും അത്യാവശ്യമാണ്. എന്നാല്‍ ആരും നശിച്ചുപോകരുതെന്നും എല്ലാവരും പശ്ചാത്തപിക്കണമെന്നുമാണ് ദൈവം ആഗ്രഹിക്കുന്നത്.
ചുരുക്കത്തില്‍ മനുഷ്യന്റെ സ്വതന്ത്രമായ തിരഞ്ഞെടുപ്പാണ് നരകം. ദൈവത്തെ മനപ്പൂര്‍വ്വം വേണ്ടെന്ന് വയ്ക്കുന്നവര്‍ നിത്യമായി തിരഞ്ഞെടുക്കുന്നതാണ് നരകം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.