ഇങ്ങനെ പ്രാര്‍ത്ഥിക്കൂ, ഫലം ഉറപ്പ്

സത്യം പറഞ്ഞാല്‍ പ്രാര്‍ത്ഥന വലിയൊരു കഠിനാദ്ധ്വാനമാണ്. പ്രാര്‍ത്ഥിച്ചിട്ടുള്ളവര്‍ക്കെല്ലാം അറിയാം അത് അങ്ങനെ തന്നെയാണെന്ന്. പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് ബൈബിളിലുടനീളം പ്രസ്താവിക്കുന്നുണ്ട്.

ഒരുവന്‍ പ്രാര്‍ത്ഥിക്കാന്‍ തീരുമാനിക്കുമ്പോള്‍ തുടങ്ങുന്നു പ്രാര്‍ത്ഥനയുടെ ഏകാഗ്രതയെ തടസപ്പെടുത്തുന്ന പലവിധ കാര്യങ്ങള്‍. മനസ്സിലേക്ക് പലവിചാരങ്ങള്‍ കടന്നുവരുന്നു.. വ്യക്തികള്‍ പ്രാര്‍ത്ഥനയെ തടസ്സപ്പെടുത്തിക്കൊണ്ട് കടന്നുവരുന്നു. ചിലപ്പോള്‍ ഉറങ്ങിപ്പോകുന്നു. ഒടുവില്‍ പ്രാര്‍ത്ഥിക്കാന്‍ സാധിച്ചില്ലല്ലോ എന്ന മനസ്താപം കൊണ്ടായിരിക്കാം പ്രാര്‍ത്ഥന അവസാനിപ്പിച്ച മട്ടില്‍ നാം പിന്തിരിയുന്നത്.
പ്രാര്‍ത്ഥനയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഓര്‍മ്മിക്കേണ്ട ഒരു കാര്യമുണ്ട്. ദൈവവുമായിട്ടുള്ള നമ്മുടെ ബന്ധം എങ്ങനെയാണ്. ഭൂമിയെയും സ്വര്‍ഗ്ഗത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ലിങ്കാണ് പ്രാര്‍ത്ഥനയെന്ന് പറയാം. അത് സമയവും നിത്യതയും തമ്മിലുള്ള ചേര്‍ച്ചയാണ്.

പ്രാര്‍ത്ഥനാജീവിതം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരെല്ലാം ഒരു കാര്യം മനസ്സില്‍ സൂക്ഷിക്കണം. ദൈവത്തിന് നമ്മോടും നമ്മുടെ പ്രാര്‍ത്ഥനയോടും താല്പര്യമുണ്ടായിരിക്കണം.
ദൈവം നമ്മുടെ ഏറ്റവും അടുത്ത സുഹൃത്താണെന്ന കാര്യം മറന്നുപോകരുത്. അവിടുന്ന് നമ്മെ നയിക്കുകയും സംരക്ഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യും. സ്‌നേഹംകൊണ്ട് അവിടുന്ന് നമ്മെ അതിശയിപ്പിക്കും. ആഴമേറിയ ജ്ഞാനം കൊണ്ട് അവിടുന്ന് നമ്മെ സമ്പന്നരാക്കും. പ്രാര്‍ത്ഥിക്കുമ്പോള്‍ ഇക്കാര്യമെല്ലാം ഓര്‍ത്തിരിക്കുന്നത് നല്ലതാണ്

പലപ്പോഴും ദൈവത്തെ നാം ഒരു വെന്‍ഡിംങ് മിഷ്യനായിട്ടാണ് കരുതുന്നത്. ബട്ടണില്‍ വിരലമര്‍ത്തിയാല്‍ ഉടനെ പ്രതികരണം കിട്ടണം, പണം കിട്ടണം. കിട്ടാതെ വരുമ്പോള്‍ വീണ്ടും വീണ്ടും ബട്ടണില്‍ വിരലമര്‍ത്തുന്നു. പക്ഷേ അപ്പോഴൊന്നും ഒന്നും സംഭവിക്കുന്നില്ല.

എന്നാല്‍ പ്രാര്‍ത്ഥനയിലൂടെ അത്ഭുതം കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ ഒരു കാര്യം മറന്നുപോകരുത്. അവിടുത്തെ ഹൃദയവുമായി നമ്മുടെ ഹൃദയം അടുപ്പത്തിലായിരിക്കണം. അടുപ്പത്തിലാകുക എന്ന് പറയുമ്പോള്‍ മനസ്സിലാക്കേണ്ടത് ദൈവത്തിന്റെ ഹൃദയത്തെക്കുറിച്ച് നാം മനസ്സിലാക്കിയിരിക്കണം എന്നാണ്. അവന്റെ ഇഷ്ടമനുസരിച്ച് അവനോട് എന്തെങ്കിലും ചോദിച്ചാല്‍ അത് ലഭിച്ചിരിക്കും എന്നതാണല്ലോ അവന്റെ വാഗ്ദാനം. അത്ഭുതങ്ങള്‍ സംഭവിക്കുന്നത് അവന്റെ ഇഷ്ടമനുസരിച്ച് നാം എന്തെങ്കിലും ചോദിക്കുന്നതുകൊണ്ടാണ്.
പ്രാര്‍ത്ഥിച്ചതിന് ശേഷം ഉടന്‍ അത്ഭുതം പ്രതീക്ഷിക്കുന്നവരേ നിങ്ങള്‍ ആദ്യം അവിടുത്തെ ഇഷ്ടം അന്വേഷിക്കുക..അവിടുത്തെ ഹിതമനുസരിച്ച് ചോദിക്കുക.

നമ്മുടെ സ്വപ്നങ്ങളോ ആഗ്രഹങ്ങളോ അത്യാഗ്രഹങ്ങളോ അല്ല പ്രാര്‍ത്ഥനയില്‍ നാം നിക്ഷേപിക്കേണ്ടത്. അങ്ങനെ ചെയ്യുന്നതുകൊണ്ടാണ് പ്രാര്‍ത്ഥിച്ചിട്ടും ഫലം കിട്ടാതെവരുമ്പോള്‍ നാം നിരാശരാകുന്നത്. അവിടുത്തെ ഇഷ്ടമനുസരിച്ച് ചോദിക്കുക..അവിടുത്തെ ഹൃദയത്തോട് ചേര്‍ന്നുനില്ക്കുക.. അത്ഭുതം അവിടെ സംഭവിക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.