പരിശുദ്ധാത്മാവിനോടുള്ള നൊവേന- നാലാം ദിവസം മരിയന്‍ പത്രത്തില്‍

കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്നു അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു (പ്രഭാ. 17:3).

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ, അങ്ങയുടെ ഛായയിലും സാദൃശ്യത്തിലും ഞങ്ങള്‍ക്ക് രൂപം നല്‍കിയതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, പിതാക്കന്മാരുടെ ദൈവമേ, വചനത്താല്‍ അങ്ങ് സകലതും സൃഷ്ടിക്കുകയും ജ്ഞാനത്താല്‍ അവിടുന്ന് മനുഷ്യനു രൂപം നല്‍കി ജീവന്‍ നല്‍കുകയും ചെയ്തതിന് ഞങ്ങള്‍ അങ്ങേക്കു നന്ദി പറയുന്നു. കാരുണ്യവാനായ കര്‍ത്താവേ, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണ മനസ്സോടും സര്‍വ്വശക്തിയോടും കൂടെ അങ്ങേ ഞങ്ങള്‍ സ്നേഹിക്കുന്നു (നിയ. 6:5).

അങ്ങയുടെ പൂര്‍ണ്ണതയില്‍ നിന്നു ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൃപയ്ക്കുമേല്‍ കൃപ വര്‍ഷിച്ച്, തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ഞങ്ങളെ സ്നേഹിച്ച സ്വര്‍ഗ്ഗീയ പിതാവേ, സര്‍വ്വ സൃഷ്ടിജാലങ്ങളോടും ചേര്‍ന്നു ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ ആരും ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അങ്ങുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഈശോമിശിഹായെ കര്‍ത്താവും ക്രിസ്തുവുമായി ഉയര്‍ത്തിയ ദൈവമേ (അപ്പ. 2:36) അങ്ങയുടെ കാരുണ്യത്തിന് എന്നേക്കും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

“കര്‍ത്താവിനു നന്ദി പറയുവിന്‍. അവിടുന്ന് നല്ലവനാണ്. അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്‍ക്കുന്നു.” (സങ്കീ. 107:1)

നാലാം ദിവസം- ഹൃദയശുദ്ധി ലഭിക്കാന്‍

“ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും.” (മത്താ. 5:8). അതിക്രമങ്ങള്‍ക്കു മാപ്പും പാപങ്ങള്‍ക്കു മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍. കര്‍ത്താവ് കുറ്റം ചുമത്താത്തവന്‍ ഭാഗ്യവാന്‍ (റോമ. 4:7).

ഏറ്റം മാധുര്യവാനും ആശ്വാസപ്രദനുമായ പരിശുദ്ധാത്മാവേ, അങ്ങേ വാസസ്ഥലമായ എന്‍റെ ഹൃദയത്തെ അങ്ങ് ഉപേക്ഷിക്കാതെ, മലിനമായ എന്‍റെ ഹൃദയത്തെ വിശുദ്ധീകരിച്ചതിന് ഞാന്‍ നന്ദി പറയുന്നു. അശുദ്ധി നിറഞ്ഞ എന്‍റെ ഹൃദയത്തെ അങ്ങേ സ്നേഹത്താല്‍ പരിശുദ്ധമാക്കിയതിന് ഞാനങ്ങയെ സ്തുതിക്കുന്നു. നിശ്ചലമായിരിന്ന എന്‍റെ ഹൃദയത്തെ ആത്മാവില്‍ ജ്വലിപ്പിച്ച്, തീക്ഷ്ണതയിലും വിശുദ്ധിയിലും ഉറപ്പിച്ചതിന് ഞാനങ്ങയെ മഹത്വപ്പെടുത്തുന്നു.

ഇനി ഒരിക്കലും നിന്നില്‍ നിന്നു അകന്ന് പോകുവാന്‍ എന്നെ അനുവദിക്കരുതേ. ദുഷ്ടശത്രുക്കളില്‍ നിന്നും ജഡത്തിന്‍റെ വ്യാപാരങ്ങളില്‍ നിന്നും മനസ്സിന്‍റെ എല്ലാ ദുരാഗ്രഹങ്ങളില്‍ നിന്നും സദാസമയം എന്നെ കാത്തു സംരക്ഷിക്കണമേ. ഈശോയുടെ ഹൃദയശാന്തതയിലും എളിമയിലും എന്നെ വളര്‍ത്തണമേ. ശാന്തതയോടും വിനയത്തോടുംകൂടെ ഏവരോടും മറുപടി പറയാന്‍ എന്നെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.