വണക്കമാസം പതിമൂന്നാം ദിവസം, മരിയന്‍ പത്രത്തില്‍

ദൈവമാതാവിന്‍റെ അതിശ്രേഷ്ഠ മാതൃത്വം

മാതൃത്വം ശ്രേഷ്ഠമാണെങ്കില്‍ ദൈവമാതൃത്വം അതിശ്രേഷ്ഠവും അത്യുന്നതവുമാണ്. തിരുസഭ കന്യാമറിയത്തെ വിവിധ നാമങ്ങളില്‍ വിളിച്ചപേക്ഷിക്കുന്നുണ്ട്. അവയില്‍ ഏറ്റം ഉത്കൃഷ്ടവും മഹത്തരവുമായത് ദൈവമാതാവ് എന്നുള്ളതാണ്. പ. കന്യകയുടെ മഹത്വത്തിന്‍റെ എല്ലാ നിദാനവും അവളുടെ ദൈവമാതൃത്വമാണല്ലോ. ദൈവമാതാവ് എന്നുള്ള നിലയില്‍ മറിയത്തിന്‍റെ സ്ഥാനവും മഹിമയും വര്‍ണ്ണാതീതവും നമ്മുടെ പരിമിതമായ ബുദ്ധിക്ക് അതീതവുമാണ്.

വി.ബൊനവെന്തുര പറയുന്നു: “ദൈവത്തിനു കുറേക്കൂടി പരിപൂര്‍ണമായ മാലാഖമാരേയോ മഹത്തരമായ പ്രപഞ്ചത്തെയോ കൂടുതല്‍ മനോഹരമായ സ്വര്‍ഗ്ഗത്തെ തന്നെയുമോ സൃഷ്ടിക്കുവാന്‍ കഴിയും. എന്നാല്‍ ദൈവമാതാവിനെക്കാള്‍ പരിപൂര്‍ണയായ ഒരു അമ്മയെ സൃഷ്ടിക്കുക സാധ്യമല്ല.” ദൈവം മനുഷ്യനു പ്രദാനം ചെയ്തിരിക്കുന്ന എല്ലാ വിശേഷ വരങ്ങളിലും വച്ച് മഹോന്നതമായത് ദൈവമാതൃത്വമാണ്. മറ്റെല്ലാ വശങ്ങളും ഇതിനെ ആശ്രയിച്ചു നില്‍ക്കുന്നുവെന്ന് പറയാം. മറിയത്തിന്‍റെ അമലോത്ഭവവും നിത്യകന്യാത്വവുമെല്ലാം ദൈവമാതൃത്വത്തെ പ്രതിയാണ് അവര്‍ക്ക് നല്‍കപ്പെട്ടത്‌.

ദൈവമാതൃത്വം ക്രിസ്തുമതത്തിന്‍റെ അടിസ്ഥാന തത്വമാണ്. മറിയത്തെ ദൈവമാതാവായി നാം കണക്കാക്കുന്നിലെങ്കില്‍ നമ്മുടെ വിശ്വാസം യുക്തിഹീനമാണ്. മറിയത്തിന്‍റെ ദൈവമാതൃത്വം നിഷേധിക്കുന്നവര്‍ വിശ്വാസത്തിന്‍റെ അടിസ്ഥാനപരമായ മറ്റു പല സത്യങ്ങളെയും നിഷേധിക്കുന്നു. എന്നാല്‍ ദൈവമാതൃത്വം അംഗീകരിച്ചാല്‍ ‍മറ്റു വിശ്വാസ സത്യങ്ങളും അംഗീകരിക്കുവാന്‍ എളുപ്പമുണ്ട് താനും.

ജനിപ്പിക്കുക, പ്രസവിക്കുക മുതലായവ നാം വ്യക്തിയിലാണ് ആരോപിക്കുന്നത്. സ്വാഭാവിക ജനനത്തില്‍ മാതാപിതാക്കന്മാരുടെ പങ്ക് ശിശുവിന്‍റെ ശരീര രൂപീകരണമാണ്. അപ്രകാരം രൂപീകൃതമാകുന്ന ശരീരത്തില്‍ ദൈവം ആത്മാവിനെ നിവേശിപ്പിക്കുമ്പോള്‍ അത് വ്യക്തിയായിത്തീരുന്നു. എങ്കിലും നാം മാതാപിതാക്കന്മാരെക്കുറിച്ച് ഒരു വ്യക്തിയുടെ ശരീരത്തിന്‍റെ മാതാവ്, പിതാവ് എന്നല്ല പറയുന്നത്. ഇതുപോലെ പ.കന്യകയും മാംസമായി അവതരിച്ച ദൈവവചനത്തിന്‍റെ മാതാവ് അഥവാ ദൈവമാതാവ് എന്ന്‍ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ നമുക്കു പറയാന്‍ സാധിക്കും.

മറ്റു മാതാക്കളെപ്പോലെ മറിയവും തന്‍റെ ശിശുവിന് മനുഷ്യത്വം മാത്രമാണ് നല്‍കിയത്. എന്നിരുന്നാലും മനുഷ്യസ്വഭാവം സ്വീകരിച്ചത് ദൈവിക വ്യക്തിയാണ്. അതിനാല്‍ മറിയം ദൈവമാതാവാണ്. സാധാരണ മാതൃത്വത്തിനാവശ്യമായ ദാമ്പത്യ ധര്‍മ്മാനുഷ്ഠാനം മറിയത്തില്‍ സംഭവിച്ചിട്ടില്ല. ബാക്കിയുള്ള മാതൃത്വത്തിന്‍റേതായ കടമകള്‍ എല്ലാം അവള്‍ നിര്‍വഹിച്ചു.

മറിയം ദൈവസുതനെ ഒമ്പതു മാസക്കാലം സ്വന്തം ഉദരത്തില്‍ സംവഹിക്കുകയും സ്വരക്തത്താല്‍ പരിപോഷിപ്പിക്കുകയും ചെയ്തു. പ്രസവാനന്തരം സ്നേഹവും കരുതലും നല്‍കി പരിപോഷിപ്പിക്കുകയും ചെയ്തു. ആകയാല്‍ ദൈവമായ മിശിഹാ, അവളുടെ മാംസത്തിന്‍റെ മാംസവും രക്തത്തിന്‍റെ രക്തവുമാണെന്നു മേരിക്ക് പറയുവാന്‍ സാധിക്കും.

സംഭവം

ഹെന‍്റി ഗ്വനിയര്‍ (Henry Guiner) എന്ന പണ്ഡിതന്‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങളെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. 1862 ആണ്ടു മുതല്‍ നാല്‍പ്പതു വര്‍ഷക്കാലത്തേക്കു ലൂര്‍ദ്ദിലെ ഗ്രോട്ടോയുടെ സമീപത്ത് എന്‍റെ വേനല്‍ക്കാല വസതിയില്‍ ഞാന്‍ വിശ്രമിച്ചു വരികയാണ്. ലൂര്‍ദ്ദിലെ പട്ടണത്തില്‍ തന്നെ പത്തുകൊല്ലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇവിടെ വച്ച് അനേകായിരം തീര്‍ത്ഥാടകരുടെയും അനേകം രോഗികളുടെയും ഗമന നിര്‍ഗ്ഗമന‍ങ്ങള്‍ ഞാന്‍ കണ്ടു. വൈദ്യവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന മറ്റു പലരേയും പോലെ ഞാന്‍ അവിശ്വാസമുള്ളവനായിരുന്നു.

വളരെ ജോലിത്തിരക്കുള്ളവനും സമയം ഒട്ടും നഷ്ടപ്പെടുത്തുവാന്‍ പറ്റില്ലാത്ത ഒരാളാണ് താന്‍ എന്നായിരുന്നു എന്‍റെ ഭാവം. അലക്ഷ്യതയും മുന്‍വിധിയും നിമിത്തം മുപ്പതു വര്‍ഷക്കാലത്തേയ്ക്കു ലൂര്‍ദിലെ ഏറ്റവും വിലയുള്ള സാക്ഷ്യങ്ങളെ വകവയ്ക്കാതെ ജീവിച്ചു. എതിര്‍ക്കാനാവാത്ത ശക്തിയോടു കൂടിയ തെളിവുകളും ഏറ്റവും ആശ്ച്ചര്യാവഹമായി കൂടെക്കൂടെ നടന്നു കൊണ്ടിരുന്ന രോഗശമനങ്ങളും പ്രബലമായി. അത് എന്നില്‍ സ്വാധീനശക്തി ചെലുത്തി.

ഒടുവില്‍ എന്‍റെ ശിരസ്സു കുനിക്കുകയും എനിക്കുണ്ടായ ബോധ്യത്തെ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ലൂര്‍ദ്ദിലെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തില്‍ നടന്ന അത്ഭുതങ്ങളുടെ പരിശോധനയ്ക്കു വേണ്ടിയുള്ള ഈ ഹോസ്പിറ്റലില്‍ ഞാന്‍ കണ്ടിട്ടുള്ളതും അറിഞ്ഞിട്ടുള്ളതുമായവയെ സകല അത്ഭുതങ്ങളും സത്യമാണെന്നു സകലരെയും ഞാന്‍ ഇപ്പോള്‍ അറിയിച്ചു കൊള്ളുന്നു.

പ്രാര്‍ത്ഥന

ദൈവമേ, അങ്ങ് പ. കന്യകയെ അങ്ങേ മാതാവായി തെരഞ്ഞെടുത്ത് മഹത്വപ്പെടുത്തിയതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. അങ്ങേയ്ക്ക് ഞങ്ങള്‍ കൃതജ്ഞത പറയുന്നു.

ദൈവജനനി, അങ്ങ് സര്‍വ സൃഷ്ടികളിലും ഉന്നതയാണ്. അങ്ങ് ഞങ്ങളുടെ അഭിമാനപാത്രവുമത്രേ. ഞങ്ങള്‍ അവിടുത്തെ മഹത്വത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ഞങ്ങളുടെ ഹീനതയെ മനസ്സിലാക്കുന്നു. അവിടുത്തെ അനുസ്മരിച്ച് കൂടുതല്‍ വിശുദ്ധി പ്രാപിച്ച് അങ്ങേ ദിവ്യസുതന്‍റെ യഥാര്‍ത്ഥ അനുയായികളായിത്തീരുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കേണമേ.

സര്‍വോപരി ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലും ഞങ്ങള്‍ക്കും അങ്ങേ അനുഗ്രഹവര്‍ഷം ഉണ്ടാകട്ടെ. ലോകസമാധാനവും മാനവകുലത്തിന്‍റെ മാനസാന്തരവും ഐക്യവും സാധിച്ചു തിരുസഭ വിജയം വരിക്കുന്നതിനുള്ള കൃപ ലഭിച്ചു തരേണമേ.

എത്രയും ദയയുള്ള മാതാവേ.

ലുത്തീനിയ

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

സുകൃതജപം

ഉണ്ണീശോയേ ഉദരത്തില്‍ സംവഹിച്ച മാതാവേ, അങ്ങേ തിരുക്കുമാരനെ ഹൃദയത്തില്‍ സംവഹിക്കുവാന്‍ കൃപ ചെയ്യണമേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.