വിശുദ്ധ  സന്ദർശനം

ഗബ്രിയേൽ ദൂതൻ മറിയത്തെ സന്ദർശിക്കുകയും, അവളിലൂടെ നിറവേറേണ്ടതായ ദൈവീക പദ്ധതിയെക്കുറിച്ച്‌ വിശദമാക്കുകയും, സംശയങ്ങളെല്ലാം മാറിക്കഴിയുമ്പോൾ സമ്മതം കൊടുക്കുകയും ചെയ്തതിനെക്കുറിച്ച്‌ ലൂക്കായുടെ സുവിശേഷത്തിൽ നാം വായിക്കുന്നുണ്ട്‌ (ലൂക്കാ 1:26-38). ഈ വായന നൽകുന്ന ഒരു സുഖമുണ്ട്‌ അത്‌ വെറും സുഖമല്ല, ആത്മീയ സന്തോഷം നൽകുന്ന സുഖമാണ്‌.

പ്രാർത്ഥനയോടെയും അതിനോട്‌ ചേർന്ന വിശുദ്ധിയോടെയും ജീവിച്ചിരുന്ന മറിയത്തിന്റെ അടുക്കലേക്ക്‌ ദൈവം തന്റെ ദൂതനെ അയച്ചു എന്നത്‌ വിശ്വസിക്കാൻ സാധാരണ മനസുകൾ തയ്യാറാകില്ല. എന്നാലത്‌ സത്യമായിരുന്നു. ദൂതൻ ആദ്യം പറയുന്നത്‌ ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കർത്താവ്‌ നിന്നോടുകൂടെ! എന്നാണ്‌. ഇത്‌ കേൾക്കുമ്പോൾ അസ്വസ്ഥയാകുന്ന മറിയത്തോട്‌ കാര്യങ്ങൾ വ്യക്തമാക്കികൊടുക്കുകയും മറിയം അത്‌ വിശ്വസിക്കുകയും തുടർന്ന്‌ തന്റെ സമ്മതം അറിയിക്കുകയും ചെയ്യുകയാണ്‌.

ഒരു വിശുദ്ധ സന്ദർശനവും അതിനോട്‌ ചേർന്നുള്ള കുറേ നന്മകളുമാണ്‌ നാമിവിടെ വായിക്കുന്നതും ധ്യാനിക്കുന്നതും.
ദൈവം തന്റെ ദൂതനിലൂടെ മറിയത്തെ സന്ദർശിച്ചു എന്നതിന്റെ അർത്ഥം ദൈവം നേരിട്ട്‌ കാണാനെത്തി എന്ന്‌ തന്നെയാണ്‌. ഇതുപോലൊരനുഭവം ജീവിതത്തിൽ കിട്ടുകയെന്നത്‌ ഏറെ മഹത്തായ കാര്യമാണ്‌.

എന്നാൽ, ഇത്രയും മഹത്തായ ഭാഗ്യം മറിയത്തിന്‌ ലഭിക്കുമ്പോഴും മുൻപോട്ടുള്ള ജീവിതം ലളിതമായ വഴികളിലൂടെയല്ലായിരിക്കും എന്ന്‌ മറിയത്തിനറിയാം. യഹൂദ പാരമ്പര്യങ്ങളും മോശയിലൂടെ കിട്ടിയ നിയമങ്ങളും അവയുടെ നിരവധിയായ വ്യാഖ്യാനങ്ങളും സമൂഹത്തിൽ ഒരു സ്ത്രീക്ക്‌ കൊടുക്കുന്ന വിലയെക്കുറിച്ച്‌ കൃത്യമായും മറിയവും മനസിലാക്കിയിട്ടുണ്ടാകും എന്നതുറപ്പാണ്‌. പ്രതിസന്ധികൾ മാത്രമേ മുൻപിലുള്ളൂ. ദൂതൻ തന്റെ പക്കൽ വന്നതും പറഞ്ഞതുമൊക്കെ എത്ര വിശദീകരിക്കാൻ ശ്രമിച്ചാലും ആരും മനസിലാക്കില്ല, വിശ്വസിക്കുകയുമില്ല.

താൻ പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ചിരിക്കുന്നു എന്ന വിവരം അറിയുമ്പോൾ, ജോസഫ്‌ തന്നെ സ്വീകരിക്കാനുള്ള സാധ്യത വളരെ കുറവാണ്‌. ഇത്രയും നാളും വീട്ടുകാരുടെ ഓമന മകളായിരുന്ന താൻ അവിടെനിന്നും പുറംതള്ളപ്പെടാനും ഇടയുണ്ട്‌. ഒടുക്കം കല്ലെറിഞ്ഞും കൊല്ലപ്പെടാം.

കാര്യങ്ങളും യാഥാർത്ഥ്യങ്ങളും സാധ്യതകളുമൊക്കെ ഇങ്ങനെയാണെങ്കിലും, ഇവിടെ ഞാൻ മറിയത്തിൽ കാണുന്ന ഏറ്റവും വലിയ പ്രത്യേകത, ദൂതൻ കാര്യങ്ങൾ വ്യക്തമാക്കിക്കഴിയുമ്പോൾ, ഇതാ കർത്താവിന്റെ ദാസി നിന്റെ വാക്ക്‌ എന്നിൽ നിറവേറട്ടെ എന്ന മറുപടിയിലൂടെ അവൾ എത്തിച്ചേരുന്ന ശാന്തതയാണ്‌. അതിലൂടെ മറിയത്തിന്റെ ജീവിതം മുഴുവനായും മാറ്റപ്പെടുകയാണ്‌. ആ നിമിഷം മുതൽ മറിയം ചിന്തിക്കുന്നത്‌ തന്റെ മുൻപിലുള്ള പ്രതിസന്ധികളെക്കുറിച്ചല്ല, ദൈവം ഒരുക്കിയിരിക്കുന്ന സാധ്യതകളെക്കുറിച്ചാണ്‌. ഇതാണ്‌ മറിയത്തിൽ കാണാവുന്ന ആത്മീയമായ കൃപയുടെ അടയാളം. ഈ ശാന്തതയാണ്‌ മറിയത്തിന്റെ സന്തോഷത്തിന്റെ കാരണവും.

മറിയം പ്രാർത്ഥിച്ചതും ദൈവവിശ്വാസത്തിൽ ജീവിച്ചതും സ്വാർത്ഥപരമായ ലക്ഷ്യത്തോടെയല്ലായിരുന്നു. അക്കാരണത്താൽ തന്നെ മഹാഭാഗ്യമായി കിട്ടിയ ദൈവകൃപ അവളെ ഒരിക്കലും അഹങ്കാരിയാക്കിയില്ല. കൂടുതലായി ദൈവത്തിൽ ശരണപ്പെടുക മാത്രമാണവൾ ചെയ്തത്‌.

കൂദാശകളിലൂടെ ദൈവത്തെ ജീവിതത്തിൽ സ്വീകരിക്കുന്നവരും ദൈവത്തിന്റെ ദർശനം കിട്ടിയവരുമാണ്‌ വിശ്വാസികളായ നാമോരുത്തരും എന്നത്‌ മഹത്തായ ഭാഗ്യം തന്നെയാണ്‌. എന്നാൽ എന്തുകൊണ്ടോ മറിയത്തിന്റേതുപോലുള്ള ആത്മീയതയിലേക്ക്‌ നാം എത്തിച്ചേരാതെ പോകുന്നു എന്ന വസ്തുത നമ്മെ ചോദ്യം ചെയ്യുന്നുണ്ട്‌. എന്റെ ആത്മീയ ജീവിതം ഭൗതീകമായ പലകാര്യങ്ങളാലും ചുറ്റിപ്പിണഞ്ഞു കിടക്കുന്നതിനാലാകാം ഇത്തരം ആത്മീയ വഴികൾ എനിക്ക്‌ അന്യമായിപ്പോകുന്നത്‌.

എന്നെ എത്രയോ പേർ സന്ദർശിക്കുന്നു ഞാൻ എത്രയോ പേരെ സന്ദർശിക്കുന്നു. എന്നാൽ മിക്കപ്പോഴും ഇത്തരം സന്ദർശനങ്ങളിൽ ആത്മീയമായ സന്തോഷമോ സുഖമോ ഒന്നും അനുഭവപ്പെടാത്തതെന്തുകൊണ്ടാണ്‌? മറിയത്തിന്റെ നന്മയും വിശുദ്ധിയും അറിഞ്ഞാണ്‌ ദൈവം തന്റെ പുത്രന്റെ അമ്മയാകാനായി അവളുടെ സമ്മതം തേടുന്ന തും അവളുടെ അരികിലേക്കെത്തുന്നതും.

എന്നാൽ ഞാൻ ഒരാളെ സന്ദർശിക്കുന്നതും എന്നെ ഒരാൾ സന്ദർശിക്കുന്നതിന്റേയും പിന്നിലുള്ള ചേതോവികാരം പലപ്പോഴും നന്മയുള്ളതാകണമെന്നില്ല.
പലപ്പോഴും വൈദീകർ നടത്തുന്ന പല സന്ദർശനങ്ങളും ആത്മീയക്ഷേമാന്വേഷണത്തിന്റെ ഭാഗമായല്ലാ പകരം ഏതെങ്കിലും ആവശ്യങ്ങൾ, പ്രത്യേകിച്ച്‌ പിരിവുമായി ബന്ധപ്പെട്ടതാണെന്നും നിങ്ങൾക്ക്‌ പണം മാത്രം മതിയല്ലോ, ഞങ്ങളുടെ വേദനയും കണ്ണുനീരും കാണാനോ മനസിലാക്കാനോ മനസില്ലല്ലോ, തുടങ്ങിയ കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ഏറെ കേട്ടിട്ടുണ്ട്‌. ഈ കളിയാക്കലുകളിലും കുറ്റപ്പെടുത്തലുകളിലും കുറെയേറെ സത്യവുമുണ്ട്‌ എന്നത്‌ ഞാൻ അംഗീകരിക്കുന്നു.

ഇത്തരം രീതികൾ മാറ്റിയെടുക്കുമ്പോൾ, കർത്താവിനെപ്പോലെ കരുതലുള്ളവരായി നമ്മളും മാറും. ഓരോ സന്ദർശനവും സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും പങ്കുവയ്ക്കലിന്റേയും മാധുര്യം പകരുന്നവയുമാകും.“എന്നെക്കൊണ്ട്‌ ഒരൂ പ്രയോജനവുമില്ലാത ഒരാള്‌ എന്നെക്കാണാൻ വരുന്നത്‌ ഇതാദ്യമായിട്ടാണ്‌” ഹൗ ഓൾഡ്‌ ആർ യു എന്ന സിനിമയിലെ ഒരു സംഭാഷണമാണ്‌.

ദൂതനിലൂടെ തന്നെ ദൈവം സന്ദർശിച്ചു കഴിയുമ്പോൾ മറിയം തന്റെ ഇളയമ്മയായ എലിസബത്തിനെ സന്ദർശിച്ചതിനെക്കുറിച്ച്‌ വായിക്കുന്നുണ്ട്‌ (ലൂക്കാ 1:39-45). ദൈവമാണ്‌ മറിയത്തിന്റെ മുൻപിലേക്ക്‌ ദൂതനിലൂടെ കടന്നുവന്നത്‌ എന്ന്‌ ഉറപ്പിക്കുന്നത്‌ ഈ വചനഭാഗമാണ്‌. മറിയത്തിന്റെ അഭിവാദന സ്വരത്തിൽ എലിസബത്തിന്റെ ഉദരത്തിലെ ശിശു കുതിച്ചുചാടി, അവൾ പരിശുദ്ധാത്മാവ്‌ നിറഞ്ഞവളുമായി. ഇതിലും വലിയ തെളിവ്‌ വേറെ എന്തുവേണം. എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്തുവരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെനിന്ന്‌. ഇതാണ്‌ എലിസബത്തിന്റെ സന്തോഷം നിറഞ്ഞ വാക്കുകൾ.

എലിസബത്തിനെക്കൊണ്ട്‌ മറിയത്തിന്‌ യാതൊരു ആവശ്യവുമില്ല. പക്ഷേ മറിയം സ്വമനസ്സാലെ എത്തിച്ചേർന്ന്‌ ശുശ്രൂഷ ചെയ്യുകയാണ്‌. മറിയത്തിന്റെ പക്കലെത്തിയ ദൂതൻ പകർന്നുകൊടുത്ത അതേ ചൈതന്യമാണ്‌ മറിയം എലിസബത്തിലേക്കും കൈമാറുന്നത്‌. ഇപ്രകാരമായിരിക്കണം ഏതൊരു ക്രിസ്തുവിശ്വാസിയും എന്നൊരു ഓർമ്മപ്പെടുത്തലുണ്ട്‌ ഈ ജീവിത സാക്ഷ്യത്തിൽ.
ദൈവം തന്റെ ദൂതനിലൂടെ മറിയത്തെ സന്ദർശിച്ചു.

ഈ സന്ദർശനം മറിയത്തിനു മാത്രമല്ല ലോകത്തിനു മുഴുവനും രക്ഷ കിട്ടാനുള്ള വഴിയായി മാറി. തനിക്ക്‌ കിട്ടിയ ദൈവീക സന്ദർശനത്താൽ കുറേയേറെ സാധ്യതകൾക്ക്‌ പാത്രമാകാൻ മനുഷ്യർക്ക്‌ കഴിയുമെന്നും മറിയം ഓർമ്മിപ്പിക്കുന്നു. മറിയത്തോട്‌ ചേർന്ന്‌ അപരനെ സന്ദർശിക്കുന്നതിന്റെ ആത്മീയാന്ദം നുകരാനുള്ള കൃപയ്ക്കായി നമുക്കും പ്രാർത്ഥിക്കാം. നമ്മുടെ സന്ദർശനങ്ങളും വിശുദ്ധമാക്കാം.

മാലാഖ മറിയത്തെ സന്ദർശിച്ചതിന്റെ ഓർമ്മയിൽ പ്രാർത്ഥിക്കുന്ന ഈ ദിവസം നമ്മുടെ ഹൃദയങ്ങളിൽ നന്മ നിറയാനും പരിശുദ്ധ അമ്മയെപ്പോലെ വിശുദ്ധി പകരുന്നവരുമായി മാറാനുമുള്ള വരത്തിനായി ആഗ്രഹിക്കുകയും ചെയ്യാം.

പോൾ കൊട്ടാരം കപ്പൂച്ചിൻ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.