പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിലൂടെ ലഭിക്കുന്ന സദ്ഫലങ്ങള്‍

പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിലൂടെ നമുക്ക് വരങ്ങളും ദാനങ്ങളും ഫലങ്ങളും ലഭിക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആത്മാവിന്റെ ഫലങ്ങളാണ്. സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, നന്മ, ദയ, സൗമ്യത, ആത്മസംയമനം, വിശ്വസ്തത എന്നിവയാണ് ആത്മാവിന്റെ ഫലങ്ങളെന്ന് ഗലാത്തി 5:22 നമ്മോട് പറയുന്നു. പരിശുദ്ധാത്മാവ് കടന്നുവരുന്നതോടെ നമ്മുടെ ഉള്ളില്‍ നിന്ന് സ്‌നേഹത്തിന് വിരുദ്ധമായി നില്ക്കുന്ന വെറുപ്പ് അകന്നുപോകുന്നു. ആനന്ദത്തിന് പകരമായ നിരാശയും സമാധാനത്തിന് വിരുദ്ധമായ കലഹവും ഇല്ലാതെയാകുന്നു. ക്ഷമിക്കാനും നന്മ കാണിക്കാനും ദയയുള്ളവരാകാനും സൗമ്യതയോടെ സംസാരിക്കാനും ആത്മസംയമനത്തോടെ പെരുമാറാനും വിശ്വസ്തരാകാനും നമുക്ക് കരുത്തു ലഭിക്കുന്നു. പരിശുദ്ധാത്മാവ് കടന്നുവരുമ്പോള്‍ നമ്മുടെ ജീവിതം പുതുതായി നവീകരിക്കപ്പെടുന്നു.

പരിശുദ്ധാത്മാവിന്റെ ദാനങ്ങളായ ജ്ഞാനം, ബുദ്ധി, അറിവ്, ആലോചന, ദൈവഭക്തി, ദൈവഭയം എന്നിവ ലഭിക്കുമ്പോഴും നമ്മുടെ ജീവിതം കൂടുതല്‍ മനോഹരമാകുന്നു. തെറ്റുപറ്റാത്ത തീരുമാനങ്ങള്‍ എടുക്കാന്‍ നമുക്ക് കരുത്തു ലഭിക്കുന്നത് പരിശുദ്ധാത്മാവ് നമുക്ക് സഹായകനായി ഉള്ളപ്പോഴാണ്.

ഭാഷാവരം, ആത്മാക്കളെ തിരിച്ചറിയാനുള്ള വരം, രോഗശാന്തിവരം, ദര്‍ശനവരം, പ്രവചനവരം എന്നിവയാണ് പരിശുദ്ധാത്മാവിന്റെ വരങ്ങള്‍.

പെന്തക്കുസ്താ തിരുനാളില്‍ നാം പ്രാര്‍ത്ഥിക്കേണ്ടത് ഈ വരങ്ങള്‍ക്കും ഫലങ്ങള്‍ക്കും ദാനങ്ങള്‍ക്കും വേണ്ടിയായിരിക്കണം.

പരിശുദ്ധാത്മാവേ എന്റെ ജീവിതത്തിലേക്ക് കടന്നുവരണമേ, എന്റെ സഹായകനായിരിക്കണമേ, എന്റെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണമേ. എന്റെ ചിന്തകളെയും ആലോചനകളെയും പ്രവൃത്തികളെയും തീരുമാനങ്ങളെയും പെരുമാറ്റത്തെയും സംസാരത്തെയും അങ്ങേ ഇഷ്ടം പോലെ പരിവര്‍ത്തിപ്പിക്കണമേ. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.