വീടുകളും ഓഫീസുകളും മറ്റും പുതുതായി വെഞ്ചരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ?

വീടുകളും ഫഌറ്റുകളും ഓഫീസുകളും മറ്റും ആദ്യമായി ഉപയോഗിക്കുമ്പോള്‍ നാം വെഞ്ചരിക്കാറുണ്ട്. ആത്മീയമായ പല അര്‍ത്ഥതലങ്ങളും ഈ വെഞ്ചിരിപ്പില്‍ അടങ്ങിയിട്ടുണ്ട്. ഒന്നാമതായി നാം ദൈവത്തിന്റെ സംരക്ഷണത്തിനായി വീടിനെ ഏല്പിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.

കര്‍ത്താവേ അങ്ങയുടെ ദാസര്‍ ഇതാ.. ഈ വീടിനെ അങ്ങേയ്ക്കായി സമര്‍പ്പിക്കുന്നു. അവിടുത്തെ അനുഗ്രഹം ഞങ്ങള്‍ യാചിക്കുന്നു എന്നാണ് നാം അതിലൂടെ പറയുന്നത്. ഇസ്രായേല്‍ ജനതയുടെ കാലം മുതല്‍ നാം കാണുന്നതാണ് വെഞ്ചിരിപ്പിന്റെ പാരമ്പര്യം. കുഞ്ഞാടിന്റെ രക്തം കട്ടിളപ്പടികളില്‍ തളിക്കുകയും സംഹാരദൂതന്‍ അവരെ കടന്നുപോകുകയും ചെയ്തിരുന്നതായി നാം വായിക്കുന്നുണ്ടല്ലോ.

ആദ്യനൂറ്റാണ്ടുകളില്‍ മതപീഡനങ്ങളുടെ കാലത്ത് വീടുകളിലായിരുന്നു ആരാധനകളും മറ്റ് ഭക്തകൃത്യങ്ങളും അനുഷ്ഠിച്ചിരുന്നത്. ഹൗസ് ചര്‍ച്ച് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. വിശുദ്ധ ഗ്രന്ഥത്തില്‍ വീടുകള്‍ക്ക് വലിയ പ്രാധാന്യം കൊടുത്തിട്ടുണ്ട്. അബ്രാഹത്തിന്റെ ആതിഥേയത്വമര്യാദയെക്കുറിച്ചും മാര്‍ത്തയുടെയും മേരിയുടെയും സക്കേവൂസിന്റെയും വീടുകളിലെ സല്‍ക്കാരത്തെക്കുറിച്ചും നാം വായിക്കുന്നുണ്ട്.

ഒരു വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ സമാധാനം ആശംസിക്കണമെന്ന് ഈശോ നിര്‍ദ്ദേശം നല്കിയിരുന്നതായും ലൂക്ക 10:5 ല്‍ വായിക്കുന്നുണ്ട്.

ചുരുക്കത്തില്‍ നമ്മുടെ വീടുകളുടെ സുരക്ഷയ്ക്കും ദൈവാനുഗ്രഹം പ്രാപിക്കുന്നതിനുംവേണ്ടിയാണ് വീടുകള്‍ വെഞ്ചരിക്കുന്നത്. ദൈവം നമ്മുടെ ഭവനം സംരക്ഷിക്കുന്നുവെന്ന ഉറപ്പിനോളം വലുത് മറ്റെന്താണുള്ളത്?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.