ആന്തരിക സമാധാനം നിറയാനായി ഇങ്ങനെ പ്രാര്‍ത്ഥിക്കൂ

സമാധാനമാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ പൊതുവെ സമാധാനാന്തരീക്ഷത്തില്‍ ജീവിക്കുമ്പോഴും ആന്തരികമായി നാം സമാധാനം അനുഭവിക്കണം എന്നില്ല. കാരണം പലവിധ ചിന്തകളാലും പ്രശ്‌നങ്ങളാലും കലുഷിതമാണ് നമ്മുടെ അന്തരംഗം. ഞാന്‍ നിങ്ങള്‍ക്ക് എന്റെ സമാധാനം നല്കുന്നുവെന്നാണ് തിരുവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. എന്നാല്‍ ഈ സമാധാനം നേടിയെടുക്കുക വെറും മനുഷ്യപ്രയത്‌നം കൊണ്ടു മാത്രം സാധ്യമല്ല. സമാധാനത്തിനുവേണ്ടിയുള്ള ആഗ്രഹവും ശ്രമവുമാണ് നമ്മെ സമാധാനത്തില്‍ കൊണ്ടുചെന്നെത്തിക്കുന്നത്, അതിന് നമുക്കേറ്റവും ആവശ്യം ദൈവാനുഗ്രഹവും ദൈവികസാന്നിധ്യവുമാണ്. ദൈവത്തിന് മാത്രമേ നമുക്ക് ശാശ്വതമായസമാധാനം നല്കാന്‍ കഴിയൂ. ദൈവം തരുന്ന സമാധാനമാണ് ഒരിക്കലും അവസാനിക്കാത്തതായുളളത്.
അതുകൊണ്ട നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം.

ഓ അനന്തനന്മസ്വരൂപിയായ ദൈവമേ എല്ലാ നന്മപ്രവൃത്തികളുടെയും സല്‍ചിന്തകളുടെയും അടിസ്ഥാനമായവനേ എന്റെ ഹൃദയവിചാരങ്ങളും വികാരങ്ങളും ഞാന്‍ അങ്ങേയ്ക്കായി സമര്‍പ്പിക്കുന്നു. എന്റെ ഹൃദയത്തെ അസ്വസ്ഥമാക്കുന്ന എല്ലാവിധ ചിന്തകളില്‍ നിന്നും എനിക്ക് മോചനം നല്കുകയും പരമമായ ശാന്തി എന്നില്‍ നിറയ്ക്കുകയും ചെയ്യണമേ. അവിടുത്തെ നിയമങ്ങള്‍ അനുസരിക്കാതെ പോകുമ്പോഴാണ് എന്റെ മനസ്സില്‍ സമാധാനം നഷ്ടമാകുന്നതെന്ന് ഞാന്‍ തിരിച്ചറിയുന്നു. അതിനാല്‍ അങ്ങയുടെ നിയമങ്ങളോടുള്ള സ്‌നേഹവും അത് അനുസരിക്കാനുള്ള ധൈര്യവും എനിക്ക് നല്കണമേ. ലൗകികവസ്തുക്കളിലോ വ്യക്തികളിലോ സമാധാനം കണ്ടെത്താന്‍ എനിക്കൊരിക്കലും ഇടയാവരുതേ. ഓ സമാധാനദാതാവേ എന്റെ ഹൃദയത്തില്‍സമാധാനം നിറയ്ക്കണമേ. അങ്ങ് നല്കുന്നതൊന്നും തിരികെ എടുക്കപ്പെടുകയില്ലല്ലോ. ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.