അഭിവൃദ്ധി പ്രാപിക്കാനും ജീവിത വിജയം നേടാനും ആഗ്രഹമുണ്ടോ, ഈ വചനം പറഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ മതി

ജീവിതവിജയം എല്ലാവരുടെയും സ്വപ്‌നമാണ്; ആയിരിക്കുന്ന മേഖലകളിലെല്ലാം അഭിവൃദ്ധിയും. എന്നാല്‍ വിജയിക്കാനോ അഭിവൃദ്ധിപ്രാപിക്കാനോ പലര്‍ക്കും കഴിയാറില്ല. അദ്ധ്വാനിക്കാത്തതുകൊണ്ടോ കഴിവില്ലാത്തതുകൊണ്ടോ അല്ല എന്തുകൊണ്ടോ അത്് അങ്ങനെ സംഭവിച്ചുപോകുകയാണ്. ഇത്തരമൊരു അവസ്ഥ പലരെയും നിരാശരാക്കാറുണ്ട്. ഇങ്ങനെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്കായി ധ്യാനഗുരുക്കന്മാരും വചനപ്രഘോഷകരും നിര്‍ദ്ദേശിക്കുന്ന വചനമാണ ജോഷ്വാ 1:8.
ആ വചനം ഇതാണ്: ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്ധിക്കണം. അതിനെക്കുറിച്ചു രാവും പകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്ധിപ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും.

ഈ വചനത്തിന്റെ യോഗ്യതയാല്‍ നമുക്ക് തുടര്‍ന്ന് ഇപ്രകാരം പ്രാര്‍ത്ഥിക്കാം:
ദൈവമേ എന്റെ ജീവിതത്തിന്റെ നന്മയ്ക്കായി നീ നല്കിയ പ്രമാണങ്ങളെയും ചട്ടങ്ങളെയും പലപ്പോഴും പാലിക്കാന്‍ എനിക്ക് കഴിയാതെ പോയിട്ടുണ്ട്. ദുര്‍ബലനും ബലഹീനനുമായ ഞാന്‍ ഇതിനകം അനേകം തവണ അവ വിസ്മരിക്കുകയും പാപത്തിന്റെ നൈമിഷികസുഖം തേടിപോകുകയും ചെയ്തിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളെയോര്‍ത്ത് ഞാന്‍ അങ്ങയോട് മാപ്പ് ചോദിക്കുന്നു. തുടര്‍ന്നുള്ള ജീവിതസാഹചര്യങ്ങളില്‍ അങ്ങയുടെ പ്രമാണങ്ങള്‍പാലിക്കാനും അനുസരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ എന്റെ മനുഷ്യപ്രകൃതം കൊണ്ട് അത് പലപ്പോഴും അസാധ്യമാകുന്നു. ആയതിനാല്‍ അവിടുത്തെപരിശുദ്ധാത്മാവിനെ അയച്ച് എന്നെ ശക്തിപ്പെടുത്തുകയും വചനം പാലിക്കാന്‍ എന്നെ കരുത്തുള്ളവനാക്കുകയും ചെയ്യണമേ. അവിടുത്തെ ന്യായപ്രമാണങ്ങളെക്കുറിച്ച് രാവും പകലും ധ്യാനിക്കാന്‍ എനിക്ക് കഴിവു നല്കണമേ. അവ അനുസരിക്കാന്‍ എനിക്ക് ശക്തി നല്കണമേ. വചനത്തിന് അനുസരിച്ച് ജീവിക്കാനും ്പ്രമാണങ്ങള്‍ പാലിക്കാനുമുള്ള കഴിവിലൂടെ എന്റെ ജീവിതം അഭിവൃദ്ധിപ്രാപിക്കുമെന്നും ഞാന്‍ വിജയിക്കുമെന്നും ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. വചനം അയച്ച് എന്നെ സൗഖ്യപ്പെടുത്തണമേ. വചനം അനുസരിച്ച് ജീവിക്കുന്നതിലൂടെ ഞാന്‍ അഭിവൃദ്ധി പ്രാപിക്കട്ടെ. ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.