നാം ഓരോരുത്തരും വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത് എന്നാണ് തിരുവചനം നമ്മെ പ്രബോധിപ്പിക്കുന്നത്. പക്ഷേ വിശുദ്ധിയെന്നത് വളരെ അപ്രാപ്യമായ ഒന്നാണെന്നാണ് നമ്മുടെ ധാരണ. അവനും അവള്‍ക്കും വിശുദ്ധരാകാമെങ്കില്‍ എന്തുകൊണ്ട് എനിക്ക് വിശുദ്ധനോ വിശുദ്ധയോ ആയിക്കൂടായെന്ന് ചിന്തിക്കുന്നവര്‍ വളരെ കുറവാണ്. വിശുദ്ധിക്കുവേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമവും ആഗ്രഹവും വിശുദ്ധരായി ജീവിക്കാന്‍ അത്യാവശ്യമാണ്.
ഒരു പക്ഷേ നമ്മള്‍ വിശുദധരായി നാമകരണംചെയ്യപ്പെടില്ലായിരിക്കും എങ്കിലും വിശുദ്ധരായി നമുക്ക് ജീവിക്കാനും മരിച്ച് സ്വര്‍ഗ്ഗം പ്രാപിക്കാനും നമുക്ക് കഴിയും. ശരീരത്തോടുളള അതിരുകടന്ന ഭ്രമവും മോഹങ്ങളുമാണ് വിശുദ്ധിക്ക് വിഘാതമായിനില്ക്കുന്നത്. അതുകൊണ്ട് ശരീരത്തെ അത്യധികം ഗൗരവത്തിലെടുക്കാതിരിക്കുകയും ശരീരത്തിന്റെ ദുരാശകളെ തൃപ്തിപ്പെടുത്താതിരിക്കുകയും ചെയ്യുക. ഉറക്കം, ഭക്ഷണം, ലൈംഗികത എന്നീ വിഷയങ്ങളിലുള്ള ഉപവാസം ഇതിനേറെ സഹായകരമാണ്. ആഗ്രഹമുണ്ടായിട്ടും ചിലത് വേണ്ടെന്ന് വയ്ക്കുക.
ശരീരത്തെ നിയന്ത്രിച്ചുനിര്‍ത്തുക. ഇതിനായി യേശുവിന്റെ തിരുരക്തത്താല്‍ കഴുകാന്‍ പ്രാര്‍ത്ഥിക്കണം.വചനം വായിച്ച് വചനം ജീവിതത്തില്‍നിറയ്ക്കുക. പരിത്യാഗപ്രവൃത്തികള്‍ ചെയ്യുക, എന്നിവയും ഇതിന്‌സഹായകരമാണ് കൂടാതെ ജീവിതവിശുദ്ധി പാലിക്കാന്‍ മാതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുക,ജപമാല ചൊല്ലുക. വിശുദ്ധ കുര്‍ബാനയില്‍ നിത്യവും പങ്കെടുക്കുകയും വിശുദ്ധകുമ്പസാരം ഇടയ്ക്കിടെ നടത്തി വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്യുക. ഇതിനൊക്കെ പുറമെ പാപം ചെയ്യാനും വിശുദ്ധി നഷ്ടപ്പെടാനും സാധ്യതയുളളഎല്ലാ മേഖലകളും വിട്ടുപേക്ഷിക്കുക. ബോധപൂര്‍വ്വം അവിടെ നിന്ന് മാറിനില്ക്കുക.
വ്യക്തികള്‍മുതല്‍ ഇന്റര്‍നെറ്റ് വരെയുള്ള എത്രയോ സാഹചര്യങ്ങളാണ് നമ്മുടെ വിശുദ്ധി ചോര്‍ത്തിക്കളയുന്നതെന്ന് ആലോചിച്ചുനോക്കൂ..