പുതു തലമുറയെ എങ്ങനെ മരിയഭക്തരാക്കി മാറ്റാം?

മാതാപിതാക്കളുടെ തുടര്‍ച്ചയാണല്ലോ മക്കള്‍? മാതാപിതാക്കളെ മക്കള്‍, അവരറിയാതെ അനുകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. മാതാപിതാക്കളുടെ പ്രവൃത്തി, പ്രാര്‍ത്ഥന, പെരുമാറ്റം, സംസാരം എന്നിവയെല്ലാം മക്കള്‍ മനസ്സിലാക്കിയെടുക്കുന്നുണ്ട്.

അതുകൊണ്ട് മക്കളെ ആത്മീയജീവിതത്തില്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ നിര്‍ബന്ധമായും ആത്മീയവഴിയില്‍ ചരിക്കേണ്ടതുണ്ട്. മാതാപിതാക്കള്‍ ചൊല്ലിതന്നവയായിരുന്നുവല്ലോ നമ്മുടെ ആദ്യത്തെ പ്രാര്‍ത്ഥനകള്‍. അതുപോലെ മാതാവിനോടുളള ഭക്തിയില്‍ മക്കള്‍ വളരണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ തീര്‍ച്ചയായും മരിയഭക്തരായിരിക്കണം.

മക്കളെ മാതാവിലേക്ക് അടുപ്പിക്കുന്നവരായിരിക്കണം. മക്കള്‍ക്ക് മാതാവിനെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നവരായിരിക്കണം. മെയ് മാസം പ്രത്യേകമായി മാതാവിന്റെ വണക്കത്തിനായുള്ളതാണല്ലോ. ഈ ദിവസങ്ങളില്‍ വീടുകളില്‍ വണക്കമാസ പ്രാര്‍ത്ഥനകള്‍ നിര്‍ബന്ധമാക്കുക. മാതാവിന്റെ രൂപം പ്രത്യേകമായി അലങ്കരിക്കുക. മാതാവിന്റെ രൂപത്തിന് മുമ്പില്‍ പൂക്കള്‍ വയ്ക്കുക , തിരികള്‍ കത്തിക്കുക എന്നിവയെല്ലാം ചെയ്യാന്‍ മക്കളെ പ്രേരിപ്പിക്കണം. അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളുമായി കൂടെയുണ്ടായിരിക്കുകയും വേണം.

മാതാവിനെക്കുറിച്ചുളള പാട്ടുകള്‍ പഠിപ്പിച്ചുകൊടുക്കുകയും സന്ധ്യാപ്രാര്‍ത്ഥനകളില്‍ മരിയഗാനങ്ങള്‍ പാടുകയും ചെയ്യുക. ഇതിലൂടെയെല്ലാം മക്കള്‍ മാതാവിനോട് സ്‌നേഹമുള്ളവരായി മാറും.

അതുപോലെ മക്കളോട് നിര്‍ബന്ധമായും പറഞ്ഞുകൊടുക്കേണ്ട മറ്റൊരുകാര്യമുണ്ട്. അമ്മയുടെ വിമലഹൃദയത്തിന് സ്വയം സമര്‍പ്പിക്കണമെന്ന്. ഈ ലോകത്തില്‍ എല്ലാവിധ അപകടങ്ങളില്‍ നിന്നുംമാതാവ് നമ്മെ രക്ഷിക്കുമെന്ന്. നമുക്ക് ഈ ലോകത്തില്‍ കി്ടടിയിരിക്കുന്നതില്‍ സ്വര്‍ഗ്ഗത്തെ നോക്കി മാധ്യസ്ഥം പ്രാര്‍ത്ഥിക്കാവുന്ന ഏറ്റവും ശക്തിയുള്ള വ്യക്തി മറിയമാണെന്ന്. എന്റെ അമ്മേ എന്റെ ആശ്രയമേ എന്നതുപോലെയുള്ള സുകൃതജപങ്ങള്‍ മക്കള്‍ക്ക് പറഞ്ഞുകൊടുക്കുകയും വേണം.

നമ്മുടെ മക്കള്‍ മാതാവിനോടുള്ള സ്‌നേഹത്തില്‍ വളരട്ടെ. അമ്മ അവരെ പൊതിഞ്ഞു സംരക്ഷിക്കുക തന്നെ ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.