ഉണ്ണീശോയ്ക്ക് ജന്മം നല്കുമ്പോള്‍ പരിശുദ്ധ മറിയം പ്രസവവേദന അനുഭവിച്ചിരുന്നോ?

ഏറ്റവും വലിയ വേദനയാണ് പ്രസവവേദന എന്നാണ് പറയാറ്. ഒരു സ്ത്രീക്ക് അനുഭവിക്കേണ്ടിവരുന്നതില്‍ വച്ചേറ്റവും വലിയ വേദനയുമാണത്. എന്നാല്‍ കാലിത്തൊഴുത്തില്‍ ഉണ്ണീശോയ്ക്ക് ജന്മം നല്കുമ്പോള്‍ പരിശുദ്ധ മറിയം ഈ വേദന അനുഭവിച്ചിരുന്നോ?

ന്യായമായും ഉണ്ടാകാവുന്ന സംശയമാണിത്. എന്നാല്‍ പരിശുദ്ധ മറിയം പ്രസവവേദന അനുഭവിച്ചിരുന്നില്ല എന്നാണ് പാരമ്പര്യവിശ്വാസം. സഭാ പിതാക്കന്മാരും ഇക്കാര്യം ആവര്‍ത്തിക്കുന്നുണ്ട്.

പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം സ്വീകരിച്ച പരിശുദ്ധ മറിയം പ്രസവസമയത്ത് വേദന അനുഭവിച്ചിരുന്നില്ല. കുഞ്ഞിന് ജന്മം നല്കുമ്പോള്‍ സ്ത്രീ അനുഭവിക്കുന്ന വേദനയുടെ കാരണമായി പറയുന്നത് ജന്മപാപമാണ്. പരിശുദ്ധ മറിയം ജന്മപാപമില്ലാതെ ജനിച്ചവളായിരുന്നു. അതുകൊണ്ടുതന്നെ അവള്‍ക്ക് ഇത്തരം വേദനകളിലൂടെ കടന്നുപോകേണ്ടതായി വന്നിട്ടുമില്ല. 1566 ലെ ട്രെന്റ് കൗണ്‍സില്‍ ഇക്കാര്യം വിശദമാക്കുന്നത് ഇങ്ങനെയാണ്. ദൈവം ഹവ്വയോട് പറയുന്നത് നീ വേദനയോടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കുമെന്നാണ്.( ഉല്പ 3:16) എന്നാല്‍ മേരി ഈ നിയമത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്നുണ്ട്.

ഏശയ്യ പ്രവാചകന്‍ ഇങ്ങനെയാണ് പറയുന്നത്. കന്യക ഒരു പുത്രനെ ഗര്‍ഭം ധരിച്ച് പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പെടും. കന്യകാത്വത്തിന് ഭംഗംവരാതെയായിരുന്നു മേരി ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും.

സമയമാകുന്നതിന് മുമ്പേ അവള്‍ പ്രസവിച്ചു, പ്രസവവേദന ഉണ്ടാകുന്നതിന് മുമ്പേതന്നെ അവള്‍ ഒരു പുത്രനെ പ്രസവിച്ചു. ആരെങ്കിലും ഇങ്ങനൊന്ന് കേട്ടിട്ടുണ്ടോ എന്ന് ഏശയ്യാപ്രവാചകന്‍ പറയുന്നു.

ന്യാസയിലെ വിശുദ്ധ ഗ്രിഗറി, മിലാനിലെ വിശുദ്ധ അംബ്രോസ്, ഹിപ്പോയിലെ വിശുദ്ധ ആഗസ്തിനോസ് എന്നിവരും മാതാവ് വേദനയില്ലാതെ ഈശോയെ പ്രസവിച്ചു എന്ന് അഭിപ്രായപ്പെടുന്നവരാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.