ജീവിതത്തില്‍ ഒരു അത്ഭുതം നടക്കാന്‍ വേണ്ടി നാം എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്?

നിങ്ങള്‍ ഇപ്പോള്‍ ഒരു മാരകരോഗത്തിന്റെ പിടിയിലാണ് എന്ന് വിചാരിക്കുക, അല്ലെങ്കില്‍ സാമ്പത്തികമായ പ്രതിസന്ധിയിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്, അതുമല്ലെങ്കില്‍ കുടുംബജീവിതത്തില്‍ ജീവിതപങ്കാളി മൂലമോ മക്കള്‍ മൂലമോ വിവിധങ്ങളായ പ്രശ്‌നങ്ങളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്.

ഇവിടെയെല്ലാം ഒരു അത്ഭുതം സംഭവിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അപ്പോള്‍ എങ്ങനെ പ്രാര്‍ത്ഥിക്കണം? വെറുതെ പ്രാര്‍ത്ഥിച്ചതുകൊണ്ട് നമ്മുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം എന്നില്ല. അതിന് ആദ്യമുണ്ടായിരിക്കേണ്ടത് വിശ്വാസമാണ്.

ഗബ്രിയേല്‍ മാലാഖ പരിശുദ്ധ മറിയത്തോട് മംഗളവാര്‍ത്ത അറിയിക്കുമ്പോള്‍ പറയുന്നത് ഓര്‍മ്മിക്കുക, ദൈവത്തിന് ഒന്നും അസാധ്യമായിട്ടില്ല. (വിശുദ്ധ ലൂക്കാ 1: 37) ദൈവത്തിന് ഒന്നും അപ്രാപ്യമല്ല. അതുപോലെ മത്തായിയുടെ സുവിശേഷം പതിനേഴാം അധ്യായം 20,21 ലും നമ്മള്‍ വിശ്വാസത്തിന്റെ പ്രാധാന്യം കാണുന്നു.

കടുകു മണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മല കടലില്‍ ചെന്ന് പതിക്കുമെന്നാണ് ഈശോ ശിഷ്യരോട് പറയുന്നത്. നിന്റെ വിശ്വാസം മൂലം നീ രക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് ക്രിസ്തു പറയുന്നുമുണ്ട്. ഇങ്ങനെ ഏത് അത്ഭുതം സംഭവിക്കുമ്പോഴും നമ്മള്‍ ദൈവത്തില്‍ അടിയുറച്ചുവിശ്വസിക്കേണ്ടതുണ്ട്.

ഏതു തടസങ്ങളെയും മറി കടക്കാന്‍ നമുക്ക് കഴിയുന്നത് ആഴമായ വിശ്വാസം കൊണ്ടുമാത്രമാണ്. വിശ്വാസപൂര്‍വ്വം നമ്മള്‍ ചോദിക്കുന്ന ദൈവേഷ്ടപ്രകാരമുള്ള ഏതുകാര്യവും ദൈവത്തിന് നിഷേധിക്കാനാവില്ല. അതോടൊപ്പം മറ്റൊരു കാര്യം കൂടി ഓര്‍മ്മയിലുണ്ടാവണം. നാം നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മാപ്പുചോദിക്കുകയും പശ്ചാത്തപിക്കുകയും വേണം.

ദൈവമേ പാപിയായ എന്നോട് കരുണ തോന്നണമേ എന്നാണല്ലോ ബൈബിളില്‍ നിന്നുയരുന്ന ആ പ്രാര്ത്ഥനകളിലൊന്ന്. ഇവിടെ അയാള്‍ തന്റെ പാപം ഏറ്റുപറയുകയും താന്‍ പാപിയാണെന്ന് തുറന്നുസമ്മതിക്കുകയുമാണ് ചെയ്യുന്നത്.പശ്ചാത്താപത്തിന്റെ ഒരുതലം കൂടിയുണ്ട് ഇവിടെ.

ഇങ്ങനെ ദൈവവുമായി അനുരഞ്ജനത്തിലേര്‍പ്പെടുകയും തെറ്റ് ഏറ്റുപറയുകയും ചെയ്തുകഴിഞ്ഞ് വിശ്വാസത്തോടെ ദൈവത്തോട് കാര്യം അപേക്ഷിക്കൂ, അവിടുന്ന് നമ്മെ സമൃദ്ധമായി അനുഗ്രഹിക്കുക തന്നെ ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.