തഴക്കദോഷങ്ങളില്‍ പെട്ട് വിഷമിക്കുകയാണോ, മോചിതരാകാന്‍ ഇതാ ഒരു മാര്‍ഗ്ഗം

വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്ന പാപങ്ങള്‍. തെറ്റാണ് എന്നറിഞ്ഞുകൊണ്ട് ചെയ്തുപോകുന്നവ. ആസക്തമായ ശരീരദാഹങ്ങള്‍ക്ക് അടിപ്പെട്ടുപോകുന്നവ.

ആവര്‍ത്തിക്കും തോറും അടിമയാകുന്ന അവസ്ഥ. തഴക്കദോഷങ്ങളെക്കുറിച്ച് ഇങ്ങനെയെല്ലാം പറയാമെന്ന് തോന്നുന്നു. പലരും പലവിധത്തിലുളള തഴക്കദോഷങ്ങള്‍ക്ക് അടിമകളാണ്. അതില്‍ നിന്ന് ഒരു മോചനം അവരാഗ്രഹിക്കുന്നുണ്ട്. പക്ഷേ പാപം ചെയ്യാന്‍ വിധിക്കപ്പെട്ടവരെപോലെ അവര്‍ വീണ്ടും വീണ്ടും അതില്‍ വീണുപോകുന്നു.

ഇത്തരം തഴക്കദോഷങ്ങളില്‍ നിന്ന് മോചിതരാകാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടോ നിങ്ങള്‍? എങ്കില്‍ ഇതാ അതിനുള്ള ചില മാര്‍ഗങ്ങള്‍. ഡൊമിനിക്കന്‍ വൈദികനും ധന്യനുമായ ഗ്രാനഡായിലെ ലൂയിസിന്റെ ഉപദേശമാണ് ഇക്കാര്യത്തില്‍ ഇവിടെ ഉദാഹരിക്കുന്നത്.

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലൂയിസ് പാപികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്ന കൃതിയില്‍ പറയുന്നത് തഴക്കദോഷങ്ങളില്‍ നിന്ന് മോചിതരാകാനുള്ള ആദ്യത്തെ മാര്‍ഗ്ഗം എന്നത് ഇനിയൊരിക്കലും പാപം ചെയ്യുകയില്ലെന്ന ദൃഢപ്രതിജ്ഞയാണ്.

എന്നാല്‍ പ്രതിജ്ഞപാലിക്കുക എന്നത് എളുപ്പമായ കാര്യമല്ലെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. എന്നാല്‍ അതിന് വേണ്ടി നാം തയ്യാറെടുപ്പുകള്‍ നടത്തണം. പരിശ്രമിക്കണം. പ്രയാസങ്ങളെ അഭിമുഖീകരിക്കണം. നമ്മുടെ ഭാഗത്തുനിന്നുള്ള ആത്മാര്‍ത്ഥമായ പരിശ്രമമാണ് ആദ്യം ഉണ്ടാവേണ്ടത്. ഉറച്ചതും ഇളക്കം തട്ടാത്തതുമായ അത്തരമൊരു തീരുമാനം വീണ്ടും പാപം ചെയ്യുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പി്കകും. ഒരു ആശാരിയെയോ കൊല്ലപ്പണിക്കാരനെയോ ഇക്കാര്യത്തില്‍ മാതൃകയാക്കാമെന്നാണ് ലൂയിസ് പറയുന്നത്.

ഒരു ആയുധംനിര്‍മ്മിക്കാന്‍ കൊല്ലപ്പണിക്കാരന്‍ ലോഹം അടിച്ചുപരത്തുകയും ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ഏറെ ദിവസത്തെ കഠിനാദ്ധ്വാനത്തിന് ശേഷമാണ് ഒരു ആയുധം നിര്‍മ്മിക്കാന്‍ അയാള്‍ക്ക് കഴിയുന്നത്. അതുപോലെ നമ്മുടെ പാപങ്ങളില്‍ നിന്ന്മ ാേചനം നേടാന്‍ നാം നമ്മെ തന്നെ അടിച്ചൊതുക്കണം. കഠിനവും നിരന്തരവുമായ പരിശ്രമം അക്കാര്യത്തില്‍ അത്യാവശ്യമാണ്.

പരിശ്രമം, ആഗ്രഹം, അദ്ധ്വാനം എന്നിവയിലൂടെയാണല്ലോ ഏതുകാര്യവും നമുക്ക് സാധ്യമായികിട്ടുന്നത്. അതേ നിയമം തഴക്കദോഷങ്ങളില്‍ നിന്നുള്ള മോചനകാര്യത്തിനും ബാധകമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.