പെസഹാദിനത്തിലെ വോട്ടെടുപ്പ് മാറ്റിവെയ്ക്കണം: ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടും ക്രൈസ്തവസമൂഹം പുണ്യദിനമായി ആചരിച്ച് ആരാധനാകര്‍മ്മങ്ങള്‍ നടത്തുന്ന പെസഹാദിനമായ ഏപ്രില്‍ 18ന് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് മാറ്റിവെയ്ക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റിയന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെട്ടു. 
   

ആസാം, ചത്തീസ്ഗഡ്, ബീഹാര്‍, ജമ്മു-കാശ്മീര്‍, കര്‍ണ്ണാടക, മഹാരാഷ്ട്ര, ത്രിപുര, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, പുതുച്ചേരി, മണിപ്പൂര്‍, ഒഡീഷ, തമിഴ്‌നാട് എന്നീ 13 സംസ്ഥാനങ്ങളിലെ 97 ലോകസഭാമണ്ഡലങ്ങളിലേയ്ക്കാണ് പെസഹാദിനമായ ഏപ്രില്‍ 18ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ 39 പാര്‍ലമെന്റ് മണ്ഡലങ്ങളും കര്‍ണ്ണാടകത്തിലെ 14 പാര്‍ലമെന്റ് മണ്ഡലങ്ങളും ഇതില്‍പെടും. ഒന്നേകാല്‍ കോടിയിലേറെ ക്രൈസ്തവരാണ് 97 മണ്ഡലങ്ങളില്‍ വോട്ടുചെയ്യേണ്ടതെന്നുള്ളത് പൊതുതെരഞ്ഞെടുപ്പില്‍ വളരെ നിര്‍ണ്ണായകവുമാണ്. ഈ 13 സംസ്ഥാനങ്ങളിലെയും വിവിധ ക്രൈസ്തവ ദേവാലയങ്ങളോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും പോളിംങ് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കേണ്ടതുമാണ്. പെസഹാദിനത്തില്‍ ക്രൈസ്തവദേവാലയങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേരുമ്പോള്‍ പോളിംഗ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കപ്പെടും. ക്രൈസ്തവസമൂഹത്തിന്റെ ആത്മീയവികാരങ്ങള്‍ മാനിച്ചും തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും പെസഹാദിനമായ ഏപ്രില്‍ 18ന് പ്രഖ്യാപിച്ചിരിക്കുന്ന പാര്‍ലമെന്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണം.
   

കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്രാ നഗര്‍ഹവേലിയിലും ദാമന്‍ ദിയൂവിലും ദുഃഖവെള്ളിയാഴ്ച പൊതുഅവധി റദ്ദാക്കിയ അഡ്മിനിസ്‌ട്രേറ്റര്‍ നടപടി അപലപനീയവും ഭരണഘടനയിലെ മതേതരതത്വങ്ങള്‍ക്ക് വിരുദ്ധവുമാണ്. ദുഃഖവെള്ളി രാജ്യത്തെ 17 പൊതുഅവധികളില്‍പെടുന്നതാണെന്നിരിക്കെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളില്‍ റദ്ദ്‌ചെയ്തത് ക്രൈസ്തവ നീതിനിഷേധമാണെന്നും അവധി പുനഃസ്ഥാപിക്കണമെന്നും വി,സി.സെബാസ്റ്റന്‍ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.