മരണം മാറി നിന്നു, പ്രാര്‍ത്ഥനകള്‍ ചേര്‍ന്നുനിന്നു, ഹോസ്പിറ്റല്‍ കിടക്കയില്‍ വച്ച് ഒരു പൗരോഹിത്യസ്വീകരണം

പൗരോഹിത്യത്തിന്റെയും ദിവ്യബലിയര്‍പ്പണത്തിന്റെയും അമൂല്യതയും ശ്രേ്ഷ്ഠതയും ഒരുപക്ഷേ സെമിനാരിക്കാരന്‍ മൈക്കല്‍ ലോയെ പോലെ മറ്റാര്‍ക്കും അറിവുണ്ടായിരിക്കാന്‍ ഇടയില്ല. കാരണം മരണം അടുത്തെത്തിയ നിമിഷം 31 കാരനായ അദ്ദേഹം മറ്റൊന്നും ആഗ്രഹിച്ചില്ല. ഒരു വൈദികനായി തനിക്ക് മരിക്കണം. ജീവിതത്തില്‍ ഒരിക്കലെങ്കിലും വിശുദ്ധ ബലി അര്‍പ്പിക്കണം.

മൈക്കല്‍ എന്തുകൊണ്ട് ഇപ്രകാരം ആഗ്രഹിച്ചുവെന്ന് അറിയണ്ടെ? പറയാം, ഗുരുതരമായ കാന്‍സര്‍ രോഗബാധിതനാണ് മൈക്കല്‍ ലോസ്. ഇനി എപ്പോള്‍ വേണമെങ്കിലും മരണം അദ്ദേഹത്തെയും കൂട്ടി ദൈവപിതാവിന്റെ അടുക്കലേക്ക് പറന്നുപോകാം. അപ്പോഴാണ് മൈക്കല്‍ തന്റെ ആഗ്രഹം അധികാരികളെ അറിയിച്ചത്.

ആ ആഗ്രഹം വളരെ എളുപ്പം സാധിച്ചുകൊടുക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. മാര്‍പാപ്പയില്‍ നിന്ന് വരെ അതിന് അനുവാദം വാങ്ങേണ്ടതുണ്ടായിരുന്നു. ഒടുവില്‍ മൈക്കല്‍ ലോസിന്റെ ആഗ്രഹത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയും ആശീര്‍വദിച്ചു. മരണാസന്നനായ മൈക്കളിന് പൗരോഹിത്യം നല്കാന്‍ പാപ്പ തീരുമാനം അറിയിച്ചു.

അങ്ങനെ വാഴ്‌സ്- പ്രാഗ രൂപതയിലെ സഹായമെത്രാന്‍ മാറെക് സോളാര്‍സൈക്ക് ആശുപത്രികിടക്കയില്‍ വച്ച് മൈക്കലിന് ഡീക്കന്‍ പട്ടവും തുടര്‍ന്ന് പൗരോഹിത്യവും നല്കി. ആ അഭിഷേകച്ചടങ്ങിന് സാക്ഷ്യം വഹിച്ച എല്ലാവരുടെയും കണ്ണുകള്‍ നനഞ്ഞിട്ടുണ്ടായിരുന്നു. ഇതുപോലൊരു പൗരോഹിത്യാഭിഷേകച്ചടങ്ങ് അവര്‍ ജീവിതത്തില്‍ കണ്ടിട്ടുണ്ടായിരുന്നില്ല.

പിന്നീട് ഫാ. മൈക്കല്‍ തനിക്ക്പ്രാര്‍ത്ഥനയിലൂടെ പിന്തുണ നല്കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. മെയ് 24 ന് ആയിരുന്നു ഫാ. മൈക്കലിന്റെ പൗരോഹിത്യസ്വീകരണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.