കുരുക്കുകളഴിക്കാം, മാതാവിനോട് പ്രാര്‍ത്ഥിക്കാം

ജീവിതത്തില്‍ ഏതൊക്കെയോ തരത്തില്‍ പലവിധ കുരുക്കുകളില്‍ പെട്ടുകഴിയുന്നവരാണ് നാം ഓരോരുത്തരും. ഈ കുരുക്കുകളൊക്കെ അഴിക്കാന്‍ നമുക്ക് കഴിയുമോ.ഇല്ല. ഇവിടെയാണ് പരിശുദ്ധ മറിയത്തോടുള്ള ഈ പ്രാര്‍ത്ഥനയുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ള പ്രാര്‍ത്ഥനയാണ് ഇത്. ഈ പ്രാര്‍ത്ഥന ചൊല്ലി ജീവിതത്തിലെ തടസങ്ങള്‍ മാറിക്കിട്ടിയ പല അനുഭവങ്ങളും പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രാര്‍ത്ഥന ചുവടെ കൊടുക്കുന്നു.:

കന്യാമറിയമേ, അപേക്ഷയുമായി വരുന്ന കുഞ്ഞിനെ ഉപേക്ഷിക്കാത്ത മാതാവേ, സ്നേഹം നിറഞ്ഞ അമ്മേ, സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും, മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മ നിരതമാകുന്ന കൈകളും ഉള്ള മാതാവേ, ഞങ്ങളുടെ ജീവിതത്തിലെ കുരുക്കുകളെ. നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ. ഞാൻ എത്ര നിസ്സഹായനാണെന്ന് നീ അറിയുന്നു, എന്റെ വേദന നീഗ്രഹിക്കുന്നു.

ഈ കുരുക്കുകൾ എന്നെ വരിഞ്ഞിരിക്കുന്നത് നീ കാണുന്നു. തന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കുവാൻ, ദൈവം നിയോഗിച്ചിട്ടുള്ള മാതാവായ മറിയമേ, ഞങ്ങളുടെ ജീവിതം പൂർണ്ണമായി ഞങ്ങൾ നിന്നെ ഭരമേൽപിക്കുന്നു. തിന്മയുടെ ശക്തികൾക്ക്, ഞങ്ങളെ നിന്നിൽനിന്ന് തട്ടിയെടുക്കാനാവുകയില്ലെന്ന് ഞങ്ങൾ ധൈര്യപ്പെടുന്നു.

നിന്റെ കൈകൾക്ക് അഴിക്കാനാകാത്ത കുരുക്കുകളില്ലല്ലോ. കരുത്തുറ്റ മാതാവേ നിന്റെ കൃപയാലും നിന്റെ മകനും ഞങ്ങളുടെ വിമോചകനും ആയ യേശുവിന്റെ പക്കൽ നിനക്കുള്ള മാധ്യസ്ഥശക്തിയാലും ഈ കുരുക്ക് നീ കയ്യിലെടുക്കണമേ, (ഇവിടെ അപേക്ഷ പറയുക) ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നേയ്ക്കുമായി അഴിച്ചുകളയണമേ.

നീയാകുന്നു ഞങ്ങളുടെ ശരണവും, ദൈവം ഞങ്ങൾക്കുതന്ന ഏക ആശ്വാസവും. ഞങ്ങളുടെ ബലഹീനതകളിൽ ബലവും, ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായവും, ക്രിസ്തുവിൽനിന്ന് ഞങ്ങളെ അകറ്റുന്ന സകല തിന്മകളിൽ നിന്നും ഞങ്ങളെ സ്വതന്ത്രയാക്കുന്നവളുമായ മാതാവേ, ഈ അപേക്ഷ കേൾക്കണമേ, നടത്തണമേ, സംരക്ഷിക്കണമേ……..ആമ്മേൻ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.