പത്തൊൻപതാം ദിവസം-10-03-2022- വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

==========================================================================

33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

പതിമൂന്നാം ദിവസം മുതൽ പത്തൊൻപതാം ദിവസം വരെയുള്ള (രണ്ടാം ഘട്ടം ) ഒരുക്ക പ്രാർത്ഥനകൾ ചൊല്ലുവാൻ ഇവിടെ ക്ലിക് ചെയ്യുക

==========================================================================

പത്തൊൻപതാം ദിവസം


2 -ാം ഘട്ടം – ആത്മജ്ഞാനം .


1. ക്രിസ്താനുകരണ വായന

സ്‌നേഹത്താല്‍ പ്രേരിതമായി പ്രവർത്തിക്കണം.

ലോകത്തിൽ ഒരു കാര്യത്തിനു വേണ്ടിയും ആരോടെടെങ്കിലുമുള്ള സ്നേഹത്തെ പ്രതിയും, യാതൊരു തിന്മയും
ചെയ്യരുത്. ഒന്നുമില്ലാത്തവരുടെ നന്മയ്ക്ക് വേണ്ടി നല്ല പ്രവൃത്തി ചിലപ്പോൾ ഇടയ്ക്ക് നിറുത്തേണ്ടിവരാം. കൂടുതൽ നല്ലവയെ തെരഞ്ഞെടുക്കേണ്ടതായും വരാം. ഇങ്ങനെ ചെയ്യുന്നു വഴി നല്ല പ്രവൃത്തി ഉപേക്ഷിക്കുന്നില്ല. കൂടുതൽ നന്നായി ചെയ്യുന്നതേയുള്ളൂ. സ്നേഹമില്ലെങ്കിൽ ബാഹ്യമായ പ്രവൃത്തിക്ക് ഒരു മൂല്യവുമില്ല. സ്നേഹത്തെ പ്രതി എതു ചെയ്താലും എത്ര ചെറുതായാലും വിലയില്ലാത്തതായാലും പൂർണ്ണമായും ഫലപ്രദമാണ്. എന്ന ചെയ്യുന്നു വെന്നതിനേക്കാൾ എന്ന കൊണ്ട് ചെയ്യുന്നുവെന്നതാണ് ദൈവം നോക്കുന്നത്.

സ്നേഹം സൽപ്രവൃത്തികളെ മഹത്താക്കുന്നു.

ഏറെ സ്നേഹിക്കുന്നവൻ ഏറെ ചെയ്യുന്നു. നന്നായി ചെയ്യുന്നവൻ ഏറെ ചെയ്യുന്നു. സമൂഹത്തിനു വേണ്ടി ചെയ്യുന്നവൻ സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കുന്നവനേക്കാൾ നന്നായി ചെയ്യുന്നു. സ്നേഹമായി കാണപ്പെട്ടാലും സ്വാർത്ഥതയായിരിക്കാം, സ്വാഭാവിക പ്രവണതകളും തന്നിഷ്ടവുമാകാം. പ്രതിഫലേച്ഛയും സ്വന്തം നേട്ടങ്ങളിലുള്ള താല്പര്യവും അപൂർവ്വമായി മാത്രമേ ഇല്ലാതിരിക്കൂ.

സ്നേഹം എല്ലാത്തിലും ദൈവത്തെ അന്വേഷിക്കുന്നു.

ശരിയായതും പൂർണ്ണവുമായ സ്നേഹമുള്ളവൻ ഒന്നിലും തന്റെ നേടം നോക്കുകയില്ല. എല്ലാറ്റിലും ദൈവമഹത്വം മാത്രമേ ആ ഗ്രഹിക്കൂ. അയാൾക്ക് ആരോടും അസൂയ ഇല്ല.കാരണം സ്വന്തമായ സന്തോഷമല്ല ഇഷ്ടപ്പെടുന്നത്. തനിൽത്തന്നെ സന്തോഷിക്കാനിഷ്ടപ്പെടുന്നില്ല. പകരം എല്ലാത്തിനും ഉപരി ദൈവത്തിലുള്ള സൗഭാഗ്യം കാംക്ഷിക്കുന്നു. നന്മ വരുന്നത് മനുഷ്യനിൽ നിന്നല്ല. എല്ലാറ്റിന്റെയും ഉറവിടമായ ദൈവത്തിൽ നിന്നാണ്. എല്ലാ വിശുദ്ധരും ദൈവമാകുന്ന പ്രതിഫലത്തിൽ സംതൃപ്തിയടയുന്നു. സ്നേഹത്തിന്റെ ഒരു പൊതി ഉള്ളവർക്ക് ലൗകീകമായതെല്ലാം വ്യർത്ഥത നിറഞ്ഞതാണെന്നു മനസ്സിലാകും.

പ്രാര്‍ത്ഥന

ദൈവമേ, ഞങ്ങളുടെ എല്ലാ പ്രവൃത്തികളും സ്‌നേഹത്താല്‍ പ്രേരിതമാകാനും എല്ലാ കാര്യങ്ങളിലും ദൈവത്തെ അന്വേഷിക്കാനും ഞങ്ങള്‍ക്ക് കൃപ നല്‍കിയരുളണമേ. ആമ്മേന്‍.


.2. യഥാര്‍ത്ഥ മരിയഭക്തിയിൽ നിന്നുള്ള വായന
വി.ലൂയിസ് ഡി മോൺഫോര്‍ട്ട്.

മേരീസുതരുടെ ഗുണഗണങ്ങള്‍.

പരിശുദ്ധാത്മാവിന്റെ ഏറ്റവും നിസ്സാരമായ നിശ്വസനത്താല്‍പോലും അവര്‍, അന്തരീക്ഷത്തില്‍ ഉയര്‍ന്നു പറക്കുന്നതും ഗര്‍ജ്ജിക്കുന്നതുമായ മേഘങ്ങളായി മാറും. പരിശുദ്ധാത്മാവ് അവര്‍ക്ക് എല്ലാറ്റിനോടും നിസ്സംഗതയും, ഒന്നിനെക്കുറിച്ചും അസ്വസ്ഥമാകാതിരിക്കുവാനുമുള്ള കൃപയും നല്കും. ദൈവവചനവും നിത്യജീവനും ആകുന്ന മാരി അവര്‍ വര്‍ഷിക്കും. അവര്‍ പാപത്തിനെതിരായ ഗര്‍ജ്ജനവും ലോകത്തിനെതിരായ കൊടുങ്കാറ്റുമായി മാറും. അവര്‍ പിശാചിനെയും അവരുടെ സൈന്യത്തെയും തകര്‍ത്തെറിയും. ആര്‍ക്കുവേണ്ടി അവര്‍ പരമോന്നതനാല്‍ അയയ്ക്കപ്പെട്ടിരിക്കുന്നുവോ, അവരെ ദൈവവചനമാകുന്ന ഇരുതലവാളാല്‍ (എഫേ 6:17) രക്ഷയ്‌ക്കോ ശിക്ഷയ്‌ക്കോ ആയി വീണ്ടും വീണ്ടും പിളര്‍ക്കും.

അവര്‍ അന്ത്യകാലത്തെ യഥാര്‍ത്ഥ പ്രേഷ്തിരായിരിക്കും. അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനും ദൈവത്തിന്റെ ശത്രുക്കള്‍ കൈയടിക്കിയിരിക്കുന്ന കൊള്ളമുതല്‍ മഹത്ത്വത്തോടെ സ്വന്തമാക്കുവാനും ആവശ്യമായ ശക്തിയും വാക്പാടവവും സൈന്യങ്ങളുടെ കര്‍ത്താവ് അവര്‍ക്ക് നല്കും. സ്വര്‍ണ്ണവും വെള്ളിയും കൂടാതെ സുഖമായി അവര്‍ ഉറങ്ങും. മറ്റു വൈദികരുടെയും സഭാദികാരത്തില്‍പ്പെട്ടവരുയെയും മദ്ധ്യത്തില്‍ യാതൊരാകുലതയും അവര്‍ക്കുണ്ടാകുകയില്ല (സങ്കീ67:14).

പരിശുദ്ധാത്മാവു വിളിക്കുന്നിടത്തേക്ക് ദൈവമഹത്ത്വവും ആത്മാക്കളുടെ രക്ഷയും മാത്രം ലക്ഷ്യം വച്ച് മാടപ്രാവിനെപ്പോലെ പറന്നെത്താന്‍ വെള്ളിച്ചിറകുകള്‍ അവര്‍ക്കുണ്ടായിരിക്കും. അവര്‍ പ്രസംഗിക്കുന്നിടത്ത്, പ്രമാണത്തിന്റെ പൂര്‍ത്തീകരണമായ സ്‌നേഹമാകുന്ന സ്വര്‍ണ്ണം (റോമ 13:10) നിക്ഷേപിച്ചു അവര്‍ കടന്നുപോകും.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ , ദാരിദ്ര്യത്തിലും എളിമയിലും ഉപവിയില്‍ ലോകത്തോടുള്ള വെറുപ്പിലും അവര്‍ യേശുക്രിസ്തുവിനെ പൂര്‍ണ്ണമായി അനുകരിക്കുകയും അനുഗമിക്കുകയും ചെയ്യുന്ന ശിഷ്യരാകും. ലോകത്തിന്റെ ‘നിത്യവാക്യങ്ങള്‍’ നിഷേധിച്ച്, സുവിശേഷപഠനപ്രകാരം ദൈവത്തിങ്കലേക്കുള്ള ഇടുങ്ങിയ വഴ അവര്‍ ചൂണ്ടിക്കാട്ടും. ഒന്നിനെക്കുറിച്ചും അവര്‍ ആകുലരാവുകയില്ല; അകാരണമായി ആരെയും അനുകീലിക്കുകയില്ല. എത്ര സ്വാധീനമുള്ളവനായാലും നശ്വരമായ ഒന്നിനെയും ശ്രദ്ധിക്കുകയോ, ഭയപ്പെടുകയോ, വലുതായും കരുതുകയോ ചെയ്യുകയുമില്ല അവര്‍.

ദൈവവചനമാകുന്ന , ഇരുതലവാള്‍ അവര്‍ തങ്ങളുടെ അധരങ്ങളില്‍ ധരിക്കും. രക്തപങ്കിലമായ കുരിശ് ആലേഖനം ചെയ്തിട്ടുള്ള ജയക്കൊടി അവര്‍ തങ്ങളുടെ തോളിലേറ്റും. വലതുകരത്തില്‍ കുരിശുരൂപവും ഇടതുകരത്തില്‍ ജപമാലയും ധരിച്ച് അവര്‍ മുന്നേറും, ഹൃദയങ്ങളില്‍ ഈശോയുടെയും മറിയത്തിന്റെയും വിശുദ്ധനാമങ്ങള്‍ ആലേഖനം ചെയ്യും. സകല കൃത്യങ്ങളിലും ക്രിസ്തുവിന്റെ ആശാനിഗ്രഹവും വിനയവും അവര്‍ പരിശീലിക്കും.

സര്‍വ്വശക്തന്റെ കല്പന അനുസരിച്ച് മറിയം രൂപംകൊടുക്കുന്ന ഭാവിപ്രേഷിതര്‍ ഇപ്രകാരമുള്ളവരായിരിക്കും. വിഗ്രഹാരാധകരെയും നിരീശ്വരരെയും മുഹമ്മദീയരെയും മാനസാന്തരപ്പെടുത്തി അവര്‍ ദൈവരാജ്യം കൂടുതല്‍ വിസ്തൃതമാക്കും. എന്നാല്‍, ഇതു സംഭവിക്കുന്നതെന്നാണെന്നും എങ്ങനെയാണെന്നും ദൈവം മാത്രം അറിയുന്നു. നമുക്കു നിശ്ശബ്ദരായി, നെടുവീര്‍പ്പോടെ പ്രാര്‍ത്ഥിച്ചു കാത്തിരിക്കാം. ”ഞാന്‍ ക്ഷമാപൂര്‍വ്വം കര്‍ത്താവിനെ കാത്തിരിക്കുന്നു” (സങ്കീ. 40:1)

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.


3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും



ധ്യാനവിഷയവും പ്രാർത്ഥനയും

സഹനത്തിൽ മനസ്സിടിയുന്ന ദൗർബല്യം

” എന്റെ കഷ്ടതയുടെയും അലച്ചിലിന്റെയും ഓർമ കയ്പേറിയ വിഷമാണ്. അതിനെപ്പറ്റി നിരന്തരം ചിന്തിച്ച് എന്റെ മനം തകരുന്നു. എന്നാൽ ഞാൻ ഒരു കാര്യം ഓർക്കുന്നു, അത് എനിക്കു പ്രത്യാശ തരുന്നു. കർത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല ” (വിലാ 3:19 – 22;24).

ആമുഖം

ധ്യാനത്തിലൂടെ നല്ല മാറ്റം വന്ന പലരും കുറച്ചു ദിവസം കഴിയുമ്പോൾ പഴയ ജീവിതത്തിലേക്കു പിന്തിരിയുന്നത് സഹനം മൂലമാണ്. സഹനത്തിന്റെ ആവശ്യകതയെപ്പറ്റിയുള്ള ബോധ്യക്കുറവാണ് അതിനു കാരണം.

സഹനം അനുവദിക്കുന്നതിന്റെ ദൈവീക ഉദ്ദേശ്യങ്ങൾ

✝️1. പാപ ചായ്‌വിനെ തകർക്കാൻ : പാപത്തിൽ വീഴാതിരിക്കാൻവേണ്ടി ഏറ്റെടുക്കുന്ന സഹനം വളരെ വിലപ്പെട്ടതാണ്. “പാപത്തിനെതിരെയുള്ള സമരത്തിൽ നിന്ന് നിങ്ങൾക്ക് ഇനിയും രക്തം ചൊരിയേണ്ടി വന്നിട്ടില്ല” (ഹെബ്രാ 12:6). വിശുദ്ധി കാത്തുസൂക്ഷിക്കാൻ വേണ്ടി രക്തം ചിന്താനും ജീവൻ ത്യജിക്കാനും സന്നദ്ധരായ പതിനായിരക്കണക്കിന് രക്ത സാക്ഷികളുടെ വീരോചിത മാതൃക നമ്മുടെ മുമ്പിലുണ്ട്.

✝️2. പാപത്തിൽനിന്നു പൂർണവിടുതൽ പ്രാപിച്ച് വിശുദ്ധിയിൽ വളരാൻ : സഹനം ആവശ്യമാണ്. “ശരീരത്തിൽ സഹിച്ചിട്ടുള്ളവൻ പാപത്തോടു വിടവാങ്ങിയിരിക്കുന്നു. അവൻ ശരീരത്തിൽ ജീവിക്കുന്നിടത്തോളം കാലം മാനുഷിക വികാരങ്ങൾക്ക് അടിമപ്പെട്ടല്ല, ദൈവഹിതത്തിനൊത്താണ് ജീവിക്കുന്നത് ” (1 പത്രോ 4:1- 2).
“യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് വിശുദ്ധ ജീവിതം നയിക്കാനാഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും ” (2 തിമോ 3:12).

✝️3. ശിക്ഷണം സ്വീകരിച്ച് :
ക്രിസ്തീയ പക്വതയിലേക്ക് എത്താൻ ” താൻ സ്നേഹിക്കുന്നവന് കർത്താവു ശിക്ഷണം നല്കുന്നു, മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു. ശിക്ഷണത്തിനു വേണ്ടിയാണു നിങ്ങൾ സഹിക്കേണ്ടത്. മക്കളോടെന്ന പോലെ ദൈവം നിങ്ങളോടു പെരുമാറുന്നു. പിതാവിന്റെ ശിക്ഷണം ലഭിക്കാത്ത ഏതു മകനാണുള്ളത് ? എല്ലാവർക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങൾക്കും ലഭിക്കാതിരുന്നാൽ നിങ്ങൾ മക്കളല്ല, ജാരസന്തതികളാണ് “(ഹെബ്രാ 1:6-9). ദൈവപരിപാലനത്തിൽ അനുവദിക്കപ്പെടുന്ന സഹനങ്ങൾ – ചെയ്യാത്ത കുറ്റം ആരോപിക്കപ്പെടുക, അകാരണമായി തെറ്റിദ്ധരിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യുക, രോഗപീഡകൾ, ദാരിദ്യം എന്നിവയാൽ ഞെരുക്കപ്പെടുക – നമ്മെ പക്വതയുള്ളവരാക്കാനുള്ള ദൈവത്തിന്റെ ശിക്ഷണത്തിന്റെ ഭാഗമാണ്. പക്വതയിലേക്ക് വളർത്തിക്കൊണ്ടാണ് ദൈവം നമ്മെ പൂർണരാക്കുക. അതിനുള്ള വഴിയാണ് വിവിധ സഹനങ്ങൾ.

✝️4. യേശുക്രിസ്തുവിനോട് താദാത്മ്യപ്പെടാൻ :
“യേശു ശിഷ്യന്മാരോട് അരുൾ ചെയ്തു : ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ ” (വി. മത്താ 16 : 24 – 26).

✝️5. കർത്തൃശുശ്രൂഷയ്ക്ക് ഒരുക്കാൻ:
കർത്തൃശുശ്രൂഷയ്ക്ക് നമ്മെ ഉപയോഗിക്കുന്നതിനു മുന്നോടിയായി അവിടന്നു സഹനം വഴി നമ്മെ താഴ്ത്തും. “യാക്കോബിന്റെ ഗോത്രങ്ങളെ ഉയർത്താനും ഇസ്രായേലിൽI അവശേഷിച്ചിരിക്കുന്നവരെ ഉദ്ധരിക്കാനും നീ എന്റെ ദാസനായിരിക്കുക വളരെ ചെറിയ കാര്യമാണ്. എന്റെ രക്ഷ ലോകാതിർത്തിവരെ എത്തുന്നതിന് ഞാൻ നിന്നെ ലോകത്തിന്റെ പ്രകാശമായി നല്കും ” (ഏശ 49:6).

  1. ദൈവത്തിന്റെ സ്വന്തമാകാൻ :
    നാം പൂർണമായും ദൈവത്തിന്റെതായി മാറേണ്ടതിനും അവിടത്തെ പരിശുദ്ധിക്കൊത്ത പരിശുദ്ധിയിലേക്ക് വളരേണ്ടതിനും സഹനം വഴി വിശുദ്ധീകരണം നടത്തും. “ ഞാൻ നിന്നെ ശുദ്ധീകരിച്ചു, എന്നാൽ, വെള്ളിപോലെയല്ല. കഷ്ടതയുടെ ചൂളയിൽ നിന്നെ ഞാൻ ശോധന ചെയ്തു. എനിക്കുവേണ്ടി, അതേ, എനിക്കു വേണ്ടി മാത്രമാണ് ഞാനിത് ചെയ്യുന്നത് ” (എശ 48:11).

✝️7. സ്വർഗത്തിൽ വലിയ പ്രതിഫലം ലഭിക്കാൻ : അകാരണമായി നാം പീഡിപ്പിക്കപ്പെടുക ആവശ്യമാണ്. “എന്നെപ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ; സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾക്ക് മുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട് ” (വി. മത്താ 5 :10 – 12).

മേൽപറഞ്ഞതിൽനിന്ന് സഹനം നേട്ടമാണെന്നും സഹനമില്ലാതിരിക്കുന്നത് നഷ്ടമാണെന്നും വ്യക്തമാണ്. ധ്യാനത്തിലൂടെ ദൈവം സമാരംഭിച്ച നമ്മുടെ ജീവിതനവീകരണം ആഴപ്പെടുന്നതും പൂർത്തിയാകുന്നതും സഹനത്തിലൂടെയായതിനാൽ ദൈവകൃപയിൽ ആശ്രയിച്ചു കൊണ്ട് സഹനം നാം സ്വീകരിക്കണം. “ദൈവത്തിന്റെ ഇഷ്ടം നിറവേറ്റി അവിടത്തെ വാഗ്ദാനം പ്രാപിക്കാൻ നിങ്ങൾക്കു സഹനശക്തി ആവശ്യമായിരിക്കുന്നു ” (ഹെബ്രാ 10:36).

സഹനം വരുന്ന വഴികൾ
  1. പാപപ്രലോഭനങ്ങൾ :
    പാപം ചെയ്യാനുള്ള പ്രലോഭനത്തിന്റെ രൂപത്തിലാണ് പ്രധാനമായും സഹനം ഉണ്ടാകുന്നത്. പിശാചാണ് അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്; ദൈവം അതനുവദിക്കും. (മതബോധനഗ്രന്ഥം 391 കാണുക).
    പഴയനിയമത്തിലെ ജോബിന്റെ സഹനം ഇത്തരത്തിലുള്ളതായിരുന്നു. (ജോബ് അധ്യായം 1, 2 കാണുക) ഇത്തരം സഹനം ദൈവത്തോടുള്ള നമ്മുടെ വിശ്വസ്തത തെളിയിക്കാൻ ദൈവം അനുവദിച്ചുതരുന്ന നല്ല അവസരമാണ്. ഇത് കുറച്ചുകാലത്തേക്കു മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ✝️) I: എല്ലാ ക്രിസ്തുശിഷ്യർക്കും അനുവദിക്കുന്നതുമാണ്. (1 പത്രോ 5:8-10 കാണുക).

✝️2. സഹോദരങ്ങളിൽനിന്നുളള എതിർപ്പുകൾ:


ധ്യാനത്തിൽ പങ്കെടുത്ത് ആത്മീയജീവിതം നയിക്കാൻ ശ്രമിക്കുന്ന പലർക്കും നേരിടേണ്ടിവരുന്ന ഒരു സഹനമാണ് പ്രിയപ്പെട്ടവരിൽനിന്ന് ഉണ്ടാകുന്ന എതിർപ്പുകളും നിരുത്സാഹപ്പെടുത്തലകളും. പ്രാർഥനാജീവിതം നയിക്കുന്നതിന്റെ പേരിൽ പരിഹസിക്കപ്പെടുക, സുവിശേഷ മൂല്യങ്ങളനുസരിച്ച് ജീവിക്കുന്നതിന്റെ പേരിൽ ഭർത്സിക്കപ്പെടുകയും ഒറ്റപ്പെടുത്തപ്പെടുകയും ചെയ്യുക, എല്ലാവരെയും പോലെ ആകാതെ ക്രിസ്തുവിനുവേണ്ടി വ്യത്യസ്തരാകുന്നതിന്റെ പേരിൽ നിന്ദിക്കപ്പെടുക, ധ്യാനം കൂടി നന്നായതിനുശേഷം അപ്രതീക്ഷിതമായി ഒരു വീഴ്ചവരുന്നപക്ഷം, കുടുംബാംഗങ്ങളാൽപ്പോലും ഇടിച്ചു താഴ്ത്തപ്പെടുക. പ്രേഷിത പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ നിരുത്സാഹപ്പെടുത്തപ്പെടുകയും പിന്തിരിപ്പിക്കപ്പെടുകയും ചെയ്യുക എന്നിവയാണ് ചില സഹനങ്ങൾ.

✝️3. കുടുംബത്തിലെ പ്രതികൂല സാഹചര്യങ്ങൾ :
ജീവിത പങ്കാളിയുടെ ലഹരിക്കടിപ്പെട്ട ജീവിതം (ഭാര്യയെ ബാധിക്കുന്നത് ). ജീവിത പങ്കാളിയുടെ അനുസരണക്കേടും വിധേയത്വമില്ലായ്മയും (ഭർത്താവിനെ ബാധിക്കുന്നത്), പങ്കാളിയുടെ മറ്റ് ദു:സ്വഭാവങ്ങൾ, മാതാപിതാക്കന്മാരുടെ ദുർമാതൃകാപരമായ ജീവിതം ( മക്കളെ ബാധിക്കുന്നത് ), മക്കളുടെ അനുസരണമില്ലായ്മയും ഉത്തരവാദിത്വമില്ലായ്മയും ചീത്തകൂട്ടുകെട്ടും ലഹരിക്കടിപ്പെട്ട ജീവിതവും പ്രാർഥനാജീവിതത്തോടുള്ള വിരക്തിയും കുടുംബാംഗങ്ങളിൽ നിന്നുണ്ടാകുന്ന കുറ്റപ്പെടുത്തലും സ്നേഹരാഹിത്യവും – ഇവയെല്ലാം ഒത്തിരി ദു:ഖിപ്പിക്കുന്ന കാര്യങ്ങളാണെങ്കിലും നമ്മുടെ വിശുദ്ധീകരണത്തിനുള്ള ഉപകരണങ്ങൾതന്നെയാണവ. “ഒരു മനുഷ്യന്റെ ശത്രുക്കൾ സ്വന്തം കുടുംബത്തിൽപ്പെട്ടവർ തന്നെയായിരിക്കും ” (വി. മത്താ 10: 36). “സഹോദരൻ സഹോദരനെയും പിതാവ് പുത്രനെയും മരണത്തിന് ഏല്പ്പിച്ചുകൊടുക്കും. മക്കൾ മാതാപിതാക്കന്മാരെ എതിർക്കുകയും അവരെ വധിക്കുകയും ചെയ്യും ” (വി.മത്താ 10:21).

വ്യാകുലാംബികയായ മറിയം : ശക്തമായ മാതൃക

മനുഷ്യരിൽവച്ച് ഏറ്റവുമധികം സഹിച്ചിട്ടുള്ള വ്യക്തി പരിശുദ്ധ മറിയമാണ്. ഉദ്ഭവപാപം പോലും ഇല്ലാതിരുന്നിട്ടും ജീവിതം മുഴുവൻ അവൾ സഹിച്ചു. അവളുടേത് സാധാരണ സാഹനങ്ങളായിരുന്നില്ല. അപാരമായ സഹനങ്ങളിലൂടെയാണ് ദൈവം അവളെ വഴി നടത്തിയത്. ‘ഇതാ ഞാൻ കർത്താവിന്റെ ദാസി’ എന്ന ആദർശം പാലിച്ച് അവൾ ദൈവത്തെ അനുസരിച്ച് സഹനമെല്ലാം രക്ഷാകരമാക്കി.

മറിയത്തോടുള്ള അടുപ്പം കുരിശുകളെ മധുരമാക്കും എന്നാണ് വിശുദ്ധ ലൂയിസ് ഡി മോൺഫാർട്ട് പറയുന്നത്. ദൈവത്തിന്റെ കൃപാവരങ്ങളാൽ പരിപൂരിതയായ മറിയം, തന്റെ ആശ്രിതർക്ക് പരിശുദ്ധമായ സ്നേഹവും മാധുര്യവും കലർത്തി, കൈപ്പേറിയ കുരിശുകൾ ആണെങ്കിലും പാകപ്പെടുത്തിയതാണ് സമ്മാനിക്കുക. തന്മൂലം അവയെ സസന്തോഷം സ്വീകരിക്കാൻ അവർ സന്നദ്ധരാകുന്നു. മറിയത്തിന്റെ സ്നേഹമാണ് കുരിശുകളെ മാധുര്യപൂർണമാക്കുക. പഞ്ചസാര ചേർത്ത്, അരുചികരമായ പഴുക്കാത്ത ഫലങ്ങൾ ഭക്ഷ്യയോഗ്യമാക്കുന്നപോലെയാണിത് ( ‘യഥാർഥ മരിയഭക്തി’, 154).

ബൈബിൾ വായന

“പ്രിയപ്പെട്ടവരേ, നിങ്ങളെ പരിശോധിക്കാനായി അഗ്നിപരീക്ഷകൾ ഉണ്ടാകുമ്പോൾ, അപ്രതീക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത്. ക്രിസ്തുവിന്റെ പീഡകളിൽ നിങ്ങൾ പങ്കുകാരാകുന്നതിൽ ആഹ്ലാദിക്കുവിൻ ! അവന്റെ മഹത്ത്വം വെളിപ്പെടുമ്പോൾ നിങ്ങൾ അത്യധികം ആഹ്ലാദിക്കും. ക്രിസ്തുവിന്റെ നാമം നിമിത്തം നിന്ദിക്കപ്പെട്ടാൽ നിങ്ങൾ ഭാഗ്യവാന്മാർ. എന്തെന്നാൽ, മഹത്ത്വത്തിന്റെ ആത്മാവ്, അതായത് ദൈവാത്മാവ് നിങ്ങളിൽ വസിക്കുന്നു. നിങ്ങളിലാരുംതന്നെ കൊലപാതകിയോ മോഷ്ടാവോ ദുഷ്കർമിയോ പരദ്രോഹിയോ ആയി പീഡസഹിക്കാൻ ഇടയാകരുത്. ക്രിസ്ത്യാനി എന്ന നിലയിലാണ് ഒരുവൻ പീഡസഹിക്കുന്നതെങ്കിൽ അതിൽ അവൻ ലജ്ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്ത്യാനി എന്ന നാമത്തിൽ അഭിമാനിച്ചുകൊണ്ട് അവൻ ദൈവത്തെ മഹത്ത്വപ്പെടുത്തട്ടെ. ആകയാൽ ദൈവഹിതമനുസരിച്ചു സഹിക്കുന്നവർ നന്മചെയ്തുകൊണ്ട് വിശ്വസ്തനായ സ്രഷ്ടാവിന് തങ്ങളുടെ ആത്മാക്കളെ ഭരമേല്പിക്കട്ടെ ” (1 പത്രോ 4:12-16;19)

പ്രാർഥന

“നിന്റെ ഹൃദയം ദുഃഖത്തിന് അധീനമാകരുത് ” (പ്രഭാ 38 : 20) എന്നരുൾചെയ്ത കർത്താവായ ദൈവമേ, സഹനം അങ്ങ് അനുവദിക്കുന്നത് എന്റെ ആത്യന്തിക നന്മയ്ക്കു വേണ്ടിയാണെന്ന് അങ്ങെന്നെ ബോധ്യപ്പെടുത്തണമേ. ഞാൻ കൂടുതൽ വിശുദ്ധീകരിക്കപ്പെടാനും പക്വതയാർജിക്കാനും യേശുവിന് അനുരൂപപ്പെട്ട് അവിടത്തെ സ്വന്തമാകാനും സ്വർഗത്തിനവകാശിയാകാനും വേണ്ടിയാണ് സഹനങ്ങൾ എന്ന തിരിച്ചറിവ് സഹനങ്ങളിൽ എന്നെ ശക്തിപ്പെടുത്തട്ടെ. പാപ പ്രലോഭന ങ്ങളും മറ്റുള്ളവരിൽ നിന്നുണ്ടാകുന്ന എതിർപ്പുകളും കുടുംബത്തിലെ പ്രതികൂല സാഹചര്യങ്ങളുമെല്ലാം മൂലം വലിയ സഹനത്തിലൂടെ ഞാൻ കടന്നുപോകുമ്പോൾ സഹനംവഴി അനുസരണം അഭ്യസിച്ച നാഥാ എന്നെ പ്രത്യാശയിൽ നിലനിർത്തണമേ. കർത്താവായ യേശുവേ, ഞാൻ എല്ലാവിധത്തിലും നിനക്കനുരൂപനാകുന്നതിനുവേണ്ടി എല്ലാ സഹനങ്ങളും സ്വീകരിക്കാൻ എന്നെ ശക്തനാക്കണമേ. സഹനത്തിന്റെ തീച്ചൂളയിൽ വെന്തുരുകി ‘സഹരക്ഷികയായിത്തീർന്ന പരിശുദ്ധ മറിയമേ, സഹനത്തിന്റെ രക്ഷാകരമൂല്യം എന്നിൽ ഉറയ്ക്കാനായി അമ്മ പ്രാർഥിക്കണമേ, ആമേൻ.

സത്കൃത്യം

രോഗീസന്ദർശനം നടത്തി ആശ്വാസം പകരുക.
സാധ്യമല്ലെങ്കിൽ ഫോണിൽ രോഗികളെ ആശ്വസിപ്പിക്കുകയോ രോഗികൾക്കായി പ്രതികളികയോ ചെയ്യുക

***********************************************************************************************************

ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

+++++++

DAY 1 പ്രതിഷ്ഠാ ഒരുക്കം DAY17 പ്രതിഷ്ഠ ഒരുക്കം

DAY 2 പ്രതിഷ്ഠാ ഒരുക്കം DAY18 പ്രതിഷ്ഠ ഒരുക്കം

DAY 3 പ്രതിഷ്ഠാ ഒരുക്കം

DAY 4 പ്രതിഷ്ഠാ ഒരുക്കം

DAY 5 പ്രതിഷ്ഠാ ഒരുക്കം

DAY 6 പ്രതിഷ്ഠാ ഒരുക്കം

DAY 7 പ്രതിഷ്ഠാ ഒരുക്കം

DAY 8 പ്രതിഷ്ഠാ ഒരുക്കം

DAY 9 പ്രതിഷ്ഠാ ഒരുക്കം

DAY 10 പ്രതിഷ്ഠാ ഒരുക്കം

DAY 11 പ്രതിഷ്ഠാ ഒരുക്കം

DAY 12 പ്രതിഷ്ഠ ഒരുക്കം

DAY 13 പ്രതിഷ്ഠ ഒരുക്കം

DAY 14 പ്രതിഷ്ഠ ഒരുക്കം

DAY 15 പ്രതിഷ്ഠ ഒരുക്കം

DAY16 പ്രതിഷ്ഠ ഒരുക്കം

MARlAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.