ഇരുപത്തിഒന്നാം ദിവസം -12-03-2022-വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

==========================================================================

33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

ഇരുപതാം ദിവസം മുതൽ ഇരുപത്തിയാറാം ദിവസം വരെയുള്ള മൂന്നാം ആഴ്ചയിലെ ഒരുക്ക പ്രാർത്ഥനകൾ ചൊല്ലുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

==========================================================================

ഇരുപത്തിഒന്നാം ദിവസം

  1. പരിശുദ്ധ അമ്മയെ അറിയുക
  1. മരിയാനുകരണം

കരുണയുടെ മാതാവേ! ദൈവത്തിന്റെ അമ്മേ! ഈ മഹാവ്യസനത്തിൽ എന്നെ സഹായിക്കാൻ വരേണമേ!
ഓ മറിയമേ! സ്വർഗ്ഗത്തിൽ നിനക്കുള്ള സ്വാധീനശകതിയാൽ എന്നെ സഹായിക്കേണമെ. നിന്നിൽ ഞാൻ സമാധാനവും, സൗഭാഗ്യവും അന്വേഷിക്കുന്നു.
ഈശോ നഷ്ടപ്പെടുന്നത് എത്ര വ്യസനകരമെന്നും, ഈശോയെ വീണ്ടും കണ്ടെത്തുന്നത് എത്ര ആനന്ദകരമെന്നും, അമ്മേ! നിനക്കറിവുണ്ടല്ലോ.
ഓ മറിയമേ! പാപരഹിതയായ നിനക്ക് ഈ കഷ്ടത അനുഭവപ്പെട്ടെങ്കിൽ, എന്റെ ദൈവത്തെ അസംഖ്യം പ്രാവശ്യം ദ്രോഹിച്ച എനിക്കിങ്ങനെ വന്നതിൽ അത്ര വിസ്മയിക്കാനൊന്നുമില്ല.
അമ്മേ! ഈശോയെ വീണ്ടും കണ്ടെത്താൻ ഞാനിനി എന്തു ചെയ്യണം?
അങ്ങയെ ഇനിയും കണ്ടെത്താമെന്നുള്ള എന്റെ ശരണം മുഴുവനും, നല്ല അമ്മേ! നിന്റെ സഹായത്തിൽ മാത്രമാണ് ഞാൻ ഉറപ്പിച്ചിരിക്കുന്നത്.
ഈശോയുടെ വത്സല മാതാവും അവിടുത്തോടേറ്റം സമീപസ്ഥയുമായ നിന്റെ സംരക്ഷണത്തിൽ ഞാൻ ഏറ്റമധികം ആശ്രയിച്ചിരിക്കുന്നു.

എന്റെ സമസ്തസ്നേഹത്തെ – ഈശോയെ – കണ്ടെത്തുന്നതുവരെയും അന്വേഷിക്കാൻ എന്റെ അമ്മേ! എന്നെ പഠിപ്പിക്കേണമേ.


ഓ മറിയമേ! നീ എന്നെ വിട്ടുപിരിയാതെ എന്റെ കൂടെ വരേണമേ.
അവസാനം, ഓ മറിയമേ! നിന്നെപ്പോലെ തന്നെ പാടി ആനന്ദിക്കാൻ എനിക്കുമിടയാകും. “എന്റെ വാത്സല്യഭാജനത്തെ- എന്റെ ഹൃദയ സ്നേഹത്തെ- എന്റെ ആത്മാവിന്റെ ആശാനികേതത്തെ ഞാൻ കണ്ടെത്തിയിരിക്കുന്നു. സമസ്ത ലോകമേ! എന്നെ അഭിനന്ദിച്ച് എന്നോടുകൂടെ സന്തോഷിക്കുക “
ഓ മറിയമേ!
നീ ഞങ്ങളോടുകൂടെയുണ്ടെങ്കിൽ ഞങ്ങൾക്കെതിരായി ആരു നിൽക്കും?
നീ ഞങ്ങളെ കൈക്കൊള്ളുന്നെങ്കിൽ ആരു ഞങ്ങളെ നിരാകരിക്കും.

ഓ മറിയമേ! നിന്റെ തൃക്കരങ്ങൾ എന്റെ മേൽ വിരിക്കണമേ.
നിന്റെ നിഴലിൽ അഭയം തേടാൻ ഞാനാഗ്രഹിക്കുന്നു.
എന്റെ ആത്മാവോടരുൾ ചെയ്യുക. “ഞാൻ നിനക്കു വേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കുന്നുണ്ട്; ഓമനേ! നീ ഒന്നും
ഭയപ്പെടേണ്ട; ഞാൻ നിന്റെ അമ്മയാണ്; അമ്മയെന്നവണ്ണം ഞാൻ നിന്നെ ആശ്വസിപ്പിക്കാം.”
ഓമറിയമേ! നിന്റ വചനം എത്ര മാധുര്യ പൂർണ്ണം! ഓ എന്റെ അമ്മേ! നിന്റെ സ്വരം എന്തുമാത്രം എന്നെ ആശ്വസിപ്പിക്കുന്നു!
എന്റെ ഹൃദയം എപ്പോഴും അത് ശ്രവിച്ചാശ്വസിക്കാൻ അനുവദിക്കണമെ.🌹

തോമസ് അക്കെമ്പിസ്


2. യഥാര്‍ത്ഥ മരിയഭക്തിയിൽ നിന്നുള്ള വായന
വി.ലൂയിസ് ഡി മോൺഫോര്‍ട്ട്.

സത്യദൈവവും സത്യമനുഷ്യനുമായ നമ്മുടെ രക്ഷകനായ ക്രിസ്തുവാണ് സകല ഭക്തകൃത്യങ്ങളുടെയും പരമാന്ത്യം.

ഈ അന്ത്യത്തില്‍നിന്നു നമ്മെ അകറ്റുന്ന സകലതും അബദ്ധജടിലവും അസത്യപൂര്‍ണ്ണവുമാണ്. ക്രിസ്തുവാണ് എല്ലാത്തിന്റെയും ‘ആല്‍ഫയും ഒമേഗയും’ അഥവാ ‘ആദിയും അന്ത്യവും’ പൗലോസ് അപ്പസ്‌തോലന്‍ പറയുന്നു: ക്രിസ്തുവില്‍ എല്ലാവരെയും പരിപൂര്‍ണ്ണരാക്കുവാനാണല്ലോ നമ്മുടെ പ്രയത്‌നം. കാരണം, ദൈവത്തിന്റെ പൂര്‍ണ്ണത അവിടുത്തേക്കു മാത്രമാണുള്ളത്. കൃപാവരത്തിന്റെയും വിശുദ്ധിയുടെയും സുകൃതങ്ങളുടെയും പൂര്‍ണ്ണതയും വിളനിലവുമാണ് അവിടുന്ന്. ആദ്ധ്യാത്മിക അനുഗ്രഹങ്ങളാല്‍ നാം സമ്പന്നരാകുന്നതു ക്രിസ്തുവില്‍ മാത്രമാണ്. അവിടുന്നൊരുവനാണ് നമ്മെ പഠിപ്പിക്കേണ്ട ദിവ്യഗുരു. നാം ആശ്രയിക്കേണ്ട ഒരേയൊരു നാഥന്‍. നമ്മുടെ ശിരസ്സാണ് അവിടുന്ന്. നാം അനുകരിക്കേണ്ട ഏക മാതൃകയും നമ്മെ സുഖപ്പെടുത്തേണ്ട ഏക ഭിഷഗ്വരനും തീറ്റിപ്പോറ്റേണ്ട ഏക ഇടയനും നമ്മെ നയിക്കേണ്ട ഏക വഴിയും നാം വിശ്വസിക്കേണ്ട ഏക സത്യവും നമ്മെ ഉത്തേജിപ്പിക്കേണ്ട ഏക ജീവനും ക്രിസ്തുവാണ്. നമ്മെ തൃപ്തരാക്കാന്‍ എല്ലാറ്റിലും എല്ലാമായ അവിടുത്തേക്കു മാത്രമേ കഴിയൂ.

ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമ്മുടെ രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. യേശുക്രിസ്തുവിനെയല്ലാതെ നമ്മുടെ രക്ഷയ്ക്കും പുണ്യപൂര്‍ണ്ണതയ്ക്കും മഹത്വത്തിനും അടിസ്ഥാനക്കല്ലായി മറ്റാരെയും ദൈവം നമുക്ക് തന്നിട്ടില്ല. ആ ഉറപ്പേറിയ കല്ലില്‍ കെട്ടിപ്പടുക്കാത്ത സകല സൗധങ്ങളും അത്ര വിദൂരമല്ലാത്ത ഭാവിയില്‍ നിലംപതിക്കുക തന്നെ ചെയ്യും. കാരണം, ഇളകുന്ന പൂഴിയിലാണ് അവയുടെ അടിത്തറ കെട്ടപ്പെട്ടിരിക്കുന്നത്. അവിടുത്തോടു ചേര്‍ന്നു നില്ക്കാത്ത സകല വിശ്വാസികളും തായ്ത്തണ്ടില്‍നിന്നു വേര്‍പെട്ട ശിഖിരം പോലെ വാടിത്തളര്‍ന്നുപോകും. ഉണങ്ങി നിലംപതിക്കും. അഗ്നിയാല്‍ ദഹിപ്പിക്കുവാന്‍ മാത്രമേ അതുപകരിക്കുകയുള്ളൂ. അവിടുത്തേ സഹായമില്ലെങ്കില്‍തെറ്റുകളും അസത്യവും അലച്ചിലും ദൂഷണവും വഷളത്തരവും വ്യര്‍ത്ഥതയും പരാജയവും മരണവും നിത്യനാശവുമേ ശേഷിക്കൂ.

ക്രിസ്തു നമ്മിലും നാം ക്രിസ്തുവിലുമെങ്കില്‍ നിത്യനാശത്തെ നാം ഒരിക്കലും ഭയപ്പെടേണ്ട. മനുഷ്യര്‍ക്കോ പിശാചിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മെ ഉപദ്രവിക്കുവാന്‍ സാധിക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ യേശുക്രിസ്തുവിലൂടെയുള്ള സ്‌നേഹത്തില്‍നിന്നു നമ്മെ വേര്‍പെടുത്തുവാന്‍ അവര്‍ അപര്യാപ്തരാണ്. ക്രിസ്തു വഴിയും ക്രിസ്തുവിനോടുകൂടിയും ക്രിസ്തുവിലും എന്തു ചെയ്യുവാന്‍ നമുക്കു കഴിയും. പരിശുദ്ധാത്മാവിന്റെ ഐക്യത്തില്‍ പിതാവിനു സകല പുകഴ്ചയും മഹത്വവും സമര്‍പ്പിക്കുവാനും പുണ്യപൂര്‍ണത പ്രാപിക്കുവാനും സഹോദരര്‍ക്കു നിത്യജീവന്റെ പരിമളമായി മാറുവാനും നാം ശക്തരാകും.

ആകയാല്‍ യഥാര്‍ത്ഥ മരിയഭക്തി നാം അഭ്യസിക്കുകവഴി ക്രിസ്തുവിനോടുള്ള ഭക്തിയും വണക്കവും പൂര്‍ണ്ണതരമാക്കുകയാണ് ചെയ്യുക. അങ്ങനെ ക്രിസ്തുവിനെ കണ്ടെത്തുന്നതിനുള്ള സുനിശ്ചിതവും സുഗമവുമായ മാര്‍ഗ്ഗം നാം തുറന്നിടുകയാണ്. മരിയഭക്തി നമ്മെ ക്രിസ്തുവില്‍നിന്ന് അകറ്റുന്നെങ്കില്‍ അതിനെ പിശാചിന്റെ തട്ടിപ്പായി കരുതി തിരസ്‌കരിക്കുകയാണു വേണ്ടത്. എന്നാല്‍, ഈ ഭക്തിയെ സംബന്ധിച്ചിടത്തോളം ഇതുവരെ വിവരിച്ചവയില്‍നിന്നും തുടര്‍ന്നു വിശദമാക്കാനിരിക്കുന്നവയില്‍നിന്നും മനസിലാക്കാം, ക്രിസ്തുവിനെ പൂര്‍ണ്ണമായി അറിയുന്നതിനും ആര്‍ദ്രമായി സ്‌നേഹിക്കുന്നതിനും വിശ്വസ്തതയോടെ സേവിക്കുന്നതിനും നമ്മെ സഹായിക്കുകയാണ് മരിയഭക്തി ചെയ്യുന്നത്.

നമുക്കു പ്രാര്‍ത്ഥിക്കാം

പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ
മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.


3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും



ധ്യാനവിഷയവും പ്രാർത്ഥനയും

മനുഷ്യപരിത്രാണ പദ്ധതിയിൽ പരിശുദ്ധമറിയത്തിന്റെ അതുല്യസ്ഥാനം

“തന്റെ ഏകജാതനോടുകൂടെ തീവ്രമായി വേദനിച്ചുകൊണ്ട് അവിടത്തെ ബലിയിൽ മാതൃസഹജമായ ഹൃദയത്തോടെ മറിയം സഹകരിച്ചു. താൻ ജനിപ്പിച്ച ആ ‘ ബലിമൃഗത്തെ ഹോമിക്കാൻ സ്നേഹസമന്വിതം അവൾ സമ്മതം നല്കി” (‘ തിരുസഭ ‘ 58).

ആമുഖം

പരിശുദ്ധ മറിയത്തിന് സഭ ഉന്നതവണക്കം നല്കിവരുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം സകല മനുഷ്യർക്കും രക്ഷയും പാപമോചനവും സാധ്യമാക്കിതീർത്ത മിശിഹായുടെ പരിത്രാണപദ്ധതിയിൽ പരിശുദ്ധ മറിയം വഹിച്ച അനന്യ പങ്കാണ്. പരിത്രാണപദ്ധതിയിൽ പരിശുദ്ധ മറിയത്തിനുള്ള അതുല്യസ്ഥാനത്തെപ്പറ്റി രണ്ടാം വത്തിക്കാൻ കൗൺസിൽ വ്യക്തമാക്കുന്നത് ഇപ്രകാരമാണ് : “ആദത്തിന്റെ മകളായ മറിയം, ദൈവവചനത്തിനു സമ്മതം നല്കിക്കൊണ്ട് ഈശോയുടെ അമ്മയായിത്തീർന്നു. അങ്ങനെ ദൈവത്തിന്റെ രക്ഷാകരമായ തിരുവിഷ്ടം മുഴുമനസ്സോടെയും പാപത്താൽ അല്പംപോലും തടയപ്പെടാതെയും ആശ്ലേഷിച്ചുകൊണ്ട് സ്വയം പുത്രന്റെ വ്യക്തിത്വത്തിനും പ്രവർത്തനത്തിനുംവേണ്ടി മുഴുവനായി സമർപ്പിച്ചു. അവനു വിധേയയായും അവനോടുകൂടെയും സർവശക്തനായ ദൈവത്തിന്റെ കൃപയാൽ രക്ഷയുടെ രഹസ്യത്തിന് ശുശ്രൂഷ ചെയ്തു’ (തിരുസഭ 56).

ദൈവത്തിന്റെ രക്ഷാകരപ്രവർത്തനങ്ങൾക്കായി പരിശുദ്ധമറിയം പൂർണമായി സമർപ്പിച്ചുവെന്നും തന്റെ സമ്മതം രക്ഷയുടെ രഹസ്യത്തിനു ശുശ്രൂഷ ചെയ്യാൻ സർവാത്മനാ അവൾ നല്കിയെന്നും ആദരപൂർവം
സഭ ഏറ്റുപറയുകയാണിവിടെ. “അതുകൊണ്ട്, മറിയത്തെ ദൈവത്താൽ നിഷ്ക്രിയയായി ഉപയോഗിക്കപ്പെട്ടവളായല്ല; പ്രത്യുത, സ്വതന്ത്രമായ വിശ്വാസത്തോടും അനുസരണത്തോടും കൂടെ മനുഷ്യരക്ഷയ്ക്കു സഹകരിച്ചവളായി സഭ കരുതുന്നു. വിശുദ്ധ ഇരണേവൂസ് പറയുന്നപോലെ, അവൾ അനുസരണം വഴി തനിക്കും മനുഷ്യവംശം മുഴുവനും രക്ഷയ്ക്കു കാരണമായി ഭവിച്ചു ” (‘ തിരുസഭ ‘, 56).
മേല്പറഞ്ഞ സൂനഹദോസ് രേഖയിൽ പരിശുദ്ധ മറിയം ചെയ്ത രണ്ടുതരം ശുശ്രൂഷകളെപ്പറ്റിയാണ് എടുത്തുപറയുന്നത്.

1. യേശുവിന്റെ ” വ്യക്തിത്വത്തിന് ചെയ്ത ശുശ്രൂഷ :

പുത്രന്റെ വ്യക്തിത്വത്തിനുവേണ്ടി ദൈവത്തിന്റെ രക്ഷാകരമായ തിരുവിഷ്ടം മുഴുമനസ്സോടെയും പാപത്താൽ അല്പംപോലും തടയപ്പെടാതെയും ആശ്ലേഷിച്ചുകൊണ്ട് മറിയം മുഴുവനായി സമർപ്പിച്ചു എന്നതാണ് ഒന്നാമത്തെ കാര്യം. പരിത്രാണപദ്ധതിയുടെ തുടക്കവും അടിസ്ഥാനഘടകവും പുത്രൻതമ്പുരാന്റെ മനുഷ്യാവതാരമാണ്. കുരിശിലെ മരണത്തിൽ യേശു പൂർത്തിയാക്കിയ പരിത്രാണകർമങ്ങൾക്ക് കന്യകമറിയത്തിൽനിന്ന് അവിടന്ന് സ്വീകരിച്ച മനുഷ്യപ്രകൃതിയാണ് നിദാനമായിത്തീർന്നത്. പൂർണദൈവവും പൂർണമനുഷ്യനുമായ അവിടത്തേക്ക് കറയില്ലാത്ത മനുഷ്യപ്രകൃതി പ്രദാനം ചെയ്തത് മറിയമായിരുന്നു എന്ന നിലയ്ക്ക് മനുഷ്യരക്ഷകൻ എന്ന യേശുവിന്റെ വ്യക്തിത്വത്തിന് മറിയം നല്കിയ സംഭാവന വളരെ വലുതാണ്. മനുഷ്യകുലത്തെ രക്ഷിക്കാൻവേണ്ടി ദൈവം മനുഷ്യനായത് മറിയത്തിലൂടെയാണ്. മറിയത്തിന്റെ സ്വതന്ത്രമനസ്സോടെയുള്ള ആത്മദാനംവഴിയാണ് ഇത് സാധ്യമായത് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദൈവത്തിന്റെ ഈ പദ്ധതി സ്വീകരിക്കാനോ തിരസ്കരിക്കാനോ മറിയത്തിന് സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ, “ഇതാ കർത്താവിന്റെ ദാസി, നിന്റെ വാക്കുപോലെ എനിക്കു സംഭവിക്കട്ടെ ” എന്ന വാക്കുകളിലൂടെ ദൈവവചനത്തിന് സമ്മതം നല്കിക്കൊണ്ട് അവൾ ഈശോയുടെ അമ്മയായിത്തീർന്നു.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ മറിയത്തെക്കുറിച്ചുളള ചരിത്രപ്രഖ്യാപനം ആരംഭിക്കുന്നത് ഗലാത്തിയ 4 : 4 ഉദ്ധരിച്ചുകൊണ്ടാണ്: “കാല സമ്പൂർണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ അയച്ചു. അവൻ നിയമത്തിന് അധീനരായവരെ വീണ്ടെടുക്കാനും അതുവഴി നമുക്ക് ദത്തുപുത്രസ്ഥാനം ലഭിക്കാനുമാണ്”. വത്തിക്കാൻ കൗൺസിലിന്റെ പ്രസ്തുത പ്രബോധനരേഖയിൽ മറിയത്തെപ്പറ്റി പറയാൻ പോകുന്നതിനെല്ലാം ആമുഖമാണ് ഈ വചനമെന്നത് ശ്രദ്ധേയമാണ്. ദൈവത്തിന്റെ ഏകജാതനെ ചരിത്രത്തിന്റെ ഭാഗമാക്കുന്ന സ്ത്രീ മറിയമാണ്. സമയത്തിന്റെ പൂർത്തിയിൽ മനുഷ്യമക്കളെ ദൈവമക്കളാക്കുന്ന രക്ഷാകരപദ്ധതിയിലും അവൾ പ്രമുഖസ്ഥാനം വഹിക്കുന്നു. ‘കന്യകയിൽ നിന്നു ജാതനായി’ എന്നല്ല ‘സ്ത്രീയിൽ നിന്നു ജാതനായി’ എന്നാണ് വി. പൗലോസ് ഇവിടെ പറയുന്നത്. മറിയത്തിന്റെ മാതൃത്വം ഊന്നിപ്പറയുകയാണ് പൗലോസ് ഇവിടെ ചെയ്യുന്നത്. ഉത്പ 3 : 15 – ലും വി. യോഹ 2: 4 – ലും വി. യോഹ 19 : 26 – ലും വെളിപാട് 12 – ലും പരാമർശിക്കുന്ന “സ്ത്രീ” തന്നെയാണിവിടെയും സൂചിതമാകുന്നത് എന്ന സത്യംകൂടി അനുസ്മരിപ്പിക്കപ്പെടുന്നു . പാപികളായ മനുഷ്യമക്കളെ ദൈവ മക്കളാക്കിമാറ്റുന്ന ദൈവത്തിന്റെ പദ്ധതി യാഥാർഥ്യമാകുന്നത് മറിയ ത്തിൽനിന്ന് ദൈവപുത്രൻ ജനിക്കുന്നതുവഴിയാണെന്ന് ഇവിടെ എടുത്തു പറയുകയാണ്. മനുഷ്യരക്ഷയിലുള്ള മറിയത്തിന്റെ പങ്ക് അടിവരയിട്ട് വചനം പഠിപ്പിക്കുകയാണിവിടെ.

2. യേശുവിന്റെ “പ്രവർത്തനത്തിനുവേണ്ടി” ചെയ്ത ശുശ്രൂഷ :

രണ്ടാമത്തേത്, പുത്രന്റെ പ്രവർത്തനത്തിനുവേണ്ടി ദൈവത്തിന്റെ രക്ഷാകരമായ തിരുവിഷ്ടം മുഴുമനസ്സോടെ ആശ്ലേഷിച്ചുകൊണ്ട് മറിയം തന്നെ മുഴുവനായി സമർപ്പിച്ചു എന്നതാണ്.

യേശുവിന്റെ ജീവിതസംഭവങ്ങളെല്ലാം മാനവപരിത്രാണവുമായി അഭേദ്യം ബന്ധപ്പെട്ടുകിടക്കുകയാണ്. കുരിശുമരണത്തിലൂടെ മാത്രമല്ല, മനുഷ്യാവതാരത്തിന്റെ ആദ്യനിമിഷംമുതൽ – ജീവിതകാലം മുഴുവനിലുടെയും – മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പുകാരൻ എന്ന തന്റെ ദൗത്യം യേശു നിർവഹിച്ചു. തന്മൂലം, തന്റെ മനുഷ്യത്വത്തിൽ അവിടന്ന് നിർവഹിച്ച സകല പ്രവർത്തനങ്ങൾ വഴിയും (അവ അതിന്റെ ശരിയായ കർത്താവ് ( Subejct ) ആയ അവിടത്തെ ദൈവിക വ്യക്തിയിലാണ് ആരോപിക്കേണ്ടത് – മതബോധനഗ്രന്ഥം 468) മനുഷ്യവർഗത്തിനുവേണ്ടി അനന്തമായ രക്ഷാകര യോഗ്യതകൾ അവിടന്ന് സമ്പാദിച്ചു. മറിയത്തിന്റെ രക്ഷാകരകർമത്തിലെ അതുല്യപങ്കും സമാനരീതിയിൽ മനസ്സിലാക്കേണ്ടതാണ്. കുരിശുമരണസമയത്തെ മാതാവിന്റെ സഹനവും അനുസരണവും സ്നേഹവും മാത്രമല്ല നാം കണക്കിലെടുക്കേണ്ടത്, മറിച്ച്, യേശുവിന്റെ ജനനം മുതലുള്ള അവിടത്തെ സകല ജീവിതസംഭവങ്ങളിലും അനന്യസഹകാരിണി എന്നനിലയിൽ ണമറിയവും തന്റെ ജീവിതകാലം മുഴുവൻ പരിത്രാണപദ്ധതി സാക്ഷാത്കരിക്കുകയാണു ചെയ്തത്. ഇക്കാര്യമാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ താഴെപറയുന്ന പ്രബോധനത്തിൽ വ്യക്തമാക്കുന്നത്. “മിശിഹായെ ഗർഭം ധരിച്ച്, ജനിപ്പിച്ച്, പോറ്റിവളർത്തി പിതാവിന്റെ ആലയ ത്തിൽ സമർപ്പിച്ച്, കുരിശിൽ മരിക്കുന്ന തന്റെ പുത്രനോടൊത്തു പീഡയനുഭവിച്ച്, അനുസരണം, വിശ്വാസം, പ്രത്യാശ, ഉജ്ജ്വലസസ്നേഹം എന്നിവ വഴി ആത്മാക്കളുടെ പ്രകൃത്യതീതജീവൻ പുനരുദ്ധരിക്കാൻവേണ്ടി രക്ഷകന്റെ പ്രവൃത്തിയോടു സർവഥാ സവിശേഷമായവിധം അവൾ സഹകരിച്ചു. ഇക്കാരണത്താൽ പ്രസാദവരമണ്ഡലത്തിൽ നമ്മുടെ അമ്മയായി അവൾ പരിലസിക്കുന്നു” (‘തിരുസഭ ‘, 61).

3. പീഡാസഹനത്തിൽ വഹിച്ച പങ്ക് :

ക്രിസ്തുവിന്റെ രക്ഷാകരപ്രവൃത്തികളുടെ കേന്ദ്രമായ അവിടത്തെ പീഡാ സഹന – മരണങ്ങളിലാണ് മറിയത്തിന്റെ രക്ഷാകര പങ്ക് ഏറ്റവുമധികം വെളിപ്പെടുന്നത്. അതെപ്പറ്റി വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്. “ഭാഗ്യവതിയായ കന്യക വിശ്വാസത്തിന്റെ തീർഥാടനത്തിൽ മുന്നേറുകയും തനിക്ക് പുത്രനോടുള്ള ഐക്യം കുരിശുവരെ കാത്തുസൂക്ഷിക്കുകയും ചെയ്തു. അവിടെ അവൾ ദൈവിക പദ്ധതിയനുസരിച്ചു തന്നെയാണ് നിലകൊണ്ടത് (വി. യോഹ 19:25). തന്റെ ഏകജാതനോടുകൂടെ തീവ്രമായി വേദനിച്ചുകൊണ്ട് അവിടത്തെ ബലിയിൽ മാതൃസഹജമായ ഹൃദയത്തോടെ അവൾ സഹകരിച്ചു. താൻ ജനിപ്പിച്ച ആ ബലിമൃഗത്തെ ഹോമിക്കാൻ സ്നേഹസമന്വിതം സമ്മതം നല്കി ” (‘തിരുസഭ ‘, 58). തന്റെ പുത്രനോടൊപ്പം പരിശുദ്ധ മറിയവും നമ്മുടെ രക്ഷയ്ക്കുവേണ്ടി തന്റെ ജീവൻ ആത്മനാ ബലിയാക്കിയെന്നാണ് സഭ ഇവിടെ ഏറ്റുപറയുന്നത്. മാത്രമല്ല, നമ്മെ വീണ്ടെടുക്കേണ്ടതിന് തന്റെ ഉദരഫലത്തെ സ്നേഹസമന്വിതം ഹോമിച്ചുവെന്നും !

ഈ സഭാപ്രബോധനം അതിന്റെ പൂർണാർഥത്തിൽ മനസ്സിലാക്കിയാൽ സമ്പൂർണ മരിയൻ സമർപ്പണത്തിന്റെ പ്രാധാന്യവും പ്രസക്തിയും കൂടുതൽ വ്യക്തമാകും. യേശുവോടൊപ്പമുള്ള മറിയത്തിന്റെ രക്ഷാകരസഹനമാണ് സഭ ഇവിടെ പ്രഘോഷിക്കുന്നത്. യേശുവാണ് രക്ഷകൻ. അവിടന്നാണ് ഏക മധ്യസ്ഥൻ. എന്നാൽ ഇത് മാതാവിന്റെ സഹമാധ്യസ്ഥ്യം ഒഴിവാക്കുന്നില്ല. പരിത്രാണപദ്ധതിയിലുള്ള മറിയത്തിന്റെ അതുല്യപങ്ക് നിഷേധിക്കുന്നുമില്ല. രണ്ടാം വത്തിക്കാൻ കൗൺസിൽ ഇതു വ്യക്തമാക്കുന്നുണ്ട് : “മനുഷ്യരോടു മറിയത്തിനുള്ള മാതൃത്വത്തിന്റെ കടമ മിശിഹായുടെ അനന്യമായി മാധ്യസ്ഥ്യത്തെ ഒരുവിധത്തിലും മങ്ങലേല്പിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നില്ല. മിശിഹായോടുള്ള ഐക്യം ഒരുവിധത്തിലും ഇതു തടസ്സ പ്പെടുത്തുകയല്ല, പ്രത്യുത, വളർത്തുകയാണു ചെയ്യുന്നത് ” (‘തിരുസഭ ‘, – 60).

4. മറിയത്തിന്റെ സ്വാധീനതയുടെ കാരണം : യേശുവിന്റെ സഹനത്തിലുള്ള പങ്ക്

യേശുവിന്റെ രക്ഷാകരകർമത്തിലുള്ള മറിയത്തിന്റെ പങ്ക് യേശുവിനോടൊപ്പവും അവിടത്തോടു ചേർന്നുമുള്ള അവളുടെ സഹനമാണ്. യേശു വിന്റെ സഹനമാണ് – ആ സഹനത്തിന്റെ അത്യുച്ചിയായ കുരിശിലെ ആത്മ ബലിയാണ് – മാനവ പരിത്രാണം സാധ്യമാക്കിയത്. യേശുവിന്റെ ആ സഹനത്തിൽ മാതൃസഹജമായ ഹൃദയത്തോടെ പരിശുദ്ധ മറിയം പങ്കാളിയായി ! അതായത് പുത്രൻ അനുഭവിച്ച എല്ലാ സഹനങ്ങളുടെയും ഒരു അതുല്യ പങ്ക് ( ഷെയർ ) അമ്മ എന്ന നിലയിൽ മറിയം ഏറ്റെടുത്തുകൊണ്ട് യേശുവിനോടൊപ്പം വേദനതിന്നു.7 യേശുവിന്റെ ബലിയോടു മറിയം സ്വയം യോജിപ്പിച്ചത് ഒരു കാഴ്ചക്കാരി എന്ന നിലയിലല്ല, പെറ്റമ്മ എന്ന നിലയിലാണ്. അതാണ് അവളുടെ അതുല്യ സഹനത്തിനും കാരണമായത്.

മാത്രമല്ല, തന്നിൽനിന്നു ജനിച്ച ആ ‘ബലിമൃഗ’ ത്തെ ഹോമിക്കാൻ മറിയം സമ്മതമേകിയത് സ്നേഹസമന്വിതമാണെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ എടുത്തു പറയുന്നുണ്ട്. നമ്മുടെ രക്ഷ യേശുവിനെക്കാൾ പ്രധാനപ്പെട്ടതായി മറിയം കണക്കാക്കിയതുകൊണ്ടല്ലേ, നമ്മെ വീണ്ടെടുക്കാനുള്ള ബലിക്കായി മറിയം തന്റെ പുത്രനെ സ്നേഹപൂർവം അർപ്പിച്ചത് ?

തന്റെ സഹന മരണങ്ങളാൽ ക്രിസ്തു നമുക്കു രക്ഷ നേടിത്തന്നതിൽ മറിയം വഹിച്ച അതുല്യപങ്ക് മനസ്സിലാക്കുമ്പോൾ, ആ രക്ഷ സ്വന്തമാക്കുന്നതിനായി നമുക്ക് അവളുടെ സഹായം നിർണായകമാണെന്നു ബോധ്യപ്പെടും. “പരിശുദ്ധ കന്യകമറിയം വഴിയാണ് യേശു ലോകത്തിലേക്കു വന്നത്. അവൾ വഴിതന്നെവേണം അവിടന്നു ലോകത്തെ ഭരിക്കേണ്ടതും” എന്ന് വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട് പറയുന്നത് അതുകൊണ്ടാണ്. നമ്മുടെ രക്ഷയ്ക്കുവേണ്ടി തന്റെ ഏക മകനെപ്പോലും ഹോമിക്കാൻ സ്നേഹപുരസ്സരം സമ്മതമരുളിയ ഈ അമ്മയ്ക്ക് നമ്മെത്തന്നെ ഏല്പിച്ചുകൊടുക്കുന്നത് എത്രയോ കരണീയമാണ് !

ബൈബിൾ വായന

“പടയാളികൾ യേശുവിനെ ക്രൂശിച്ചതിനുശേഷം അവന്റെ വസ്ത്രങ്ങൾ നാലായി ഭാഗിച്ചു – ഓരോ പടയാളിക്കും ഓരോ ഭാഗം. അവന്റെ അങ്കിയും അവർ എടുത്തു. അതാകട്ടെ, തുന്നലില്ലാതെ മുകൾമുതൽ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു. ആകയാൽ, അവർ പരസ്പരം പറഞ്ഞു : നമുക്ക് അതു കീറേണ്ടാ ; പകരം, അത് ആരുടേതായിരിക്കണമെന്നു കുറിയിട്ടു തീരുമാനിക്കാം. എന്റെ വസ്ത്രങ്ങൾ അവർ ഭാഗിച്ചെടുത്തു. എന്റെ അങ്കിക്കുവേണ്ടി അവർ കുറിയിട്ടു എന്ന തിരുവെഴുത്തു പൂർത്തിയാകാൻ വേണ്ടിയാണ് പടയാളികൾ ഇപ്രകാരം ചെയ്തത്. യേശുവിന്റെ കുരിശിനരികേ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ളോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലനമറിയവും നില്ക്കുന്നുണ്ടായിരുന്നു” (വി. യോഹ 19 : 23 – 25).

പ്രാർഥന

പരിശുദ്ധാത്മാവേ, എന്നിൽ വന്നു നിറയണമേ. എന്നെയും എനിക്കുളള സർവതും ദൈവമാതാവിനു നല്കാൻ എന്നെ സഹായിക്കണമേ. എന്റെ വീണ്ടെടുപ്പിനുവേണ്ടി പരിശുദ്ധ മാതാവ് അനുഭവിച്ച രക്ഷാകര സഹനത്തിന്റെ വില എനിക്ക് മനസ്സിലാക്കിത്തരണമേ. യേശുവിനെ വിറ്റ് എന്നെ വാങ്ങിയ മറിയത്തിന്റെ വിസ്മയനീയ സ്നേഹാതിരേകം എന്റെ ഹൃദയത്തെ അവളിലേക്ക് തിരിക്കട്ടെ. എന്നെ മുഴുവനായും മറിയത്തിന് സന്തോഷപൂർവം നല്കാൻ ആ സ്നേഹം എന്നെ ഉത്തേജിപ്പിക്കട്ടെ.

ദൈവമാതാവേ, ‘ദൈവത്തിന് ഏറ്റവും പൂർണമായി നീ നിന്നെത്തന്നെ കൊടുത്തതിന്റെ യോഗ്യത എനിക്കും തന്ന് സമ്പൂർണ സമർപ്പണത്തിന് എന്നെ ഒരുക്കണമേ, ആമേൻ.


സത്കൃത്യം

മാതാവിന്റെ രക്ഷാകര സഹനത്തെപ്പറ്റി (വ്യാകുലമാതാവ് ) മറ്റുള്ളവരോട് പറയുക.

++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

DAY 1 പ്രതിഷ്ഠാ ഒരുക്കം DAY17 പ്രതിഷ്ഠ ഒരുക്കം

DAY 2 പ്രതിഷ്ഠാ ഒരുക്കം DAY18 പ്രതിഷ്ഠ ഒരുക്കം

DAY 3 പ്രതിഷ്ഠാ ഒരുക്കം DAY 19 പ്രതിഷ്ഠ ഒരുക്കം

DAY 4 പ്രതിഷ്ഠാ ഒരുക്കം DAY 20 പ്രതിഷ്ഠ ഒരുക്കം

DAY 5 പ്രതിഷ്ഠാ ഒരുക്കം

DAY 6 പ്രതിഷ്ഠാ ഒരുക്കം

DAY 7 പ്രതിഷ്ഠാ ഒരുക്കം

DAY 8 പ്രതിഷ്ഠാ ഒരുക്കം

DAY 9 പ്രതിഷ്ഠാ ഒരുക്കം

DAY 10 പ്രതിഷ്ഠാ ഒരുക്കം

DAY 11 പ്രതിഷ്ഠാ ഒരുക്കം

DAY 12 പ്രതിഷ്ഠ ഒരുക്കം

DAY 13 പ്രതിഷ്ഠ ഒരുക്കം

DAY 14 പ്രതിഷ്ഠ ഒരുക്കം

DAY 15 പ്രതിഷ്ഠ ഒരുക്കം

DAY16 പ്രതിഷ്ഠ ഒരുക്കം

MARlAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.