സ്വർണ പുരോഹിതരും മരക്കാസയും

അനേകം വർഷങ്ങൾക്ക്‌ മുൻപ്‌ വിശുദ്ധ ബോനിഫസ്‌, വൈദീക ആത്മീയതയെക്കുറിച്ച്‌ പ്രതീകാത്മകമായി പറഞ്ഞത്‌ ഇപ്രകാരമാണ്‌; “ഒരുകാലത്ത്‌ സ്വർണ പുരോഹിതർ മരത്തിന്റെ കാസകൾ ഉപയോഗിച്ചിരുന്നെങ്കിൽ അതിന്‌ വിപരീതമായി ഇന്ന്‌ മരസമാനരായ പുരോഹിതർ സ്വർണക്കാസകൾ ഉപയോഗിക്കുന്നു”. ഇത്തരത്തിലുള്ള ഒരു ഏറ്റുപറച്ചിലൂടെ വിശുദ്ധ ബോനിഫസ്‌ ചൂണിക്കാണിച്ചത്‌ വൈദീകജീവിതത്തിൽ ഇല്ലാതാകുന്ന ആത്മീയമായ പരിശുദ്ധിയെക്കുറിച്ചാണ്‌ എന്നതിൽ തർക്കമില്ല. ഞാനുൾപ്പെടെയുള്ള വൈദീകർ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഞങ്ങളിൽ എത്രപേർക്ക്‌ സ്വയം ഒരു സ്വർണപുരോഹിതനാണ്‌ എന്ന്‌ ആത്മാർത്ഥമായി പറയാനാകും എന്നത്‌ ഒരു ഗൗരവമായ ചോദ്യമാണ്‌.

ഒരു വിശുദ്ധ വൈദീകനായി അഭിഷിക്തനാകാൻ കാത്തിരുന്ന പരിശിലനത്തിന്റെ നാളുകൾ എത്രമാത്രം തീക്ഷ്ണതയുടേതായിരുന്നു എന്ന്‌ പൊതുവെ ഏതാണ്ടെല്ലാ പുരോഹിതരും സമ്മതിക്കുന്ന കാര്യമാണ്‌. അക്കാലങ്ങളിലെ പ്രാർത്ഥനാ ജീവിതവും പഠനവും വായനകളും അനുബന്ധമായി ചെയ്തിട്ടുള്ള മറ്റെല്ലാക്കാര്യങ്ങളും ആത്മാർത്ഥത എന്ന പദത്താൽ വിശേഷിപ്പിക്കാൻ എല്ലാ പുരോഹിതർക്കും കഴിയും. പരിശീലനത്തിന്റെ നാളുകൾ കഴിഞ്ഞ്‌ പുരോഹിതൻ എന്ന വിശേഷണം ജീവിതത്തിന്റെ ഒപ്പം ചേർന്ന്‌ കഴിയുമ്പോൾ പ്രകടമായ മാറ്റം എല്ലാ പുരോഹിതരിലും സംഭവിക്കാറുണ്ട്‌, അതാവശ്യവുമാണ്‌. ഏതൊരു ജീവിതാന്തസ്സിലുമെന്നതുപോലെ ഇവിടേയും അത്‌ സംഭവിക്കുന്നു. ക്രിസ്തുവിനെപ്പോലെ ഇനിയുള്ള ജീവിതം മറ്റുള്ളവർക്ക്‌ പകുത്തേകാനായി വാഴ്ത്തപ്പെട്ടതാണ്‌ എന്ന വലിയ ഒരു ഉത്തരവാദിത്വമാണ്‌ തന്റെ വ്യക്തിജീവിതത്തിൽ വന്നുചേർന്നിരിക്കുന്നത്‌ എന്ന തിരിച്ചറിവാണ്‌ ആ മാറ്റത്തിന്‌ നിദാനം.

പുരോഹിതരെന്ന നിലയിൽ തങ്ങൾ അനുദിനം ചെയ്യുന്ന കാര്യങ്ങളുടെ ജനകീയതയും സ്വീകാര്യതയും, അതിനൊപ്പം അവർ കയ്യാളുന്ന സ്ഥാനമാനങ്ങളുമാണ്‌ അവരിലെ പൗരോഹിത്യത്തിന്റെ മാറ്റ്‌ കൂട്ടുന്നത്‌ എന്ന ധാരണ എങ്ങിനെയോ പുരോഹിതരായ ഞങ്ങളിൽ അടിയുറച്ചിരിക്കുന്നു എന്നത്‌ സത്യമാണ്‌. ഇതിൽ സന്യാസിയായ പുരോഹിതനെന്നോ, ഇടവക ശുശ്രൂഷകരായ പുരോഹിതരെന്നോ വേർതിരിവൊന്നുമില്ല. അതോടൊപ്പം ഇനി ഞങ്ങൾക്കെന്തുമാകാം എന്ന ചിന്ത ഇതിനൊപ്പം കടന്നുവരുന്ന മറ്റൊരു വലിയ അപചയമാണ്‌. ആഗോള സഭയിൽ ഈ അപചയത്തിന്‌ വിശ്വാസ സമൂഹം ഇന്ന്‌ വലിയ വില കൊടുത്തുകൊണ്ടിരിക്കുകയാണ്‌.

മാറിയ കാലത്തിന്റെ പ്രത്യേകതകൾ ഉൾക്കൊള്ളാൻ പലപ്പോഴും ഞങ്ങൾ വിമുഖത കാണിക്കുന്നു എന്നത്‌ സത്യമാണ്‌. പണ്ട്‌ കാലങ്ങളിൽ ഒരു സമൂഹത്തിലെ ഏറ്റവും അറിവുള്ള വ്യക്തി പുരോഹിതനായിരുന്നു. എന്നാൽ എന്ന്‌ നമ്മുടെ എല്ലാ സമൂഹങ്ങളിലും വൈദികരേക്കാൾ അറിവുള്ള ധാരാളമാളുകൾ ഉണ്ടെന്നുള്ളത്‌ പലപ്പോഴും വിസ്മരിക്കുന്നത്‌ കാണാറുണ്ട്‌. വൈദീകർ പരസ്യമായി പങ്കുവയ്ക്കുന്ന കാര്യങ്ങളിലെ തെറ്റുകൾ കണ്ടെത്തുകയും അത്‌ ധൈര്യത്തോടെ പറയുകയും ചെയ്യുന്നവർ നമുക്ക്‌ ചുറ്റുമുണ്ട്‌. എന്നാൽ, ഇത്തരം കാര്യങ്ങൾ ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ അത്‌ അംഗീകരിക്കാനുള്ള വൈമനസ്യം വളരെ പ്രകടവുമാണ്‌. ഒരാൾ ഒരു വൈദീകനാകുന്നതോടെ എല്ലാക്കാര്യങ്ങളിലും അവഗാഹമുള്ളയാളാണ്‌ എന്ന ചിന്തയൊക്കയാകാം ഇതിനു കാരണമായി വരുന്നത്‌. ഒരാൾ ഒരു വൈദീകനായതുകൊണ്ട്‌ പറയുന്നതും ചെയ്തുകൂട്ടുന്നതുമായ എല്ലാക്കാര്യങ്ങളും ശ്രേഷ്ഠതരമാണെന്നും അതിനാൽ അത്‌ എല്ലാവരും പങ്കുവയ്ക്കണം അതിനെക്കുറിച്ച്‌ നല്ലത്‌ പറയണം എന്ന തരത്തിലൊക്കെ കരുതുന്നത്‌ വെറും ബാലിശമായ കാര്യമാണ്‌, എന്നുമാത്രമല്ല അത്‌ തിരുത്തപ്പെടേണ്ടതുമാണ്‌.

     2006 മെയ്‌ 25 ന്‌ പോളണ്ടിലെ വാർസോ കത്തീഡ്രലിൽ വെച്ച്‌ ബെനഡിക്ട്‌ പതിനാറാമൻ മാർപ്പാപ്പ അവിടുത്തെ പുരോഹിതരെ അഭിസംബോധന ചെയ്തപ്പോൾ വളരെ വ്യക്തതയോടെ പറഞ്ഞതിങ്ങനെയാണ്‌: നിങ്ങളുടെ ജീവിതത്തിലെന്നും നിങ്ങളുടെ യജമാനനായ യേശുവിന്റെ ദൗത്യത്തിലും സ്വത്വത്തിലും ശ്രദ്ധകേന്ദ്രീകരിക്കണം. വിശ്വാസികൾ പുരോഹിതരിൽ നിന്ന്‌ ഒരു കാര്യം മാത്രമേ പ്രതീക്ഷിക്കുന്നുള്ളു അതായത്‌ അവരും ദൈവവും തമ്മിലുള്ള കണ്ടുമുട്ടലിനെ പ്രോത്സാഹിപ്പിക്കുന്നതിൽ നിങ്ങൾ വിദഗ്ധരായിരിക്കണം എന്നുമാത്രം. പുരോഹിതനോട്‌ സാമ്പത്തിക ശാസ്ത്രത്തിലോ നിർമ്മാണത്തിലോ രാഷ്ട്രീയത്തിലോ വിദഗ്ദ്ധനാകാൻ ആരും ആവശ്യപ്പെടുന്നില്ല. പകരം ആത്മീയ ജീവിതത്തിൽ പുരോഹിതൻ ഒരു വിദഗ്ദ്ധനായിരിക്കുമെന്ന്‌ എല്ലാവരും പ്രതീക്ഷിക്കുന്നു. ആപേക്ഷികവാദത്തിന്റെയോ സമൂഹത്തിന്റെയോ പ്രലോഭനങ്ങൾക്ക്‌ മുന്നിൽ, പുരോഹിതന്‌ ഏറ്റവും പുതിയതും മാറുന്നതുമായ ചിന്താധാരകളെല്ലാം അറിയേണ്ട ആവശ്യമില്ല, എന്തെന്നാൽ അവനിൽ നിന്ന്‌ വിശ്വസികൾ പ്രതീക്ഷിക്കുന്നത്‌, യേശു വെളിപ്പെടുത്തിയ വചനത്തിൽ അടങ്ങിയിരിക്കുന്ന നിത്യമായ ജ്ഞാനത്തിന്‌ സാക്ഷിയാകുക എന്നതാണ്‌.

തുടക്കത്തിൽ സൂചിപ്പിച്ച വിശുദ്ധ ബോനിഫസിന്റെ വാക്കുകളും പോളണ്ടിലെ പുരോഹിതരോട്‌ ബെനെഡിക്ട്‌ പതിനാറാമൻ പാപ്പാ പറഞ്ഞതുമായ കാര്യങ്ങളും എല്ലാ പുരോഹിതരുടെയും ജീവിതത്തിൽ എല്ലാക്കാലവും ഒരു ഓർമ്മപ്പെടുത്തലായി ഒപ്പമുണ്ടാകട്ടെ. അപ്രകാരം ഓരോ പുരോഹിതനും മറ്റൊരു ക്രിസ്തുവാകാനായി അഭിഷിക്തനായ തന്നിലെ യഥാർത്ഥ പുരോഹിതനെ സ്വയം കണ്ടെത്താനും, ആത്മവിമർശനം നടത്താനുമൊക്കെ തയ്യാറാകട്ടെ. വിശുദ്ധ ജോൺ മരിയ വിയാനിയെപ്പോലെ സ്വർണത്തിളക്കമുള്ള പുരോഹിതരാകാൻ എല്ലാ അഭിഷിക്തർക്കും സാധിക്കട്ടെ.

പോൾ കൊട്ടാരം കപ്പൂച്ചിൻമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.