പ്രോ- ലൈഫ് സംസ്ഥാന നേതൃസമ്മേളനം മെയ് 11 ന് കൊച്ചിയില്‍


കൊച്ചി: കേരളത്തിലെ പൊതുസമൂഹത്തിലും കേരളസഭയിലും പ്രൊ-ലൈഫ് ശുശ്രൂഷകളുടെ വിപുലമായ സാധ്യതകളും സാഹചര്യങ്ങളും വിലയിരുത്തുവാന്‍ നേതൃസമ്മേളനം നടക്കുന്നു. മെയ് 11 ന് സംസ്ഥാന തലത്തില്‍ പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ വച്ചാണ് സംസ്ഥാന മേഖലാ സംയുക്ത സമ്മേളനം നടക്കുന്നത്. രാവിലെ 10.00 മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിക്കും. 11.00 മണിക്ക് സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി യോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സാബു ജോസ് അധ്യക്ഷത വഹിക്കും.

കേരളത്തിലെ 32 രൂപതകളിലെയും 5 മേഖലകളിലെയും റിപ്പോര്‍ട്ടുകള്‍ മേഖലാ ഭാരവാഹികള്‍ അവതരിപ്പിക്കും. തുടര്‍ന്ന് അടുത്ത ഒരുവര്‍ഷത്തെ കര്‍മ്മപദ്ധതികള്‍ക്കു രൂപം നല്കും. മലബാര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവനന്തപുരം മേഖലകളിലെ ഡയറക്ടര്‍, പ്രസിഡന്റ,് മറ്റു തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ഉച്ചവരെയുള്ള യോഗത്തില്‍ പങ്കെടുക്കും.

ഉച്ചകഴിഞ്ഞ് വിശദമായ ചര്‍ച്ചകള്‍ക്കുശേഷം സംസ്ഥാന സമിതി പ്രവര്‍ത്തനപരിപാടികള്‍ക്ക് അന്തിമരൂപം നല്കും. സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍ മാടശേരി, പ്രസിഡന്റ് സാബു ജോസ്, ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍, ട്രഷറര്‍ ടോമി പ്ലാത്തോട്ടം, ഷിബു ജോണ്‍, ആനിമേറ്റര്‍ ജോര്‍ജ്ജ് എഫ് സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.