ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ പറഞ്ഞ് പ്രാര്‍ത്ഥിക്കൂ: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

ബൈബിളില്‍ ദൈവം നിരവധിയായ വാഗ്ദാനങ്ങള്‍ നല്കിയിട്ടുണ്ട്. തന്റെ മക്കള്‍ക്കായി ചെയ്തുതരുമെന്ന് ദൈവം ഉറപ്പുപറഞ്ഞിട്ടുള്ളവയാണ് ആ വാഗ്ദാനങ്ങള്‍. എന്നാല്‍ ഈ വാഗ്ദാനങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. പല ജീവിതസാഹചര്യങ്ങളിലും കെട്ടപ്പെട്ടു കഴിയുന്നവര്‍ ഈ വാഗ്ദാനങ്ങളെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് ഇന്നും പഴയരീതിയില്‍ തുടരുന്നത്.

എന്നാല്‍ ചിലര്‍ ഈ വാഗ്ദാനം ഓര്‍മ്മിച്ച് ക്ലെയിം ചെയ്യുന്നവരാണ്. അതിലൊരാളാണ് ബൈബിള്‍ പഴയനിയമത്തില്‍ നാം കാണുന്ന യഹോഷാബാത്ത്. 2 ദിനവൃത്താന്തം 7 ലെ ഒരു വാഗ്ദാനം ഓര്‍മ്മിച്ചാണ് അയാള്‍ ദൈവത്തോട് തന്റെ ആവശ്യം ഉന്നയിക്കുന്നത്.. സോളമന് ദൈവം നല്കിയ വാഗ്ദാനമാണ് അയാള്‍ ഇവിടെ ഓര്‍മ്മിപ്പിക്കുന്നത്.

യുദ്ധം വരുമ്പോഴും അപകടം വരുമ്പോഴും പകര്‍ച്ചവ്യാധികള്‍ വരുമ്പോഴും ദേവാലയത്തില്‍ വന്ന് പ്രാര്‍ത്ഥിച്ചാല്‍ അവയ്ക്ക് ഉത്തരം കിട്ടുമെന്ന് നീ പറഞ്ഞിട്ടില്ലേ? ഇതാണ് യഹോഷാബാത്ത് ചോദിക്കുന്നത്.

വാഗ്ദാനം വിശ്വസിച്ചിട്ട് അത് ക്ലെയിം ചെയ്തുവാങ്ങണം. 8500 വാഗ്ദാനങ്ങളാണ് ദൈവം ബൈബിളില്‍ നല്കിയിരിക്കുന്നത്. നിന്നെ രക്ഷപ്പെടുത്താന്‍ കഴിയുന്ന വചനം ബൈബിളിലുണ്ട്. അത് നീ കണ്ടെത്തണം. പക്ഷേ പലര്‍ക്കും അതറിയില്ല.

എന്റെ ശുശ്രൂഷാജീവിതത്തിന്റെ തുടക്കത്തില്‍ ശുശ്രൂഷകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതിരുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. അന്ന് ഒരു സഹോദരന്‍ വഴി കര്‍ത്താവ് നല്കിയ വചനമാണ് എന്റെ തടസ്സങ്ങള്‍ എടുത്തുനീക്കിയത്.

കര്‍ത്താവേ അങ്ങേയ്ക്ക് എല്ലാം സാധ്യമാണെന്നും അങ്ങയുടെ യാതൊരു ഉദ്ദേശ്യത്തെയും ആര്‍ക്കും തടയാന്‍ കഴിയില്ലെന്നുമുള്ള ജോബിന്റെ പുസ്തകത്തിലെ വചനമായിരുന്നു അത്. അത് ഞാന്‍ ഏറ്റുപറഞ്ഞുപ്രാര്‍ത്ഥിച്ചപ്പോള്‍ എല്ലാ തടസങ്ങളും നീങ്ങിക്കിട്ടി. ഇതുപോലെ പറയാന്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും കഴിയണം.

ഒരു വാഗ്ദാനം ഏറ്റുപറഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ ദൈവം അതിന് മറുപടി നല്കുമെന്ന കാര്യം ഉറപ്പാണ്. സാമ്പത്തികബുദ്ധിമുട്ടുകളുടെയോ ദാരിദ്ര്യത്തിന്റെയോ അവസ്ഥകളിലൂടെ കടന്നുപോകുന്നവര്‍ക്കായി ചില വാഗ്ദാനവചനങ്ങളുണ്ട്. അവര്‍, സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വലഞ്ഞേക്കാം. എന്നാല്‍ ദൈവത്തെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുവരുകയില്ല എന്ന വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കണം.

നമ്മള്‍ ദൈവത്തിന്റെ മക്കളാണെങ്കില്‍ അവകാശികളുമാണ്. നീ കര്‍ത്താവില്‍ ആനന്ദിക്കുക. അവിടുന്ന് നിന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും. ഇങ്ങനെ അനേകം വചനങ്ങള്‍ നമ്മുടെ ജീവിതാവസ്ഥയുമായി ബന്ധപ്പെട്ട് ബൈബിളില്‍ കാണാന്‍ കഴിയും. അവയോരോന്നും സ്വന്തമാക്കി, ക്ലെയിം ചെയ്ത് പ്രാര്‍ത്ഥിക്കുക. ദൈവം നിങ്ങളുടെ ജീവിതത്തില്‍ ഇടപെടുക തന്നെ ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.