മക്കളെയോര്‍ത്ത് ഉത്കണ്ഠയോ? വിഷമിക്കരുത്, വിശുദ്ധ യൗസേപ്പിതാവിനോട് ഈ പ്രാര്‍ത്ഥന ചൊല്ലിയാല്‍ മതി

ഓരോ മാതാപിതാക്കള്‍ക്കും സന്തോഷമുണ്ടെങ്കില്‍ അതിനൊപ്പം തന്നെ സങ്കടങ്ങളുമുണ്ട്. കുരിശുകളോടുകൂടിയാണ് അവര്‍ തങ്ങളുടെ ജീവിതം മുന്നോട്ടു നയിക്കുന്നത്. അതില്‍ പ്രധാനമായും മക്കളെയോര്‍ത്തുള്ള ഉത്കണ്ഠകളായിരിക്കും.

അനുസരണക്കേട്, തെറ്റായ കൂട്ടുകെട്ടുകള്‍, അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രണയബന്ധങ്ങള്‍, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിങ്ങനെ പലതും മക്കളെയോര്‍ത്തുള്ള അവരുടെ സങ്കടങ്ങളില്‍ പെടുന്നു. ഈ അവസ്ഥയില്‍ ഓരോ മാതാപിതാക്കള്‍ക്കും ആശ്രയിക്കാന്‍ കഴിയുന്ന ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമാണ് വിശുദ്ധ യൗസേപ്പിതാവ്.

ഉണ്ണീശോയെ വളര്‍ത്തിയവനാണ് വിശുദ്ധ ജോസഫ്. അതുകൊണ്ടുതന്നെ ഒരു പിതാവിന്റെയും മാതാവിന്റെയും മക്കളെയോര്‍ത്തുള്ള സംഘര്‍ഷങ്ങളും ഉത്കണ്ഠകളും കൃത്യമായി യൗസേപ്പിതാവിന് മനസ്സിലാവും. ഇക്കാരണത്താല്‍ നാം ചെയ്യേണ്ട്ത് നമ്മുടെ മക്കളെ വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പിച്ചുകൊടുക്കുകയാണ്. കാരണം നമുക്കറിയില്ല നമ്മുടെ മക്കളെ എങ്ങനെ വളര്‍ത്തണമെന്ന്..അവരെ ദൈവികവഴിയില്‍ നയിക്കേണ്ടത് എങ്ങനെയെന്ന്.

പക്ഷേ യൗസേപ്പിതാവിന് അക്കാര്യം അറിയാം. നമ്മുടെ മക്കള്‍ ഇപ്പോള്‍ ആയിരിക്കുന്ന എല്ലാ അവസ്ഥകളോടും കൂടി യൗസേപ്പിതാവിന്റെ സംരക്ഷണയിലേക്ക് അവരെ സമര്‍പ്പിക്കുക. എന്നിട്ട് യൗസേപ്പിതാവിനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കുക:

ഓ മഹത്വപൂര്‍ണ്ണനായ വിശുദ്ധ യൗസേപ്പേ, ദൈവപുത്രനെ വളര്‍ത്താന്‍ ഈ ലോകത്ത് നിയോഗം ലഭിച്ചവനേ, അങ്ങയുടെ സന്നിധിയിലേക്ക് ഞങ്ങള്‍ ഞങ്ങളുടെ പ്രിയപ്പെട്ട മക്കളെ ചേര്‍ത്തുനിര്‍ത്തുന്നു. അങ്ങയുടെ പിതൃസഹജമായ വാത്സല്യവും കരുതലും ഞങ്ങളുടെ മക്കളുടെ മേല്‍ ഉണ്ടായിരിക്കണമേ.ഞങ്ങളുടെ മക്കളുടെ ജീവിതങ്ങളുടെ മേല്‍ അവിടുന്ന് കരുണയായിരിക്കണമേ,അവരെ നയിക്കണമേ. അവരുടെ ജീവിതവഴികളെ നിയന്ത്രിക്കണമേ.

ഉണ്ണീശോയെ ദേവാലയത്തില്‍ വച്ച് കാണാതെപോയപ്പോള്‍ അങ്ങ് അനുഭവിച്ച മനോപീഡകള്‍ ഓര്‍മ്മിക്കണമേ. ഞങ്ങളുടെ മക്കളുടെ ജീവിതത്തെയോര്‍ത്ത് ഞങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന വിഷമതകളെയും അങ്ങ് കാണണമേ. ഉണ്ണീശോയെ ജ്ഞാനത്തിലും പ്രായത്തിലും മനുഷ്യര്‍ക്കും ദൈവത്തിനും പ്രീതികരമായി വളര്‍ത്തിയതുപോലെ ഞങ്ങളുടെ മക്കളെയും വളര്‍ത്തണമേ. ഈ ലോകത്തിന്റെ മായാമോഹങ്ങളില്‍ നിന്നും തെറ്റുകളില്‍ നിന്നും അവരെ അകറ്റിനിര്‍ത്തണമേ.

മാതാപിതാക്കളെന്ന് നിലയിലുള്ള ഞങ്ങളുടെ കുറവുകളെ പരിഹരിച്ച് ഞങ്ങളെയും നല്ലവരായി മാറ്റണമേ.ഞങ്ങളുടെ മക്കളെ അവിടുന്ന് എന്നും നയിക്കണമേ. ആമ്മേന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.