ശുദ്ധീകരണസ്ഥലത്ത് എത്ര നാള്‍ കഴിയേണ്ടിവരും?

സ്വര്‍ഗ്ഗവും നരകവും പോലെ ശുദ്ധീകരണസ്ഥലവും ഉണ്ട് എന്നത് സഭയുടെ പ്രബോധനമാണ്. എന്നാല്‍ ശുദ്ധീകരണസ്ഥലത്ത് എത്രകാലം ഒരു ആത്മാവിന് കഴിയേണ്ടിവരും എന്നതിനെക്കുറിച്ച് സഭ പഠിപ്പിക്കുന്നില്ല. കാരണം ഒരു ആത്മാവിന്റെ ശുദ്ധീകരണത്തിന് ആവശ്യമായ സമയം ദൈവത്തിന് മാത്രമേ അറിയാമായിരിക്കുകയുള്ളൂ.

പക്ഷേ ഒരു കാര്യം ഉറപ്പാണ്. ഒരു ആത്മാവിന്റെ ശുദ്ധീകരണസ്ഥലത്തെ സമയദൈര്‍ഘ്യം കുറയ്ക്കാന്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ആ വ്യക്തിയുടെ പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകള്‍ക്കും പ്രായശ്ചിത്തങ്ങള്‍ക്കും ദാനധര്‍മ്മങ്ങള്‍ക്കും കഴിയും. മരിച്ചവര്‍ക്കുവേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനകളുടെ അടിസ്ഥാനം തന്നെ അവരെ ശുദ്ധീകരണസ്ഥലത്തു നിന്ന് മോചിപ്പിച്ചെടുക്കുക എന്നതു തന്നെയാണ്.

പല ആത്മാക്കളും ഭൂമിയിലെ ചില വിശുദ്ധത്മാക്കളോട് പ്രാര്‍ത്ഥനാസഹായം ചോദിച്ച് എത്തിയിരുന്നതായി വിശുദ്ധരുടെ ജീവചരിത്രങ്ങള്‍ നമ്മോട് പറയുന്നുണ്ട്. ഉദാഹരണത്തിന് നമ്മുടെ മറിയം ത്രേസ്യ. വിശുദ്ധയുടെ പ്രാര്‍ത്ഥന വഴി അനേകം ആത്മാക്കള്‍ വളരെ പെട്ടെന്ന് തന്നെ സ്വര്‍ഗ്ഗപ്രാപ്തരായിട്ടുണ്ട്.

അതുകൊണ്ട് മരിച്ചുപോയവര്‍ക്കുവേണ്ടി നാം നിരന്തരം പ്രാര്‍ത്ഥിക്കണം. നമ്മുടെ പ്രാര്‍ത്ഥനകള്‍ വഴി അവര്‍ വേഗം ദൈവത്തിന്റെ അടുക്കലേക്ക് യാത്രയായേക്കാം.

ഒരിക്കല്‍കൂടി പറയട്ടെ എത്രകാലം ഒരു ആത്മാവിന് ശുദ്ധീകരണസ്ഥലത്ത് കഴിയേണ്ടിവരും എന്നതിനെക്കുറിച്ച് ആര്‍ക്കും പറയാന്‍ കഴിയില്ല. ഇത്രയും കാലം എന്ന കാലാവധി അതിന് നിശ്ചയിച്ചിട്ടുമില്ല. ശുദ്ധീകരണസ്ഥലം നിത്യമായി വസിക്കേണ്ട സ്ഥലമല്ല എന്നു മനസ്സിലാക്കുക. താല്ക്കാലികമായ ഒരു ശിക്ഷാസ്ഥലം മാത്രമാണ് അത്. നമ്മുടെ ആത്മാവിന്റെ ശുദ്ധീകരണം നടന്നുകഴിയുമ്പോള്‍ നാം അവിടെ നിന്ന് മോചിതരാകും.

ശുദ്ധീകരണസ്ഥലം എന്ന് കേള്‍ക്കുമ്പോഴേ നിരാശപ്പെടുകയോ ഭയപ്പെടുകയോ ചെയ്യേണ്ട കാര്യവുമില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.