ജൂലൈ മൂന്നു മുതല്‍ ഏകീകൃത രീതിയില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കാന്‍ അന്തിമമായി ആവശ്യപ്പെടുന്നു

2021 നവംബര്‍ 28ാം തീയതി പ്രാബല്യത്തില്‍വന്ന സീറോമലബാര്‍ സഭയുടെ നവീകരിച്ച തക്‌സയില്‍ നിര്‍ദേശിച്ചിരിക്കുന്നപ്രകാരം ഏകീകൃതരീതിയില്‍ കുര്‍ബാന നിലവില്‍ അര്‍പ്പിക്കാത്ത എല്ലാ വൈദികരോടും സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് എന്ന നിലയിലും എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ എന്നനിലയിലും 2024 ജൂലൈ മൂന്നുമുതല്‍
ഏകീകൃതരീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ ഞങ്ങള്‍ അന്തിമമായി ഇതിനാല്‍ ആവശ്യപ്പെടുന്നുവെന്ന് മേജര്‍ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും മാര്‍ ബോസ്‌ക്കോ പുത്തൂരും സംയുക്തമായി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം ചുവടെ:

സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും എറണാകുളംഅങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ
മാര്‍ റാഫേല്‍ തട്ടിലും എറണാകുളംഅങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍
മാര്‍ ബോസ്‌കോ പുത്തൂരും സംയുക്തമായി പുറപ്പെടുവിക്കുന്ന സര്‍ക്കുലര്‍.

എറണാകുളംഅങ്കമാലി അതിരൂപതയിലെ പ്രിയപ്പെട്ട വൈദികരേ, സമര്‍പ്പിതരേ,
അല്മായ സഹോദരങ്ങളേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും നമ്മുടെ കര്‍ത്താവീശോമിശിഹായുടെ ആശീര്‍വാദവും സമാധാനവും!

നിങ്ങള്‍ക്ക് അറിയാവുന്നതുപോലെ, സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് പെര്‍മനന്റ് സിനഡംഗങ്ങള്‍, കൂരിയ മെത്രാന്‍, മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ റോമിലെ പ്രൊക്യുറേറ്റര്‍ എന്നിവരോടെപ്പം 2024 മെയ് 13ാം തീയതി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. അന്നേദിവസം, പരിശുദ്ധ പിതാവ് വത്തിക്കാന്‍ പാലസിലെ കണ്‍സിസ്റ്ററി ഹാളില്‍, നമ്മുടെ സഭയുടെ ചരിത്രത്തെയും പ്രേഷിതചൈതന്യത്തെയും സഭയിലെ ദൈവ വിളികളെയുംകുറിച്ചു മെത്രാന്മാരെയും റോമിലുള്ള സീറോമലബാര്‍ സഭാപ്രതിനിധികളെയും അഭിസംബോധനചെയ്തുകൊണ്ടു നടത്തിയ പ്രസംഗം നമ്മുടെ സഭയ്ക്കുള്ള
സാര്‍വത്രികസഭയുടെ അംഗീകാരമായിരുന്നു.

നമ്മുടെ സഭയില്‍ സമീപകാലത്ത് ആരാധനാക്രമസംബന്ധമായി ഉയര്‍ന്നുവന്ന ഭിന്നസ്വര ങ്ങളെക്കുറിച്ചു മാര്‍പാപ്പ സൂചിപ്പിക്കുകയുണ്ടായി. രണ്ടുതവണ എഴുത്തുകള്‍വഴിയും ഒരു തവണ വീഡിയോസന്ദേശംവഴിയും ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി നടപ്പിലാ ക്കുന്നതിനെക്കുറിച്ചു നല്കിയ വ്യക്തമായ നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെട്ടതു പരിശുദ്ധ പിതാവിന്റെ പിതൃഹൃദയത്തെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. അനുസരണമില്ലാത്തവരുടെ സ്ഥാനം സഭാകൂട്ടായ്മ്മയ്ക്കു വെളിയിലാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയിലും തുടര്‍ന്നു നടത്തിയ പ്രസംഗത്തിലും പരിശുദ്ധ പിതാവ് വ്യക്തമാക്കുകയുണ്ടായി. കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ മാര്‍പാപ്പയുടെ ഈ വാക്കുകളെ തികഞ്ഞ ഗൗരവത്തോടെ നിങ്ങള്‍ മനസ്സിലാക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് അതിരൂപതയിലെ എല്ലാ വൈദികരോടും സമര്‍പ്പിതരോടും അല്മായ സഹോദരങ്ങളോടും സ്‌നേഹപൂര്‍വം ഞങ്ങള്‍ ഒരിക്കല്‍ക്കൂടി അഭ്യര്‍ഥിക്കുന്നു.

മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഔദ്യോഗികസന്ദര്‍ശനത്തിനത്തിനിടയില്‍ 2024 മെയ് 15ാം തീയതി പരിശുദ്ധ പിതാവിന്റെ നിര്‍ദേശപ്രകാരം, വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനും പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ക്ലൗദിയോ ഗുജറോത്തിയും പ്രസ്തുത കാര്യാലയത്തിലെ ആര്‍ച്ചുബിഷപ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരും നമ്മുടെ സഭയുടെ പെര്‍മനന്റ് സിനഡംഗങ്ങളും എറണാകുളംഅങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ചുബിഷപ് സിറില്‍ വാസിലും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ബോസ്‌കോ പുത്തൂരും പങ്കെടുത്തയോഗം പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തില്‍ ചേരുകയുണ്ടായി. എറണാകുളംഅങ്കമാലി അതിരൂപതയില്‍ ഇപ്പോള്‍ നിലനില്ക്കുന്ന പ്രതിസന്ധി വിശകലനംചെയ്തതിനു ശേഷം
സഭയുടെ ഉന്നത അധികാരികള്‍ ഈ യോഗത്തില്‍ എടുത്ത വ്യക്തമായ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനുവേണ്ടി ഞങ്ങള്‍ നിങ്ങളെ അറിയിക്കുന്നു.

  1. സീറോമലബാര്‍സഭയുടെ സിനഡു തീരുമാനിച്ചതും ഗ്ലൈഹികസിംഹാസനം അംഗീ കരിച്ചതും നടപ്പിലാക്കാന്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ രണ്ടുതവണ കത്തുകളിലൂടെയും ഒരുതവണ വീഡിയോ സന്ദേശത്തിലൂടെയും നേരിട്ട് ആവശ്യപ്പെട്ടതുമായ ഏകികൃത കുര്‍ബാനയര്‍പ്പണരീതി സീറോമലബാര്‍സഭ മുഴുവനിലും നടപ്പിലാക്കണമെന്ന തീരുമാനത്തിനു യാതൊരു മാറ്റവുമില്ല. ആമുഖശുശ്രൂഷയും വചനശുശുഷയും ഉള്‍പ്പെടെ വിശ്വാസപ്രമാണം കഴിയുന്നതുവരെ വചനവേദി(ബേമ്മ)യില്‍ ജനാഭി മുഖമായും അനാഫൊറാഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും വി. കുര്‍ബാന സ്വീകരണത്തിനുശേഷമുള്ള സമാപനശുശ്രൂഷ ജനാഭിമുഖമായും കാര്‍മികന്‍ നിര്‍വഹിക്കുന്നതാണ് വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിലെ ഏകീകൃതരൂപം.
  2. പരിശുദ്ധ പിതാവിന്റെയും മെത്രാന്‍സിനഡിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ ബോധപൂര്‍വം ധിക്കരിക്കുന്നതു ശീശ്മയിലേക്കു വഴിതുറക്കുന്നതിനും അതുവഴി കത്തോലിക്കാ
    കൂട്ടായ്മയില്‍നിന്നു ബഹിഷ്‌കരിക്കപ്പെടുന്നതിനും ഇടവരുത്തും. ഫ്രാന്‍സിസ് മാര്‍പാപ്പ മെയ് 13ലെ പ്രസംഗത്തില്‍ പറഞ്ഞതുപോലെ, ‘അനുസരണയുള്ളിടത്ത് സഭയുണ്ട്.
    അനുസരണക്കേടുള്ളിടത്തു ശീശ്മ ഉണ്ടാവും’.
  3. അതിനാല്‍, 2021 നവംബര്‍ 28ാം തീയതി പ്രാബല്യത്തില്‍വന്ന സീറോമലബാര്‍ സഭയുടെ നവീകരിച്ച തക്‌സയില്‍ നിര്‍ദേശിച്ചിരിക്കുന്നപ്രകാരം ഏകീകൃതരീതിയില്‍ കുര്‍ബാന നിലവില്‍ അര്‍പ്പിക്കാത്ത എല്ലാ വൈദികരോടും സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് എന്ന നിലയിലും എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ എന്നനിലയിലും 2024 ജൂലൈ മൂന്നുമുതല്‍
    ഏകീകൃതരീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ ഞങ്ങള്‍ അന്തിമമായി ഇതിനാല്‍ ആവശ്യപ്പെടുന്നു. ഞങ്ങളുടെ ഈ അന്തിമനിര്‍ദേശം അനുസരിക്കാതെ ജൂലൈ മൂന്നിനുശേഷവും ഏകികൃതരീതിയില്‍നിന്നു വ്യത്യസ്തമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വൈദികര്‍ കത്തോലിക്കാസഭയുടെ കൂട്ടായ്മയില്‍നിന്നു പുറത്തുപോയതായി കണക്കാക്കപ്പെടും എന്ന വസ്തുത നിങ്ങളെ ഔദ്യാഗികമായി അറിയിക്കുന്നു. ഈ വൈദികര്‍ക്കു 2024 ജൂലൈ നാലാം തീയതിമുതല്‍ കത്തോലിക്കാസഭയില്‍ പൗരോഹിത്യശുശ്രൂഷ നിര്‍വഹിക്കുന്നതില്‍നിന്നു ഇനിയൊരു മുന്നറിയിപ്പില്ലാതെ വിലക്കേര്‍പ്പെടുത്തുന്നതാണ്. ഈ തീരുമാനം സീറോമലബാര്‍ സഭയുടെ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്ന എല്ലാ വൈദികര്‍ക്കും ബാധകമായിരിക്കും.
  4. എറണാകുളംഅങ്കമാലി അതിരൂപതയ്ക്കുപുറത്തു സേവനംചെയ്യുകയോ ഉപരിപഠനം നടത്തുകയോചെയ്യുന്ന അതിരൂപതാ വൈദികര്‍ ഏകീകൃതരീതിയിലുള്ള വിശുദ്ധ കുര്‍ബ്ബാനയര്‍പ്പണവുമായി ബന്ധപ്പെട്ട സിനഡുതീരുമാനത്തോടുള്ള അനുസരണവും അതിനുളള സന്നദ്ധതയും വ്യക്തമാക്കുന്ന രേഖാമൂലമുള്ള സത്യവാങ്മൂലം 2024 ജൂലൈ മൂന്നാം തീയതിക്കുമുമ്പായി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേര്‍ക്കു നല്‌കേണ്ടതാണ്. പ്രസ്തുത സത്യവാങ്മൂലം നിശ്ചിത സമയത്തിനുള്ളില്‍ നല്കാത്ത വര്‍ക്കും കത്തോലിക്കാസഭയില്‍ പൗരോഹിത്യശുശ്രൂഷ നിര്‍വഹിക്കുന്നതില്‍നിന്നു ഇനിയൊരു മുന്നറിയിപ്പില്ലാതെ വിലക്കേര്‍പ്പെടുത്തുന്നതാണ്. ഇക്കാര്യം ഈ വൈദികര്‍ സേവനം ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന സ്ഥലങ്ങളിലെ അധികാരികളെ മേല്‍ നടപടികള്‍ക്കായി അറിയിക്കുന്നതുമായിരിക്കും.
  5. 2024 ജൂലൈ മൂന്നിനുശേഷം ഏകീകൃതരീതിയിലല്ലാതെ ഏതെങ്കിലും വൈദികന്‍ സീറോമലബാര്‍ കുര്‍ബാനക്രമം അനുഷ്ഠിക്കുന്നുണ്ടെങ്കില്‍ പ്രസ്തുത കുര്‍ബാനയര്‍ പ്പണത്തില്‍നിന്നും മറ്റു തിരുക്കര്‍മങ്ങളില്‍നിന്നും വിട്ടുനില്ക്കണമെന്ന് എല്ലാ സീറോ മലബാര്‍സഭാംഗങ്ങളോടും പ്രത്യേകിച്ച് എറണാകുളംഅങ്കമാലി അതിരൂപതയിലുള്ള വരോടും ഇതിനാല്‍ ആവശ്യപ്പെടുന്നു. മാര്‍പാപ്പയെ ധിക്കരിക്കുന്നവരും സഭയില്‍ നിന്നു ബഹിഷ്‌കൃതരുമായ വൈദികര്‍ അര്‍പ്പിക്കുന്ന കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നവരുടെ ഞായറാഴ്ചകടം പരിഹരിക്കപ്പെടുന്നില്ല എന്ന കാര്യവും ഇതിനാല്‍ എല്ലാ വിശ്വാ സികളെയും അറിയിക്കുന്നു. വൈദികരുടെ അനുസരണക്കേടുമൂലം ഉണ്ടാകുന്ന ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകള്‍ എല്ലാവരും മനസിലാക്കുമല്ലോ.
  6. പൗരോഹിത്യശുശ്രൂഷകള്‍ നിര്‍വഹിക്കുന്നതില്‍നിന്നു സഭ വിലക്കുന്ന വൈദികര്‍ പരി കര്‍മംചെയ്യുന്ന വിവാഹങ്ങള്‍ അസാധുവായിരിക്കും. രൂപതാമെത്രാന്റെ അംഗീകാരമി ല്ലാത്ത വൈദികര്‍ക്കു ഇടവകകളുടെയും സ്ഥാപനങ്ങളുടെയും ഭരണനിര്‍വഹണം നടത്താനോ അവയെ നിയമാനുസൃതം പ്രതിനിധീകരിക്കാനോ സാധിക്കുന്നതല്ല.
  7. ഏകീകൃതരീതിയിയില്‍മാത്രം വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്നതിനുള്ള സന്നദ്ധത രേഖാമൂലം അറിയിക്കുന്നതുവരെ എറണാകുളംഅങ്കമാലി അതിരൂപതയിലെ വൈദിക വിദ്യാര്‍ഥികള്‍ക്കു മ്ശംശാനപട്ടമോ പുരോഹിതപട്ടമോ നല്കുന്നതല്ല.
  8. ഏകീകൃതരീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനുള്ള തീരുമാനം വന്നതുമുതല്‍ അനുസരണയോടെ അതു നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ബഹു. വൈദികരെയും സിന ഡുതീരുമാനം നടപ്പിലാക്കുന്നതിനുവേണ്ടി വിവിധ മാര്‍ഗങ്ങളിലൂടെ ഇടപെടലുകള്‍ നടത്തുന്ന സമര്‍പ്പിതരെയും അല്മായസഹോദരങ്ങളെയും കൃതജ്ഞതയോടെ ഓര്‍ക്കുന്നു. അതിരൂപതയിലെ എല്ലാ ഇടവകകളിലും ഏകീകൃത വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നതിനും കത്തോലിക്കാസഭയുടെ കൂട്ടായ്മയില്‍ അതിരൂപത മുഴുവനും നിലനില്ക്കുന്നതിനുംവേണ്ടി അതിരൂപതയിലെ വിശ്വാസിസമൂഹം ജാഗ്രതയോടെയും വിശ്വാസതീക്ഷ്ണതയോടെയും വര്‍ത്തിക്കണമെന്നു ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു. കത്തോലിക്കാസഭയില്‍ നിന്നു അകന്നുമാറാനും വിഭാഗീതയുടെ വിത്തുകള്‍ വിത യ്ക്കാനും നിഷിപ്ത താത്പര്യക്കാര്‍ നടത്തുന്ന പരിശ്രമങ്ങളെയും സാമൂഹ്യമാധ്യമങ്ങ ളിലൂടെ നടത്തുന്ന നുണപ്രചരണങ്ങളെയും വിവേകത്തിലും കൂട്ടായ്മയിലും ക്രൈസ്തവമാര്‍ഗങ്ങളിലും നേരിടാന്‍ അതിരൂപതയിലെ പ്രബുദ്ധരായ അല്മായസമു ഹത്തിനു പ്രത്യേകമായ കടമയുണ്ട്. സഭയുടെ തീരുമാനത്തോടു ചേര്‍ന്നുനില്ക്കുന്നവരുടെ ഏതുവിധത്തിലുള്ള ഇടപെടലുകളും സുവിശേഷാനുസൃതവും ക്രൈസ്തവവുമാ യിരിക്കണമെന്നും മറിച്ചുള്ള പ്രതികരണങ്ങള്‍ സഭയെ പൊതുസമൂഹത്തില്‍ മോശ മായി ചിത്രീകരിക്കാന്‍ മാത്രമേ ഇടയാക്കിയിട്ടുള്ളു എന്നതും ഓര്‍മിപ്പിക്കട്ടെ.

എറണാകുളംഅങ്കമാലി അതിരൂപതയിലെ പ്രിയപ്പെട്ട വൈദികരേ, സമര്‍പ്പിതരേ, അല് മായ സഹോദരങ്ങളേ, ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി അതിരൂപതയില്‍ നടപ്പി ലാക്കുന്നതുമായി ബന്ധപ്പെട്ട് അതിരൂപതയിലെ ചില വൈദികരും അല്മായരുമായി സിന ഡുപിതാക്കന്മാരുടെ പ്രതിനിധികള്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിരുന്നു. 2021 നവംബര്‍ 28 മുതല്‍ നമ്മുടെ സഭയിലെ 35ല്‍ 34 രൂപതകളിലും യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേ ഷനിലും മറ്റു പ്രവാസിസമൂഹങ്ങളിലും നടപ്പിലാക്കിയ ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി ക്രമാനുഗതമായി ഈ അതിരൂപതയിലും നടപ്പിലാക്കാന്‍ പലനിര്‍ദേശങ്ങളും മുന്നോട്ടുവയ്ക്കുകയുണ്ടായി. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ അസാധാരണമായ വിധത്തില്‍ ഇടപെടലുകള്‍ നടത്തി അനുസരിക്കാന്‍ ആഹ്വാനംചെയ്തു. എന്നാല്‍ പരിശുദ്ധ പിതാവിനെയും സിനഡിനെയും അനുസരിക്കാത്ത, നേതൃത്വനിരയിലുണ്ടായി
രുന്ന ഏതാനും വൈദികരും അല്മായരും സ്വീകരിച്ച സഭാപരമല്ലാത്തതും യുക്തിരഹിതവു മായ കടുംപിടുത്തവും ഒരിക്കലും അംഗീകരിക്കാനാവാത്ത സമരമുറകളും ദുഷ്പ്രചരണ ങ്ങളുമാണ് ഈ വിഷയത്തെ ഇത്രമാത്രം സങ്കീര്‍ണമാക്കിയത്. സഭാസംവിധാനത്തെയും സഭാധികാരികളെയും വെല്ലുവിളിച്ചുകൊണ്ടും സഭാപരമായ അച്ചടക്കം പാലിക്കാതെയും കത്തോലിക്കാസഭാകൂട്ടായ്മയില്‍ തുടരാന്‍ ഇനി ആരെയും അനുവദിക്കില്ല. അതിനാലാണ് കര്‍ശനമായ നടപടികളിലേക്കു പ്രവേശിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നത്. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ വീഡിയോസന്ദേശത്തില്‍ ആഹ്വാനം ചെയ്തതു പോലെ നിക്ഷിപ്തതാത്പര്യങ്ങളുള്ള ഏതാനും ചില വൈദികരുടെയും മറ്റു വ്യക്തികളു ടെയും വാക്കുകള്‍ വിശ്വസിച്ചു നിങ്ങളില്‍ ഒരാള്‍പോലും പരിശുദ്ധ കത്തോലിക്കാസഭ യുടെ കൂട്ടായ്മയില്‍നിന്നു പുറത്തുപോകാന്‍ ഇടവരരുതെന്നു ഞങ്ങള്‍ അതിയായി ആഗ്ര ഹിക്കുന്നു. നമ്മുടെ അമ്മയായ പരിശുദ്ധ കത്തോലിക്കാസഭയോടും സഭയുടെ തലവനായ പരിശുദ്ധ പിതാവിനോടും സീറോമലബാര്‍സഭയുടെ മെത്രാന്‍സിനഡിനോടും സഹസ്രാ ബ്ദങ്ങളിലൂടെ രൂപപ്പെട്ട നമ്മുടെ കത്തോലിക്കാപൈതൃകത്തോടും നിങ്ങളെല്ലാവരും ചേര്‍ന്നുനില്ക്കണമെന്നു ദൈവനാമത്തില്‍ ഞങ്ങള്‍ അഭ്യര്‍ഥിക്കുകയും ചെയ്യുന്നു.

അതിരൂപതയുടെ മഹിതമായ പാരമ്പര്യം പിഞ്ചെന്ന്, സഭാധികാരികളെ അനുസരിച്ച് കത്തോലിക്കാതിരുസ്സഭയുടെ കൂട്ടായ്മയില്‍ വിശ്വസ്ത സഭാമക്കളായി എന്നും തുടരാന്‍ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ! കേവലം മാനുഷികമായ ചിന്തയും യുക്തിയും മാറ്റി വച്ച് ഈശോയുടെ തിരുഹൃദയത്തില്‍ അഭയംതേടാനും തിരുഹൃദയചൈതന്യത്തില്‍ ജീവി ക്കാനും എല്ലാവര്‍ക്കും ഇടവരട്ടെ!

ഈശോയില്‍ സ്‌നേഹപൂര്‍വം, + റാഫേല്‍ തട്ടില്‍

സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് എറണാകുളംഅങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത

  • ബോസ്‌കോ പുത്തൂര്‍

എറണാകുളംഅങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍

ഈ സര്‍ക്കുലര്‍ 2024 ജൂണ്‍ 16 ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുര്‍ബാനമധ്യേ വായിക്കേണ്ടതാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.