റോസാ മിസ്റ്റിക്ക മാതാവിനോടു മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കാം


ജൂലൈ 13 നാണ് റോസാ മിസ്റ്റിക്ക തിരുനാള്‍. ഈ ദിവസങ്ങളില്‍ നമുക്ക് അമ്മയോട് മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കാം.

ദൈവമാതാവായ പരിശുദ്ധ കന്യകാമറിയമേ, മനുഷ്യകുലം മുഴുവന്റെയും മാതാവും മധ്യസ്ഥയും സഹായിയും സംരക്ഷകയുമായ അങ്ങയെ ഞങ്ങൾ വണങ്ങുന്നു.

മനുഷ്യകുലത്തെ തിന്മയുടെ സ്വാധീനത്തിൽ നിന്നും മോചിപ്പിക്കുന്നതിന് വേണ്ടി ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപെട്ട് അനുതാപത്തിനും പ്രായച്ഛിത്തത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനം ചെയ്യുന്ന പരിശുദ്ധ അമ്മേ അങ്ങയുടെ മധ്യസ്ഥത്തിന്റെ ശക്തിയാൽ ഞങളുടെ ആവശ്യങ്ങളിൽ സഹായിക്കേണമേ.    

പരിശുദ്ധ മറിയമേ, അങ്ങയുടെ പുത്രനായ ഈശോയ്ക്ക് ആത്മാക്കളെ നേടുന്നതിനായി റോസാ മിസ്റ്റിക്ക എന്നപേര് സ്വീകരിച്ച അങ്ങയെ ഞങൾ വണങ്ങുന്നു. സ്വർഗ്ഗീയ പിതാവിന്റെ ഏറ്റവും കറയില്ലാത്ത പുത്രിയാണെന്ന് സൂചിപ്പിക്കുന്ന വെള്ള റോസാപുഷ്പവും ദൈവപുത്രന്റെ അമ്മയാണെന്ന് സൂചിപ്പിക്കുന്ന ചുവന്ന റോസാപുഷ്പവും പരിശുദ്ധാത്മാവിന്റെ മണവാട്ടിയാണെന്ന് സൂചിപ്പിക്കുന്ന സ്വർണ്ണനിറത്തിലുള്ള റോസാ പുഷ്പവും നെഞ്ചിൽ സംവഹിക്കുന്ന മാതാവേ പ്രാർത്ഥന, അനുതാപം,  പരിഹാരം, കൂദാശകളുടെ യോഗ്യതപൂർണ്ണമായ സ്വീകരണം എന്നിവ വഴി ആത്മാവിൽ ശക്തിപ്പെടാനുള്ള കൃപാവരം അങ്ങേ തിരുക്കുമാരനിൽനിന്നും ഞങ്ങൾക്ക് വാങ്ങിത്തരണമേ. ജപമാല ചൊല്ലി പ്രാർത്ഥിക്കുവാനും അതുവഴി തിന്മയുടെയും അന്ധകാരത്തിന്റെയും ശക്തിക്ക് എതിരായി പോരാടുവാനും ഞങ്ങളെ ശക്തരാക്കേണമേ. 

പാപികളുടെ നിത്യനാശത്തിൽ കണ്ണുനീർ ചിന്തുന്ന മാതാവേ തെറ്റായ പാതയിലൂടെ സഞ്ചരിക്കുന്ന മക്കൾക്ക് തങ്ങളുടെ തെറ്റുകളോർത്തു അനുതപിക്കുവാനും സുവിശേഷത്തിൽ വിശ്വസിച്ചുകൊണ്ട് നന്മയുടെ പാതയിൽ ചരിക്കുവാനും വേണ്ട കൃപാവരം വാങ്ങി നൽകേണമേ.

ജീവിതഭാരത്താൽ തളരുന്നവരെയും ആശ്വാസമില്ലാതെ അലയുന്നവരെയും മാതൃസ്നേഹത്തിന്റെ കരം നീട്ടി ശക്തിപെടുത്തേണമേ. ഈ ലോകത്തിന്റെ കളങ്കമേശാതെ ജീവിക്കുവാനും പ്രലോഭനങ്ങളെ ധൈര്യപൂർവ്വം നേരിടുവാനും ഞങ്ങളെ ശക്തരാക്കേണമേ. എല്ലാറ്റിനും ഉപരിയായി ഇപ്പോൾ ഞങ്ങൾ യാചിക്കുന്ന പ്രത്യേക അനുഗ്രഹം (…….) അങ്ങയുടെ തിരുക്കുമാരന്റെ സന്നിധിയിൽ ഉണർത്തിച്ച് ഞങ്ങൾക്ക് സാധിച്ചുതരികയും ചെയ്യേണമേ. ആമ്മേൻമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.