ഒക്ടോബര്‍: ജപമാലപ്രാര്‍ത്ഥനകളുടെ പുണ്യമാസം

ഒക്ടോബര്‍. കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാനമാസവും സവിശേഷദിനങ്ങളുമാണ്. കാരണം പരിശുദ്ധ കുര്‍ബാന കഴിഞ്ഞാല്‍ അവരുടെ പ്രിയപ്പെട്ട പ്രാര്‍ത്ഥനയായ ജപമാലയ്ക്കായി പ്രത്യേകമായി നീക്കിവച്ചിരിക്കുന്ന മാസമാണ് ഇത്.

പരിശുദ്ധ അമ്മയോട് അത്യധികം ഭക്തിയും വിശ്വാസവുമുള്ള നമ്മുടെ ആത്മീയജീവിതത്തിന് ഈ ദിനങ്ങള്‍ മുതല്‍ക്കൂട്ടായി മാറുന്നുണ്ട്. ജപമാലയിലൂടെ അമ്മ വഴി നാം സ്വര്‍ഗ്ഗസ്ഥനായ പിതാവിനോട് പ്രാര്‍ത്ഥിക്കുന്നതെന്ന ഉറച്ച ബോധ്യമാണ് ഈ പ്രാര്‍ത്ഥനയെ നമുക്കേറ്റവും പ്രിയപ്പെട്ടതാക്കിമാറ്റുന്നത്. പരിശുദ്ധ അമ്മ തന്റെ മക്കള്‍ക്കായി നല്കുന്നതില്‍ ഏറ്റവുംവിലപിടിച്ച സമ്മാനവും ജപമാല തന്നെ. ദൈവത്തില്‍ നിന്ന് പ്രസാദ മഴ പെയ്യിക്കുന്ന പ്രാര്‍ത്ഥനയാണ് ജപമാല യെന്ന് അഭിപ്രായപ്പെട്ടത് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയാണ്.

എല്ലാ കത്തോലിക്കാ കുടുംബങ്ങളിലും ജപമാല ചൊല്ലണമെന്ന് ഒമ്പതാം പീയൂസ മാര്‍പാപ്പ ആഹ്വാനം ചെയ്തിരിക്കുന്നതിന് പിന്നിലെ കാരണവും മറ്റൊന്നല്ല.

ജപമാല നിത്യവും ചൊല്ലുന്നവരാണെങ്കിലും ഈ പ്രാര്‍ത്ഥനയുടെ മറ്റൊരു പൊതുസവിശേഷത പലര്‍ക്കുംഅറിയില്ലെന്ന് തോന്നുന്നു. ഗാഢധ്യാനം, സ്വകാര്യവിചിന്തനം, നിയോഗം എന്നിങ്ങനെ മൂന്നു സ്വഭാവങ്ങള്‍ ജപമാലയ്ക്കുണ്ട്.

ജപമാല വിശ്വാസത്തോടെ കയ്യില്‍പിടിച്ചിരിക്കുന്നതുപോലും തിന്മയെ ഉന്മൂലനം ചെയ്യും. പിശാചിനെ പിടിച്ചുകെട്ടാന്‍ ജപമാലയ്ക്ക് ശക്തിയുണ്ടെന്ന് പരിശുദ്ധ അമ്മ തന്നെ വെളിപെടുത്തിയിട്ടുണ്ട്.
ആകയാല്‍ നമുക്ക് ഈ മാസം കൂടുതല്‍ ജപമാലഭക്തിയില്‍ വളരാം.

പതിവു ചൊല്ലുന്ന ജപമാലയ്ക്ക് പുറമെ ഒരു രഹസ്യമെങ്കിലും കൂടുതല്‍ ചൊല്ലുമെന്ന് മാതാവിന് വാക്കു കൊടുക്കാം. പരിശുദ്ധ അമ്മയോടുളള ഭക്തി പ്രചരിപ്പിക്കുമെന്നും അനേകരെ തന്നാല്‍ ആവും വിധം മാതൃസന്നിധിയിലേക്ക് കൊണ്ടുവരുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം.
ജീവിതത്തിലെ വിവിധ ഭൗതികാവശ്യങ്ങള്‍ക്കായും നമുക്ക് ജപമാലയിലൂടെ മാധ്യസ്ഥം തേടാം.

ഈ ഒക്ടോബര്‍ മാസം നമുക്കും പ്രിയപ്പെട്ടവര്‍ക്കും കൂടുതല്‍ ്അനുഗ്രഹദായകമാകട്ടെ. ജപമാല പ്രാര്‍ത്ഥനയില്‍ മരിയന്‍ പത്രത്തെയും അതിന് പിന്നില്‍പ്രവര്‍ത്തിക്കുന്നവരെയും കൂടിഓര്‍മ്മിക്കണമെന്ന് അപേക്ഷിക്കുന്നു. ഞങ്ങളുടെ ജപമാലപ്രാര്‍ത്ഥനയിലും നിങ്ങളേവരേയും ഓര്‍മ്മിക്കുന്നതായിരിക്കുമെന്ന് ഉറപ്പുനല്കുകയും ചെയ്യുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.