ഷെക്കീന; കേരള സഭയ്ക്ക് പുതിയ വാര്‍ത്താ വിനോദ ചാനല്‍


തൃശൂര്‍: കേരള സഭയ്ക്ക് പുതിയ വാര്‍ത്താ വിനോദ ചാനല്‍ വരുന്നു. ഷെക്കീന. പ്രസിദ്ധനായ ധ്യാനഗുരുവും വചനപ്രഘോഷകനുമായ ബ്ര. സന്തോഷ് കരുമത്ര നേതൃത്വം നല്കുന്ന ഷെക്കീന മിനിസ്ട്രിയുടെ ആഭിമുഖ്യത്തിലാണ് പുതിയ ചാനല്‍ വരുന്നത്. ഏപ്രില്‍ 28 മുതല്‍ സംപ്രേഷണം ആരംഭിക്കും. സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചാനല്‍ ഉദ്ഘാടനം ചെയ്യും. തൃശൂര്‍, പട്ടിക്കാട്, തളിക്കോട് ആണ് ചാനലിന്റെ പ്രധാന ഓഫീസ്. കേരളസഭയിലെ മുഴുവന്‍ മെത്രാന്മാരുടെയും വൈദികരുടെയും സര്‍വ്വവിധ പിന്തുണയോടെയുമാണ് ചാനല്‍ പ്രവര്‍ത്തം ആരംഭിക്കുന്നത്.

പൊതുസമൂഹത്തിന് മുമ്പില്‍സഭയെ അപഹാസ്യമായി ചിത്രീകരിക്കുന്ന വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുകയും അര്‍ദ്ധസത്യങ്ങളും വളച്ചൊടിച്ച സത്യങ്ങളും ചേരുംപടി ചേര്‍ത്ത് ഊതിവീര്‍പ്പിച്ച കള്ളക്കഥകള്‍ സഭയുടെയും സഭാപിതാക്കന്മാരുടെയും വൈദിക സന്യസ്തരുടെയും പേരില്‍ പെരുകിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് സത്യത്തിന്റെ പക്ഷം പിടിച്ച് സഭയോടൊത്തുള്ള മാധ്യമദര്‍ശനങ്ങളാണ് ഷെക്കീന അവതരിപ്പിക്കുന്നതെന്ന് ബ്ര. സന്തോഷ് കരുമത്ര മരിയന്‍ പത്രത്തോട് വ്യക്തമാക്കി. നന്മയുടെയും സത്യത്തിന്റെയും വാര്‍ത്തകള്‍ ക്രിസ്തീയവീക്ഷണത്തോട് ചേര്‍ന്നുനിന്നുകൊണ്ട് അവതരിപ്പിക്കാനാണ് ഇതിന്റെ പിന്നണിപ്രവര്‍ത്തകര്‍ ലക്ഷ്യം വയ്ക്കുന്നത്.

19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്ര. സന്തോഷ് കരുമത്ര ആരംഭിച്ചതാണ് ഷെക്കീന മി്‌നിസ്ട്രി. തീക്ഷ്ണമതിയും ഊര്‍ജ്ജ്വസ്വലനുമായ സുവിശേഷപ്രഘോഷകന്‍ എന്ന നിലയില്‍ കേരള സഭയ്ക്ക് മുഴുവന്‍ അഭിമാനമായ വ്യക്തിയാണ് ബ്ര.സന്തോഷ് കരുമത്ര.

നിലവില്‍ ശാലോം ടിവി കേരളസഭയുടെ ആത്മീയചാനലായി അവതരിപ്പിക്കാറുണ്ടെങ്കിലും ശാലോം ടിവിക്ക് ഇതുവരെ ന്യൂസ് ലൈസന്‍സ് കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ വാര്‍ത്തകളോ വാര്‍ത്താധിഷ്ഠിത പ്രോഗ്രാമുകളോ ശാലോമില്‍ പ്രത്യക്ഷപ്പെടില്ല. പക്ഷേ ഷെക്കീന ചാനല്‍ ഒരേ സമയം വാര്‍ത്താ ചാനലും വിനോദ ചാനലും ആയതുകൊണ്ട് സഭാവാര്‍ത്തകളുടെ സത്യസന്ധമായ മുഖം പ്രതീക്ഷിക്കാം. പ്രാര്‍ത്ഥനകളോടെ നമുക്ക് ഈ മിനിസ്ട്രീയെ വരവേല്ക്കുകയും ചെയ്യാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.