ആത്മീയമായി നിങ്ങള്‍ കെട്ടപ്പെട്ട അവസ്ഥയിലാണോ, ഇതാ ഈ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് നോക്കിയാല്‍ മതി

ആത്മാവിന് നേരെ ഉയരുന്ന ആക്രമണങ്ങളെക്കുറിച്ച് ഓരോ വിശ്വാസിയും ബോധവാന്മാരായിരിക്കേണ്ടതാണ്. ഈ ആക്രമണങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ നമുക്ക് ഉണ്ടാകുന്നില്ലെങ്കില്‍ നമ്മുടെ ആത്മീയജീവിതം അപകടത്തിലാകും. ഇതാ ഈ ലക്ഷണങ്ങള്‍ നമ്മുടെ വ്യക്തിജീവിതത്തിലും ആത്മീയജീവിതത്തിലും ഉണ്ടോയെന്ന് പരിശോധിക്കുക.

ദൈവപ്രമാണങ്ങളില്‍ നിന്ന് വ്യതിചലിക്കാനുള്ള പ്രവണത.

ഏദെന്‍തോട്ടത്തില്‍ സസന്തോഷം ജീവിച്ചിരുന്ന ആദത്തെയും ഹവ്വയെയും ദൈവികപ്രമാണങ്ങളില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ സാത്താന്‍ ശ്രമിച്ചതായും അതില്‍ വിജയിച്ചതായും നമുക്കറിയാം. ഇത്തരമൊരു പ്രലോഭനം സാത്താന്‍ നമുക്കും വച്ചുനീട്ടുന്നുണ്ട്. ദൈവികപ്രമാണങ്ങള്‍ പാലിക്കേണ്ടതില്ലെന്നും അവയ്ക്ക് അര്‍ത്ഥമില്ലെന്നുമുള്ള തോന്നല്‍ സാത്താന്‍ തരുന്നുണ്ടോ..എങ്കില്‍ നമ്മുടെ ആത്മീയജീവിതത്തെ അവന്‍ ആക്രമിക്കാനുള്ള തത്രപ്പാടിലാണ്. സൂക്ഷിച്ചിരിക്കുക.

അകാരണമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഉത്കണ്ഠ

സാത്താന്‍ ഒരിക്കലും നമുക്ക് ഉളളില്‍ സമാധാനം നല്കുകയില്ല. ടെന്‍ഷനും ആകുലതയും തന്ന്, സംഘര്‍ഷങ്ങള്‍ സമ്മാനിച്ച് നമ്മുടെ സമാധാനം തകര്‍ക്കുന്നതില്‍ സാത്താന്‍ ഉത്സുകനാണ്. അകാരണമായ വിഷയങ്ങള്‍ സൃഷ്ടിച്ച് നമ്മുടെ സമാധാനം സാത്താന്‍ തകര്‍ക്കുന്നുണ്ടെങ്കില്‍ അവയും നമ്മുടെ ആത്മാവിന് നേരെ ഉയര്‍ത്തുന്ന ആക്രമണമാണെന്ന് മനസ്സിലാക്കുക.

വിലയില്ലാത്തവരാണെന്ന തോന്നല്‍

ദൈവികഛായയിലാണ് നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നാം ദൈവികമക്കളാണ്. ഇതാണ് നമ്മുടെ വ്യക്തിത്വം. എന്നാല്‍ ഈ വ്യക്തിത്വത്തെ വികലമാക്കുന്ന വിധത്തില്‍ നമുക്ക് വിലയില്ലെന്നും നാം നിസ്സാരരാണെന്നുമുള്ള അധമബോധം നല്കി നമ്മെ അപകര്‍ഷതയിലേക്ക് തള്ളിയിടാന്‍ സാത്താന്‍ ശ്രമിക്കാറുണ്ട്. ഇതും സാത്താന്‍ നടത്തുന്ന ആക്രമണമാണ്. ഇതിനെതിരെയും നാം ജാഗരൂകരായിരിക്കണം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.