മനസ്സിന്റെയും ശരീരത്തിന്റെയും വിശുദ്ധിക്കുവേണ്ടി ആഗ്രഹമുണ്ടോ, വിശുദ്ധ അലോഷ്യസ് ഗോണ്‍സാഗയോട് പ്രാര്‍ത്ഥിക്കൂ

ശരീരം കൊണ്ടും മനസ്സു കൊണ്ടും പലവിധത്തില്‍ പാപം ചെയ്തിട്ടുളളവരാണ് നാം എല്ലാവരും തന്നെ. ഒരുപക്ഷേ ശരീരം കൊണ്ടു ചെയ്യുന്നതിനെക്കാളേറെ മനസ്സില്‍ ദുഷ്ചിന്തകള്‍ ചുമന്നു നടക്കുന്നവരുമായിരിക്കാം നമ്മള്‍. പലപ്പോഴും ചിന്തകളാണ് നമ്മെ വഴിതെറ്റിക്കുന്നത്.

ആഗ്രഹങ്ങളാണ് പ്രവൃത്തിപഥത്തിലെത്തുന്നത്. അതുകൊണ്ട് മനസ്സിന്റെ വിശുദ്ധിയും നൈര്‍മ്മല്യവും പ്രധാനപ്പെട്ട കാര്യമാണ്. ഇക്കാര്യത്തില്‍ വിശുദ്ധ അലോഷ്യസ് ഗൊണ്‍സാഗയുടെ മാധ്യസ്ഥത്തിന് വലിയശക്തിയുണ്ട്.

മനസ്സിന്റെയും ശരീരത്തിന്റെയും വിശുദ്ധിയുടെ പേരില്‍ സഭ ഉയര്‍ത്തിക്കാണിക്കുന്ന ഒരു മികച്ച മാതൃകയാണ് അലോഷ്യസ് ഗോണ്‍സാഗ. 23 വയസുവരെ മാത്രമേ ഈ വിശുദ്ധന്‍ ജീവിച്ചിരുന്നുള്ളൂ. വൈദികനാകണമെന്നതായിരുന്നു അലോഷ്യസിന്റെ എന്നത്തെയും ഏറ്റവും ശക്തമായ ആഗ്രഹം. പക്ഷേ അത് സാധിക്കുന്നതിന് മുമ്പ് അലോഷ്യസ് ദൈവത്തിന്റെ പക്കലേക്ക് യാത്രയായി.

ഭൂമിയിലെ പരിമിതമായ ജീവിതത്തിനിടയില്‍ മനസ്സുകൊണ്ടോ ശരീരം കൊണ്ടോ ഒരുപാപവും അലോഷ്യസ് ചെയ്തിട്ടില്ല. യുവജനങ്ങളുടെ പ്രത്യേക മധ്യസ്ഥനായാണ് സഭ അലോഷ്യസിനെ പ്രഖ്യാപിച്ചിരിക്കുന്നത്. തിന്മയുടെ സ്വാധീനത്തില്‍ കഴിയുന്ന യുവജനങ്ങള്‍ക്കുവേണ്ടി മാതാപിതാക്കളും മുതിര്‍ന്നവരും അലോഷ്യസ് ഗൊണ്‍സാഗയുടെ മാധ്യസ്ഥം തേടുന്നത് ഫലദായകമാണ്.

അതോടൊപ്പം നമ്മുടെ മനസ്സിന്റെയും ശരീരത്തിന്റെയും വിശുദ്ധിക്കുവേണ്ടി അലോഷ്യസ് ഗൊണ്‍സാഗയോട് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.