ഇരുന്നാല്‍ അവന്‍ വിളമ്പും… മനസ്സ് നിറയ്ക്കുന്ന ഗാനവുമായി വീണ്ടും ഗോഡ്‌സ് മ്യൂസിക്

മലയാളികളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ച ഗാനങ്ങളാണ് ഗോഡ്‌സ് മ്യൂസിക്കിന്റേത്. ഇതിന്റെ അമരക്കാരായ എസ് തോമസിന്റെയും ലിസിയുടെയും ഗാനങ്ങളിലൂടെ കടന്നുപോകുന്ന സ്ഥിരം ശ്രോതാവ് തിരിച്ചറിയുന്ന സത്യമാണ് അത്. ലളിതമായ വരികള്‍. ഹൃദ്യമായ ഈണം. സ്വന്തം കഴിവിനെ ആശ്രയിക്കാതെ ദൈവത്തില്‍ ആശ്രയിച്ചാണ് ഈ ഗാനദമ്പതികള്‍ തങ്ങളുടെ രചനകള്‍ നിര്‍വഹിച്ചിരിക്കുന്നത്.

അതുകൊണ്ടുതന്നെ അലൗകികമായ ഒരുതലം ഈ ഗാനങ്ങളിലെല്ലാമുണ്ട്. അനുവാചകനെ കുറച്ചുകൂടി ദൈവാഭിമുഖമാക്കുവാന്‍, വചനബന്ധിയായ ജീവിതം നയിക്കാന്‍ സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗാനങ്ങളാണ് ഇവരുടേത്. ഈ പൊതുതത്വം ഒരിക്കല്‍ക്കൂടി ബാധകമായിരിക്കുകയാണ് ഇരുന്നാല്‍ അവന്‍വിളമ്പും എന്ന ഏറ്റവും പുതിയ ഗാനത്തില്.

അഞ്ചപ്പവും രണ്ടുമീനും കൊണ്ട് അയ്യായിരങ്ങളെ തീറ്റിപ്പോറ്റിയ വചനഭാഗത്തിന്റെ ഓര്‍മ്മയാണ് ഈ ഗാനം നമ്മില്‍ ഉണര്‍ത്തുന്നത്.ക്രിസ്തുവിന്റെ മുമ്പിലിരിക്കുവാനുളള ക്ഷണമാണ് ഈ ഗാനം ശ്രോതാക്കള്‍ക്ക് നല്കുന്നത്.

എസ്. തോമസ് രചനയും ഈണവും നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനാവുകയും പിന്നീട് വൈദികവൃത്തി തിരഞ്ഞെടുക്കുകയും ചെയ്ത ബിബിന്‍ ജോര്‍ജാണ്.ഫാ. ബിബിന്റെ സ്വര്‍ഗ്ഗീയസ്പര്‍ശം ഈ ഗാനത്തിലുംപ്രകടമാണ്. പ്രിന്‍സ് ജോസഫിന്റേതാണ് ഓര്‍ക്കസ്‌ട്രേഷന്‍.

പ്രാര്‍ത്ഥനപോലെ അനുഭവം സമ്മാനിക്കുന്ന ഈ ഗാനം കേള്‍ക്കാന്‍ ലിങ്ക് ചുവടെ കൊടുക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.