മാതാവിനോട് ചേര്‍ന്ന് ദൈവത്തിന് നന്ദി പറയുന്ന യൗസേപ്പിതാവ്

ദൈവപുത്രന്റെ വളര്‍ത്തുപിതാവാകാന്‍ ദൈവം തനിക്ക് നല്കിയ അനുഗ്രഹങ്ങളെയോര്‍ത്ത് വിശുദ്ധ യൗസേപ്പിതാവ് എന്നും സന്തോഷിച്ചിരുന്നു.

യൗസേപ്പ് തന്നോട് തന്നെ ഇപ്രകാരം പറയുമായിരുന്നുവത്രെ. ജോസഫേ, എത്ര വലിയ അനുഗ്രഹമാണ് നിനക്ക് കൈവന്നിരിക്കുന്നത്. എത്രയോ ഭാഗ്യവാനാണ് നീ. തലമുറ തലമുറകളായി കാത്തിരുന്ന മിശിഹായോടും അവന്റെ അമ്മയോടുമൊത്ത് ജീവിക്കാനുള്ള ഭാഗ്യം എത്രയോ ആനന്ദദായകവും അനുഗ്രഹപൂര്‍ണ്ണവുമാണ്. ആ മിശിഹായോടുകൂടി പിതാക്കന്മാരു പ്രവാചകന്മാരും കാലാകാലങ്ങളായി കാണാന്‍ കൊതിച്ച മിശിഹായോടുകൂടി ജീവിക്കാനുള്ള കൃപ എത്രയോ മഹത്തരമാണ്. അതുമാത്രമാണോ അവതാരം ചെയ്ത വചനത്തിന്റെ അപ്പന്‍ എന്ന മഹാപദവി അലങ്കരിക്കാനുളഅള അപൂര്‍വ്വഭാഗ്യം ഭൂമിയില്‍ നിനക്ക് മാത്രമാണ് കൈവന്നിരിക്കുന്നത്.!

രക്ഷകനായ ഈശോയോടുള്ള സ്‌നേഹവും കൃതജ്ഞതയും ഹൃദയത്തില്‍ ഇപ്രകാരം നിറഞ്ഞ യൗസേപ്പിതാവ് മറിയത്തിന്റെ കാല്ക്കല്‍ വീണ് തനിക്കു വേണ്ടി ദൈവത്തിന് നന്ദിപറയണമെന്ന് യാചിക്കുകപോലും ചെയ്തു. നമ്മുടെ രക്ഷകനായ ദൈവപുത്രന്റെ മാതാവായ എന്റെ ഭാര്യേ, എനിക്ക് വേണ്ടി കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കണം. നിന്റെ ഭര്‍ത്താവായിരിക്കാന്‍ എന്നെ തിരഞ്ഞെടുത്തതിനും ഇത്രമഹത്വപൂര്‍ണ്ണമായ പദവിയിലേക്ക് എന്നെ നിയോഗിച്ചതിനും എനിക്ക് വേണ്ടി നീ കര്‍ത്താവിനോട് നന്ദി പറയണം. ഞാന്‍ ഒറ്റയ്ക്ക എത്രമാത്രം കൃതജ്ഞതയര്‍പ്പിച്ചാലും അത് മതിയാവുകയില്ല.

ദൈവത്തിന്റെ വന്‍കൃപകളാല്‍ നിറഞ്ഞുകവിഞ്ഞ യൗസേപ്പിതാവിനെയാണ് നാം ഇവിടെ കാണുന്നത്. ദൈവത്തിന്റെ മഹത്തായ പ്രീതിക്ക് താന്‍ എങ്ങനെ അര്‍ഹനായിത്തീര്‍ന്നു എന്ന ചിന്ത യൗസേപ്പിതാവിനെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു. കാരണം അപാരമായ വിളിയും നിയോഗവുമാണല്ലോ യൗസേപ്പിതാവിന് ലഭിച്ചത്.
( അവലംബം: വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയയാത്ര)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.