യൗസേപ്പിതാവിന്റെ വണക്കമാസം 20 ാം തീയതി

“ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്, ജോസഫ്, ശിമയോന്‍, യൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരന്‍മാര്‍?” (മത്തായി 13:55).

വിശുദ്ധ യൗസേപ്പ് അനുഭവിച്ച ദുഃഖങ്ങളുടെ വ്യാപ്തി

“യേശു ശിഷ്യന്‍മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ” (മത്തായി 16:24). മിശിഹായേ അനുഗമിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാവര്‍ക്കും സഹനത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകും. വാസ്തവത്തില്‍ കുരിശുകള്‍ ഈശോയുമായിട്ടുള്ള ഐക്യത്തിനുളള ക്ഷണമാണ്. ദൈവമാതാവായ പ. കന്യക, അവിടുത്തെ പരിത്രാണന കര്‍മ്മത്തില്‍ സഹകരിച്ച് ഈശോമിശിഹായുടെ പീഡാനുഭവത്തില്‍ ഭാഗഭാക്കായി. അത് കൊണ്ട് അവള്‍ സഹരക്ഷക, വ്യാകുലാംബിക എന്നെല്ലാമുള്ള അഭിനന്ദനങ്ങള്‍ക്കര്‍ഹയായി. ജീവിതത്തിലെ സഹനങ്ങളിലൂടെ നാം മിശിഹായുടെ രക്ഷണീയ കര്‍മത്തില്‍ പങ്കുചേരുന്നത് വഴി നാം സഹരക്ഷകരായിത്തീരുന്നു.

ഈശോമിശിഹായുടെ വളര്‍ത്തുപിതാവായ മാര്‍ യൗസേപ്പു പിതാവ് സഹനങ്ങളെ സന്തോഷത്തോടെ ഏറ്റെടുത്ത വ്യക്തിയായിരിന്നു. തിരുക്കുടുംബം എല്ലാ വര്‍ഷവും പെസഹാത്തിരുന്നാളിനു ഓര്‍ശ്ലത്തെയ്ക്ക് തീര്‍ത്ഥയാത്ര നടത്തിയിരിന്നു. ഈശോയ്ക്ക് പന്ത്രണ്ട് വയസ്സായിരുന്നപ്പോള്‍ പതിവ് പോലെ അവര്‍ ഓര്‍ശ്ലം ദൈവാലയത്തിലേക്ക് ദൈവാരാധനയ്ക്കായി പുറപ്പെട്ടു. ദൈവാരാധന കഴിഞ്ഞ് എല്ലാവരും ഭവനങ്ങളിലേക്ക് മടങ്ങി. ദിവ്യകുമാരന്‍ മാത്രം ഓര്‍ശ്ലത്ത് വസിച്ചു.

അക്കാലഘട്ടങ്ങളില്‍, പുരുഷന്‍മാരും സ്ത്രീകളും രണ്ടു വഴിക്കാണ് യാത്ര കഴിക്കുക. ഒരു ദിവസത്തെ യാത്ര കഴിഞ്ഞാണ് അവര്‍ തമ്മില്‍ കണ്ടുമുട്ടുന്നത്. അതിനാല്‍ തന്നെ ഉണ്ണിമിശിഹാ മാതാവിന്‍റെ കൂടെ ഉണ്ടായിരിക്കുമെന്ന് വി. യൗസേപ്പും, വളര്‍ത്തുപിതാവിന്‍റെ കൂടെ ഉണ്ടായിരിക്കും എന്ന്‍ പ. കന്യകയും വിചാരിച്ചിരിക്കണം. കൂടാതെ കുട്ടികളും സംഘം ചേര്‍ന്നാണ് യാത്ര തിരിക്കുക. അക്കൂട്ടത്തില്‍ ഈശോ ഉള്‍പ്പെട്ടിരിക്കാമെന്നും ആ മാതാപിതാക്കള്‍ കരുതിയിട്ടുണ്ടാവാം. ഏതായാലും ഒരു ദിവസത്തെ യാത്രയ്ക്കു ശേഷമാണ് ദിവ്യസുതന്‍ തങ്ങളോടു കൂടി ഇല്ലെന്നുള്ള വസ്തുത കന്യാംബികയും വിശുദ്ധ യൗസേപ്പും മനസ്സിലാക്കുന്നത്.

വി. യൗസപ്പ് വളര്‍ത്തുപിതാവാണെങ്കിലും പിതൃനിര്‍വിശേഷമായ സ്നേഹം ഈശോയോടുണ്ടായിരുന്നു. അതിനാല്‍ മാര്‍ യൗസേപ്പും കന്യകാമേരിയും കൂടി ദിവ്യസുതനെ അന്വേഷിച്ചു പുറപ്പെട്ടു. ബന്ധുക്കളുടെയും പരിചിതരുടെയും ഇടയില്‍ ഉണ്ണിമിശിഹായെ അന്വേഷിച്ചു. തങ്ങളുടെ ഉത്തരവാദിത്വരഹിതമായ പ്രവൃത്തിയോ, അനാസ്ഥയോ നിമിത്തമാണോ ദിവ്യകുമാരന്‍ തങ്ങളെ ഉപേക്ഷിച്ചത് എന്നുള്ള സംശയവും ഭയവും അവര്‍ക്കുണ്ടായിരുന്നിരിക്കാം.

പ്രിയ മകനേ കാണാതാകുമ്പോള്‍ മാതാപിതാക്കന്മാര്‍ക്ക് ഉണ്ടാകുന്ന ഹൃദയവേദന എത്ര കഠിനമായിരിക്കുമെന്ന് ഒന്നു ചിന്തിച്ച് നോക്കുക. ഏതായാലും മൂന്നാം ദിവസം ദേവാലയത്തില്‍ വച്ച് നിയമജ്ഞരുമായി തര്‍ക്കിക്കുന്ന രംഗമാണ് അവര്‍ കാണുന്നത്. പരിശുദ്ധ അമ്മ ഖേദം നിറഞ്ഞ സ്വരത്തില്‍ ഇപ്രകാരം ചോദിച്ചു. “മകനെ, നീ എന്തുകൊണ്ടാണ് ഇപ്രകാരം ചെയ്തത്. ഞാനും നിന്‍റെ പിതാവും ദുഃഖത്തോടുകൂടി നിന്നെ അന്വേഷിക്കുകയായിരുന്നു.” അപ്പോള്‍ ഈശോ ഇപ്രകാരം അരുളിച്ചെയ്തു. “നിങ്ങള്‍ എന്തുകൊണ്ട് എന്നെ അന്വേഷിച്ചു. ഞാന്‍ എന്‍റെ പിതാവിന്‍റെ ഭവനത്തിലായിരിക്കേണ്ടയോ?”

വിശുദ്ധ യൗസേപ്പിന്‍റെ ദുഃഖം അഗാധമായിരുന്നു എന്ന്‍ ദിവ്യജനനി തന്നെ പറയുന്നു. എങ്കിലും ഈശോയെ കണ്ടപ്പോള്‍ അവരുടെ ദുഃഖമെല്ലാം മാറി. നമ്മുടെ ജീവിതത്തിലെ ക്ലേശങ്ങളില്‍ ഭാഗ്നാശരാകാതെ ദൈവത്തെ അന്വേഷിക്കുന്നെങ്കില്‍ ദൈവം നമ്മെ സഹായിക്കും. മാര്‍ യൗസേപ്പിന്‍റെ മാതൃക നമുക്ക് സഹനത്തെ പ്രശാന്തമായി അഭിമുഖീകരിക്കുവാനുള്ള പ്രചോദനം നല്‍കുന്നു.

സംഭവം

പേരുകൊണ്ടു മാത്രം ക്രിസ്ത്യാനിയായ ഒരു ധനികന്‍ ജീവിച്ചിരുന്നു. അയാള്‍ ഒരു ബസ് വാങ്ങി. ജോസഫ് എന്ന പേരോടു കൂടിയ യൗസേപ്പിതാവിന്‍റെ ഒരു ഭക്തനായിരുന്നു ബസ്സിന്‍റെ ആദ്യത്തെ ഉടമ. ബസ്സില്‍ സെന്‍റ് ജോസഫ് എന്ന പേര് പെയിന്‍റ് ചെയ്തിരുന്നു. മത തീക്ഷ്ണതയോ വിശ്വാസത്തിന്‍റെ കണിക പോലുമില്ലാത്ത പുതിയ ഉടമസ്ഥന്‍ ബസിന്‍റെ പേരു മായിച്ചുകളയുകയും തനിക്ക് തോന്നിയ ഓമനപ്പേര് ബസ്സിനു നല്‍കുകയും ചെയ്തു. എന്നാല്‍ ആ ബസ്സിലെ ഡ്രൈവര്‍ അക്രൈസ്തവനായ ഒരു‍ വ്യക്തിയായിരുന്നു. അയാള്‍ ബസ് ഓടിക്കുമ്പോള്‍ വി. യൗസേപ്പിന്‍റെ പടം അതില്‍ തൂക്കിയിടുക പതിവായിരുന്നു. അങ്ങനെയിരിക്കെ അവിചാരിതമായി ഒരു അപകടം ഉണ്ടായി. മലഞ്ചെരിവിലൂടെ അനേകം ആളുകളെ കയറ്റിക്കൊണ്ടുപോയ ബസ് കൊക്കയിലേക്ക് വീണു.

ഇരുന്നൂറ് അടിയോളം താഴ്ചയുള്ള അഗാധ ഗര്‍ത്തത്തിലേക്കാണ് ബസ് വീണത്. അത്ഭുതമെന്നു പറയട്ടെ. അതിലുണ്ടായിരുന്നവര്‍ക്ക് യാതൊരു കേടുപാടുകളുമുണ്ടായില്ല. ബസ്സിനു ചില്ലറ പരിക്കുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതില്‍ വിസ്മയം പൂണ്ട ആളുകളോട് കേവലം ക്രിസ്ത്യാനിപോലുമല്ലാത്ത ഡ്രൈവര്‍ പറഞ്ഞത് ശ്രദ്ധേയമാണ്. “ഞാന്‍ ക്രിസ്തുമത വിശ്വാസിയല്ലെങ്കിലും യേശുവിനെ എനിക്ക് വിശ്വാസമുണ്ട്. യേശുവിനെയും യേശുവിന്‍റെ അമ്മയേയും പരിപാലിച്ച ഈ പുണ്യദേഹം നമ്മെ കാത്തുകൊള്ളുമെന്നതില്‍ സംശയത്തിന് അവകാശമില്ല. അക്രൈസ്തവനായ ആ മനുഷ്യന്‍റെ വാക്കുകള്‍ കേട്ട മാത്രയില്‍ ശ്രോതാക്കള്‍ വിസ്മയിച്ചു എന്നു മാത്രമല്ല, ഭക്തകാര്യങ്ങളില്‍ ഉദാസീനനായിരുന്ന ബസ്സുടമ മാര്‍ യൗസേപ്പിതാവിന്‍റെ ഉത്തമഭക്തനായിത്തീരുകയും ചെയ്തു.

ജപം

മാര്‍ യൗസേപ്പിതാവേ, ഉണ്ണിമിശിഹായെ പന്ത്രണ്ടാമത്തെ വയസ്സില്‍ കാണാതെ പോയപ്പോള്‍ അവിടുന്ന്‍ സീമാതീതമായ ദുഃഖം അനുഭവിച്ചുവല്ലോ. ഞങ്ങള്‍ പാപത്താല്‍ ദൈവത്തെ നഷ്ടപ്പെടുത്തുമ്പോള്‍ ഉത്തമ മനസ്താപത്തോടുകൂടി അവിടുത്തെ അന്വേഷിക്കുവാനും അങ്ങുമായി രമ്യപ്പെട്ട് ഉത്തമമായ ക്രിസ്തീയ ജീവിതം നയിക്കുവാനുമുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കേണമേ. ജീവിത ക്ലേശങ്ങളില്‍ ഭാഗ്നാശരാകാതെ ദൈവസഹായത്തോടുകൂടി അതിനെ അതിജീവിക്കുവാനുള്ള ധൈര്യവും സ്ഥിരതയും ഞങ്ങള്‍ പ്രാപിക്കട്ടെ. ഈശോയെ അനുഗമിക്കുവാന്‍ കുരിശുകള്‍ സഹായകരമാണെന്ന് ഞങ്ങളെ പഠിപ്പിക്കേണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ,

(മിശിഹായെ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെയെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം

മാര്‍ യൗസേപ്പേ, ഞങ്ങള്‍ കുരിശുകള്‍ സഹിച്ച് ഈശോയെ അനുഗമിക്കുവാന്‍ സഹായിക്കണമേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.