മറിയത്തെ വിളിച്ചപേക്ഷിക്കേണ്ടത് സകല ക്രിസ്ത്യാനികളുടെയും കടമ

മഹിമപ്രതാപം അനുഭവിക്കുന്ന മഹാ പരിശുദ്ധയായ കന്യകാമറിയത്തിന്റെ സ്മരണ കൂടെക്കൂടെ നവീകരിച്ചു ശിശുസഹജമായ ആശ്രിതബോധത്തോടെ ആ അമ്മയുടെ മാതൃസംരക്ഷണത്തിന് തങ്ങളെ ഭരമേല്പിക്കുക എന്നത് സകലരും പരിശീലിക്കേണ്ട രക്ഷാകരമായ ഒരു ഭക്തകൃത്യമാകുന്നു.

മറിയമെന്ന മധുരനാമം ആവര്‍ത്തിച്ചുച്ചരിക്കുന്നതില്‍ നിന്ന് മനസ്സിന്നുറപ്പും ധൈര്യവും സിദ്ധിക്കുന്നു. കഷ്ടപ്പെടുന്നവരുടെയും നന്മനസോടെ ക്ലേശഭാരം സഹിക്കുന്നവരുടെയും മേല്‍ പ്രസാദസംദായകമായ ആശിസു തന്റെ ദിവ്യപുത്രനില്‍ നിന്ന് പ്രാപിച്ചു ചൊരിയുവാന്‍ മറിയം സദാ സന്നദ്ധയുമാണ്.
വാസ്തവത്തില്‍ മറിയം സ്വര്‍ഗ്ഗത്തിലിരുന്ന് അപേക്ഷിക്കുന്നില്ലായിരുന്നുവെങ്കില്‍ ഇത്രയധികം പാപങ്ങളുടെയും വഷളത്തങ്ങളുടെയും മധ്യേ ലോകത്തിനെന്തു സംഭവിക്കുമായിരുന്നു.
 

മറിയത്തെ വിളിച്ചപേക്ഷിക്കേണ്ടത് സകല ക്രിസ്ത്യാനികളുടെയും കടമയാണ്. ഭക്താത്മാക്കള്‍ക്കും സന്യാസികള്‍ക്കും ഇതൊരു പ്രത്യേക ചുമതലയാണ്.

എന്തെന്നാല്‍ ലോകത്തെയും അതിലുള്‍പ്പെട്ട സകല വസ്തുക്കളെയും പരിത്യജിച്ചുകൊണ്ട് സുകൃതങ്ങള്‍ അഭ്യസിക്കാനും പുണ്യപൂര്‍ണ്ണത പ്രാപിക്കാന്‍ ഉത്സാഹിക്കാനും നിയുക്തരാണവര്‍. എന്നാല്‍മറിയത്തോട് നമ്മള്‍ അപേക്ഷിക്കേണ്ടതെന്തെല്ലാമാണ്?

ഒന്നാമത് നമ്മുടെ പാപങ്ങള്‍ക്ക് മോചനം. രണ്ടാമത് എളിമ പരിശീലിക്കാനുള്ള വിശേഷസഹായം. ദൈവത്തിന് പ്രസാദകരമായത് ഹൃദയതാഴ്മ മാത്രമാണല്ലോ? കൂടാതെയും ദാരിദ്ര്യം പരിശീലിക്കാനുള്ള അവസരങ്ങള്‍ നമ്മള്‍ ആഗ്രഹിക്കണം. നമുക്ക് ലഭിച്ചിട്ടുള്ള ദാനങ്ങളെക്കുറിച്ച് വ്യര്‍ത്ഥമായി അഭിമാനിക്കരുത്.

ഇതു കരുതാത്തപക്ഷം നമ്മള്‍ അനുഭവിക്കുന്ന ദാരിദ്ര്യം കൊണ്ടൊരു ഫലമുണ്ടാകയില്ല.
( മരിയാനുകരണത്തില്‍ നിന്ന്)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.