മക്കളെയോര്‍ത്ത് കണ്ണീരൊഴുക്കുന്നവരേ, നിങ്ങള്‍ക്ക് ഇതാ ആശ്രയിക്കാവുന്ന നല്ലൊരു മാധ്യസ്ഥ

പുറമേയ്ക്ക് സന്തോഷകരവും സംതൃപ്തരവുമായ കുടുംബം എന്ന നിലയില്‍ പ്രത്യക്ഷപ്പെടുമ്പോഴും പല കുടുംബങ്ങളുടെയും അകം പുകഞ്ഞുകൊണ്ടിരിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് മക്കളുടെ പെരുമാറ്റങ്ങളും ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളുമാകാം.

പാശ്ചാത്യജീവിതരീതിയില്‍ ആകൃഷ്ടരായി അനേകം യുവജനങ്ങള്‍ ഇന്ന് മാതാപിതാക്കളുടെ കണ്ണീരിന് കാരണക്കാരായി തീരുന്നുണ്ട്. ഇങ്ങനെ മക്കളെയോര്‍ത്ത് വിഷമിക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്ന എല്ലാ മാതാപിതാക്കള്‍ക്കും ശക്തമായ മാധ്യസ്ഥയാണ് വിശുദ്ധ മോനിക്ക. മറ്റേതൊരു വിശുദ്ധയെക്കാളും മോനിക്കായെ നമ്മള്‍ ഇക്കാര്യത്തില്‍ ആശ്രയിക്കുന്നത് നമുക്കറിവുള്ളതുപോലെ വഴിപിഴച്ചുപോയ ഒരു മകന്റെ അമ്മ കൂടിയായിരുന്നു അവള്‍ എന്നതുകൊണ്ടാണ്.

ഇന്ന് വേദപാരംഗതനായി തിരുസഭ വാഴ്ത്തുന്ന വിശുദ്ധ ആഗസ്തിനോസിന്റെ അമ്മയാണ് മോനിക്ക. പക്ഷേ പാപത്തിന്റെ ചെളിക്കുഴിയില്‍ വീണുപോയ ഒരു ഭൂതകാലമുണ്ടായിരുന്നു ആഗസ്തിനോസിന്. അപ്പോഴെല്ലാം മകന്റെ പുറകെ പ്രാര്‍ത്ഥനയുടെ തിരിവെട്ടവുമായി ആ അമ്മയുണ്ടായിരുന്നു.മോനിക്ക. മകന്റെ മാനസാന്തരത്തിന് വേണ്ടി മാത്രം ജീവിച്ചതുപോലെയുള്ള ഒരമ്മ. ഒടുവില്‍ മോനിക്കയുടെ പ്രാര്‍ത്ഥകള്‍ സഫലമായി എന്നത് തിരുസഭയുടെ ചരിത്രം.

അതുകൊണ്ടുതന്നെ മക്കളെയോര്‍ത്ത് തീ തിന്നുന്ന മാതാപിതാക്കന്മാരെല്ലാവരും വിശുദ്ധ മോനിക്കയോട് മാധ്യസ്ഥം യാചിക്കുക. വിശ്വാസത്തില്‍ നിന്ന് അകന്നുജീവിക്കുന്ന മക്കളുടെ മാതാപിതാക്കന്മാരുടെ മാധ്യസ്ഥയാണ് മോനിക്ക എന്നതും ഓര്‍മ്മിക്കുക. നമുക്ക് വിശുദ്ധ മോനിക്കായോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാം

വിശുദ്ധ ആഗസ്തിനോസിന്റെ അമ്മയും വിശുദ്ധയുമായ മോനിക്കായേ, മകന്റെ വഴിപിഴച്ച ജീവിതമോര്‍ത്ത് വേദന തിന്നവളേ ഞങ്ങളുടെ മക്കളുടെ വഴിപിഴച്ചുപോയ എല്ലാ അവസ്ഥകള്‍ക്കും വേണ്ടി ഞങ്ങളിതാ നിന്നോട് മാധ്യസ്ഥം യാചിക്കുന്നു. ഞങ്ങളുടെ മക്കളുടെ ജീവിതവഴികളില്‍ പ്രാര്‍ത്ഥനയുടെ വെളിച്ചവുമായി നീ കടന്നുചെല്ലണമേ.എല്ലാവിധ തിന്മകളില്‍ നിന്നും അവരെ മോചിപ്പിക്കണമേ.അവരുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഞങ്ങള്‍ക്ക് ഒരു മടുപ്പുമുണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ക്കുവേണ്ടിയും അപേക്ഷിക്കണമേ.

നിരന്തരമായ പ്രാര്‍ത്ഥനയിലൂടെ അസാധ്യമായി യാതൊന്നുമില്ലെന്നും പാപികളുടെ മാനസാന്തരത്തിനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം പ്രാര്‍ത്ഥനയാണെന്ന് ഞങ്ങളെ പഠിപ്പിച്ചുതരുകയും ചെയ്ത വിശുദ്ധ മോനിക്കായേ ഞങ്ങള്‍ക്കു വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കണമേ ആമ്മേന്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.