ജീവിതക്ലേശങ്ങളിലാണോ, അസാധ്യകാര്യങ്ങളുടെ മധ്യസ്ഥയായ ഈ വിശുദ്ധ നിങ്ങളെ സഹായിക്കും

പ്രതീക്ഷ നഷ്ടപ്പെട്ടവരും പ്രത്യാശ നശിച്ചവരുമായി ജീവിതത്തിലെ ചില അവസരങ്ങളിലൊക്കെ കടന്നുപോയിട്ടില്ലാത്തവര്‍ വളരെ കുറവായിരിക്കും. ആഗ്രഹിച്ചതുപോലെ കാര്യങ്ങള്‍ നടക്കുന്നില്ല, ചില പ്രത്യേക ആവശ്യങ്ങള്‍ പോലും നിറവേറ്റപ്പെടുന്നില്ല ഇങ്ങനെ പലവിധ കാരണങ്ങള്‍ കൊണ്ടും മനസ്സില്‍ നിരാശ നിറയാത്തവരായി ആരും തന്നെ കാണുകയില്ല.

എന്നാല്‍ ഇത്തരം അവസരങ്ങളിലൊക്കെ നമുക്ക് മുറുകെ പിടിക്കാന്‍ കഴിയുന്ന മാധ്യസ്ഥയാണ് വിശുദ്ധ റീത്ത. കാസിയായിലെ വിശുദ്ധ റീത്തായെ അസാധ്യകാര്യങ്ങളുടെ മാധ്യസ്ഥയായിട്ടാണ് തിരുസഭ വണങ്ങുന്നത്.

അസാധ്യകാര്യങ്ങള്‍ വിവാഹതടസം, സന്താനഭാഗ്യമില്ലായ്മ, മാതാപിതാക്കള്‍ എന്ന നിലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം വിശുദ്ധ റീത്തായുടെ മാധ്യസ്ഥം അത്ഭുതശക്തിയുള്ളതാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്.

റീത്തായുടെ ജീവിതം എങ്ങനെയുള്ളതായിരുന്നുവെന്ന് അറിയുമ്പോള്‍ ആ വിശുദ്ധയുടെ മാധ്യസ്ഥശക്തിയെക്കുറിച്ച് നമുക്ക് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. വിവാഹിതയായിരുന്നു റീത്ത. എന്നാല്‍ ക്രൂരനായിരുന്നു ഭര്‍ത്താവ്. ആ ദാമ്പത്യത്തില്‍ അവര്‍ക്ക് രണ്ടു മക്കളും ജനിച്ചു. മക്കളും സ്വഭാവികമായി അപ്പന്റെവഴിയെയായിരുന്നു.

എങ്കിലും റീത്താ ഭര്‍ത്താവിന്റെയും മക്കളുടെയും മാനസാന്തരത്തിന് വേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ആ പ്രാര്‍ത്ഥനകള്‍ക്ക് ദൈവം മറുപടി നല്കി. മാനസാന്തപ്പെട്ടാണ് ഭര്‍ത്താവും മക്കളും മരണമടഞ്ഞത്. അവരുടെ മരണത്തിന് ശേഷം റീത്താ അഗസ്‌ററീനിയന്‍ കന്യാസ്ത്രീയായി. ഈശോയുടെ പഞ്ചക്ഷതങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു.

അതുകൊണ്ട് കുടുംബത്തിലെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ മനസ്സ് തകര്‍ന്നിരിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇനിയെങ്കിലും റീത്താ പുണ്യവതിയുടെ മാധ്യസ്ഥം തേടാന്‍ മടിക്കരുത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.