എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം 25 ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി




എയ്‌ൽസ്‌ഫോർഡ്, കെന്റ് : പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താൽ അനുഗ്രഹീതവും വിശുദ്ധ സൈമൺ സ്റ്റോക്കിന്റെ പ്രവർത്തനഭൂമികയുമായിരുന്ന   എയ്‌ൽസ്‌ഫോർഡ് പ്രയറിയിലേക്ക് ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികൾ  ആണ്ടുതോറും നടത്തിവരാറുള്ള മരിയൻ തീർത്ഥാടനം 2019 മെയ് 25 ശനിയാഴ്ച നടക്കും. കഴിഞ്ഞ വർഷം മുതൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയാണ് ഈ തീർത്ഥാടനത്തിന് നേതൃത്വം നൽകുന്നത്. 

ഇംഗ്ലണ്ടിലെ  പ്രശസ്ത മരിയൻ തീർത്ഥാടനകേന്ദ്രമായ ഈ പുണ്യഭൂമിയിലേക്ക് എയ്‌ൽസ്‌ഫോർഡ് മാതാവിന്റെ മാധ്യസ്ഥം തേടി ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തുന്നത്. രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കഴിഞ്ഞ വർഷത്തെ തീർത്ഥാടനം വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പരിശുദ്ധ കന്യാമറിയം വിശുദ്ധ സൈമൺ സ്റ്റോക്കിന്  പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ പുണ്യഭൂമിയും, ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ  സങ്കേതവുമാണ് എയ്‌ൽസ്‌ഫോർഡ്. ഇംഗ്ലണ്ടിൽ  ഏറ്റവുമധികം മരിയഭക്തർ അനുഗ്രഹം തേടിയെത്തുന്ന  ഈ വിശുദ്ധാരാമത്തിലേക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലാണ് വിശ്വാസ തീർത്ഥാടനം നടക്കുന്നത്.

ഉച്ചക്ക് പന്ത്രണ്ടുമണിക്കു എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ  ജപമാലരാമത്തിലൂടെ നടത്തപെടുന്ന കൊന്തപ്രദിക്ഷണത്തിനു ശേഷം തീർത്ഥാടകർക്ക് കഴുന്ന്, മുടി എന്നിവ എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 1.15  ന്  പ്രശസ്ത വചനപ്രഘോഷകനും ഡിവൈൻ റിട്രീറ്റ്  സെന്റർ യുകെ ഡയറക്ടറുമായ ഫാ. ജോർജ് പനക്കൽ മരിയൻ പ്രഭാഷണം നടത്തും. അതിനുശേഷം വിശുദ്ധരുടെ രൂപം വെഞ്ചരിപ്പ്, പ്രസുദേന്തി വാഴ്ച എന്നിവ നടക്കും.

എയ്‌ൽസ്‌ഫോർഡ് കർമലീത്താ ആശ്രമത്തിലെ പ്രിയോർ റവ. ഫാ. ഫ്രാൻസിസ് കെംസ്‌ലി തീർത്ഥാടകരെ ഈ വിശുദ്ധ ഭൂമിയിലേക്ക്  സ്വാഗതം ചെയ്യും. ഉച്ചകഴിഞ്ഞ്  2 മണിക്ക്   ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ തിരുന്നാൾ കുർബാന നടക്കും. രൂപതയിലെ വികാരി ജനറാൾമാരും വിവിധ റീജിയനുകളിൽനിന്നും വിശ്വാസികൾക്കൊപ്പം എത്തുന്ന വൈദികരും  തിരുക്കർമ്മങ്ങൾക്ക് സഹകാർമ്മികരാകും.

വിശുദ്ധകുർബാനക്കു ശേഷം വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കർമ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാൾ പ്രദിക്ഷണം നടക്കും. പ്രദക്ഷിണത്തിനു ശേഷം വൈകിട്ട് 5 മണിക്ക് നടക്കുന്ന  സമാപന ആശീർവാദത്തോടെ ഈ വർഷത്തെ തീർത്ഥാടനത്തിന് സമാപനമാകും.

തീർത്ഥാടനത്തിനെത്തുന്നവർക്കായി കോച്ചുകളും കാറുകളും പാർക്ക് ചെയ്യുവാൻ പ്രത്യേക പാർക്കിംഗ് ഗ്രൗണ്ടും പാർക്കിംഗ് നിയന്ത്രിക്കുവാൻ പരിശീലനം ലഭിച്ച വോളണ്ടിയേഴ്‌സും ഉണ്ടാകും. തീർത്ഥാടകർക്ക്  മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിന് വിവിധ ഭക്ഷണ സ്റ്റാളുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

രൂപതയിലെ എല്ലാ മിഷൻ സെന്ററുകളുടെയും സംയുക്തമായ സഹകരണത്തോടെ നടത്തപ്പെടുന്ന തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി  ചീഫ് കോ-ഓർഡിനേറ്റർ ഫാ. ടോമി എടാട്ട്, ജനറൽ കൺവീനർമാരായ ഡീക്കൻ ജോയ്‌സ് പള്ളിക്കമ്യാലിൽ, ലിജോ സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. എല്ലാ വിശ്വാസികളെയും ശനിയാഴ്ച നടക്കുന്ന തീർത്ഥടനത്തിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി കമ്മറ്റി അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഡീക്കൻ ജോയ്‌സ് പള്ളിക്കമ്യാലിൽ (07832374201), ലിജോ സെബാസ്റ്റ്യൻ (07828874708)
അഡ്രസ്: The Friars, Aylesford Carmalite Priory,  Kent ME20 7BX

ഫാ. ബിജു കുന്നയ്ക്കാട്ട് PRO 



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.