കൊച്ചുത്രേസ്യായെ നോക്കി പുഞ്ചിരിച്ച മാതൃസ്വരൂപം

ചെറുപ്പം മുതല്‍ക്കേ പരിശുദ്ധ അമ്മയോട് ഭക്തിയും സ്‌നേഹവുമുള്ളവളായിരുന്നു കൊച്ചുത്രേസ്യ. അമ്മയിലൂടെ ഈശോയിലേക്ക് വളരുക എന്നതായിരുന്നു അവളുടെ പോളിസി. പെറ്റമ്മയായ വിശുദ്ധ സെലിന്‍ മരണമടഞ്ഞപ്പോള്‍ സ്വന്തം അമ്മയായി അവള്‍ സ്വീകരിച്ചത് പരിശുദ്ധ മറിയത്തെയായിരുന്നു. അത്രയ്ക്ക് അടുപ്പമായിരുന്നു അവള്‍ക്ക് പരിശുദ്ധ അമ്മയോട്. അതുപോലെ മാതാവിന്റെ കാശുരൂപം ധരിച്ചുനടക്കുന്നവളായിരുന്നു കൊച്ചുത്രേസ്യ. ജപമാല ഭക്തയുമായിരുന്നു.

മറിയത്തെ അവള്‍ അര്‍ഹിക്കുന്ന രീതിയില്‍ സ്‌നേഹിക്കാന്‍ നമുക്കാര്‍ക്കും കഴിയില്ല എന്നായിരുന്നു കൊച്ചുത്രേസ്യായുടെ വിശ്വാസം. അവളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം നടന്നത് മാതാവിന്റെ തിരുനാള്‍ ദിനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. 1888 ലെ മംഗളവാര്‍ത്താദിനത്തിലാണ് അവള്‍ മഠത്തില്‍ ചേര്‍ന്നത്. കാരുണ്യമാതാവിന്റെ തിരുനാള്‍ ദിനത്തില്‍ സഭാവസ്ത്രം സ്വീകരിച്ചു. മാതാവിന്റെ ജനനത്തിരുനാള്‍ ദിനത്തില്‍ വ്രതവാഗ്ദാനം നടത്തി.

ചെറുപ്പത്തിലെ ഒരു സംഭവം കൂടി പറയട്ടെ, പത്താമത്തെ വയസില്‍ അവള്‍ ഗുരുതരമായ രോഗത്തിന് അടിമയായി. വീട്ടില്‍ എല്ലാവരും അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥനയില്‍ മുഴുകി. ഒരുദിവസം പിതാവായ വിശുദ്ധ മാര്‍ട്ടിന്‍ അവളുടെ മുറിയില്‍ മാതാവിന്റെ ഒരു രൂപം കൊണ്ടുവന്ന് വച്ചതിന് ശേഷം കുര്‍ബാനയില്‍ പങ്കെടുക്കാനായി പോയി. മുറിയില്‍ ഒറ്റയ്ക്കായ കൊച്ചുത്രേസ്യാ നോക്കിയപ്പോള്‍ കണ്ടത് മാതാവിന്റെ തിരുസ്വരൂപം തന്നെ നോക്കി പുഞ്ചിരിക്കുന്നതാണ്. അതോടെ അവളുടെ രോഗവും ഇല്ലാതായി.

വിശുദ്ധ കൊച്ചുത്രേസ്യായെ പോലെ നമുക്കും മരിയഭക്തിയില്‍ വളരാം. അമ്മേ മാതാവേ വിശുദ്ധകൊച്ചുത്രേസ്യായ്ക്ക് അമ്മയായതുപോലെ ഞങ്ങളോരോരുര്‍ക്കും അമ്മ സ്വന്തം അമ്മയായി മാറണമേ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.